
പഠനത്തില്‍ മാത്രമല്ല, കൃഷിയിലും മികവ് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികളായ ജോസും സഹോദരി മെറിനും. കൃഷിക്കായി വീട്ടുമുറ്റം നെല്‍പ്പാടമാക്കിയിരിക്കുകയാണിവര്‍. കറുകുറ്റി എടക്കുന്ന് മാവേലി വീട്ടില്‍ ജോസഫ് ജോണ്‍സണിന്റെയും ജെയ്സിയുടെയും മക്കളാണ് ജോസും മെറിനും.
രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിലെ എം.എസ്.ഡബ്ല്യു. വിദ്യാര്‍ഥിയാണ് ജോസ്. സഹോദരി മെറിന്‍ സഹൃദയ കോളേജില്‍ ബയോ ടെക്നോളജി എന്‍ജിനീയറിങ് വിദ്യാര്‍ഥിയും. ഇവര്‍ വീട്ടുമുറ്റം നെല്‍പ്പാടമാക്കി മാറ്റിയപ്പോള്‍ സര്‍വ പിന്തുണയും നല്‍കി മാതാപിതാക്കളായ ജോണ്‍സണും ജെയ്സിയും ഒപ്പം നിന്നു.
കൊറോണക്കാലത്തെ വിരസതയില്‍ ഇരുവര്‍ക്കും കൃഷി ഉറ്റ ചങ്ങാതിയായി മാറി. 'ഉമ' നെല്ലാണ് കൃഷിയിറക്കിയിട്ടുള്ളത്. അരി ബിസിനസുകാരനായ ജോണ്‍സന്റെ പരിചയത്തില്‍ പാലക്കാട്ട് നിന്ന് ഇതിന്റെ ഞാറ്് സംഘടിപ്പിക്കുകയായിരുന്നു. ഹോളോ ബ്രിക്‌സ് കൊണ്ട് ബണ്ട് കെട്ടി, ടാര്‍പ്പായ വിരിച്ച് ചെളിയിട്ട് വെള്ളമൊഴിച്ച് മുറ്റം കണ്ടം പോലെയാക്കി. മൂന്നുദിവസം വെള്ളമൊഴിച്ച് നിര്‍ത്തി കൃഷിപ്പാടമാക്കി മാറ്റുകയായിരുന്നു.
വെള്ളം കെട്ടിനിര്‍ത്താനും പുറത്തേക്ക് ഒഴുക്കിക്കളയാനുമുള്ള സൗകര്യമുണ്ടെങ്കില്‍ മുറ്റത്തോ, ചട്ടിയിലോ ടെറസിലോ നന്നായി നെല്‍കൃഷി ചെയ്യാനാകുമെന്നും അങ്ങനെ വീട്ടാവശ്യത്തിനുള്ള അരി മായമില്ലാതെ ഉത്പാദിപ്പിക്കാനാകുമെന്നും ഇരുവരും പറയുന്നു.
Content Highlights: Jose and Marin turned the backyard into a paddy field