കറുകച്ചാല്‍: വേനല്‍ കനത്തതോടെ മേഖലയിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. ആശ്വാസമായി കുറച്ച് മഴ ലഭിച്ചെങ്കിലും ജാതിയും റബ്ബറുമടക്കമുള്ള തൈകള്‍ കരിഞ്ഞുണങ്ങി തുടങ്ങി. ജില്ലയുടെ കിഴക്കന്‍ മേഖലയായ കറുകച്ചാല്‍, നെടുംകുന്നം, കങ്ങഴ, മണിമല പ്രദേശങ്ങളില്‍ ഇപ്പോള്‍ റബ്ബറിനേക്കാള്‍ കൂടുതല്‍ ജാതിക്കൃഷിയാണുള്ളത്.

റബ്ബറിന്റെ വിലയിടിവ് കാരണം മരങ്ങള്‍ മുറിച്ചുനീക്കി ജാതിക്കൃഷി ആരംഭിച്ച കര്‍ഷകരാണ് പ്രതിസന്ധിയിലായത്. മറ്റ് വിളകളെക്കാള്‍ കൂടുതല്‍ വെള്ളം ആവശ്യമുള്ളതിനാല്‍ വേനല്‍ക്കാലത്ത് ജാതിക്ക് പരിചരണം ആവശ്യമാണ്.

ചെടിയുടെ ചുവട് തണുപ്പിക്കാന്‍ പച്ചിലയും വാഴക്കച്ചിയും പിണ്ടിയും ഉപയോഗിച്ച് പ്രത്യേകം പരിചരണം നല്‍കിയിട്ടും തൈകള്‍ ചുവടെ ഉണങ്ങുകയാണ്. നഴ്‌സറികളില്‍നിന്ന് വാങ്ങുന്ന മുന്തിയ ഇനം തൈകളാണ് പ്രദേശത്തെ കര്‍ഷകര്‍ നട്ടിട്ടുള്ളത്. അഞ്ഞൂറ് രൂപ മുതല്‍ മുകളിലേക്കാണ് തൈകളുടെ വില. പണിക്കൂലിയടക്കം ലക്ഷങ്ങള്‍ െചലവഴിച്ച കര്‍ഷകരാണ് കടുത്ത സമ്പത്തിക പ്രതിസന്ധിയിലായത്.

മിക്കവരും ഒന്നിടവിട്ട ദിവസങ്ങളില്‍ ചെടികള്‍ക്ക് വെള്ളം നനച്ചിരുന്നു. എന്നാല്‍ ജലക്ഷാമം രൂക്ഷമായതോടെ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണിവര്‍. റബ്ബര്‍ കര്‍ഷകരും ഇതേ അവസ്ഥയിലാണ്. തൈകള്‍ക്ക് വെള്ളമണ്ണ് പൂശുന്നതടക്കം നടത്തി പരിചരിക്കുന്നുണ്ടെങ്കിലും ചൂട് കൂടുതലായതിനാല്‍ ഭൂരിഭാഗവും വാടുകയും കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. ചൂട് കനക്കുന്ന സാഹചര്യത്തില്‍ ഭൂരിഭാഗം തൈകളും ഉണങ്ങാന്‍ സാധ്യതയുണ്ട്. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ കൃഷി പൂര്‍ണമായി നശിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

സാമ്പത്തികനഷ്ടമുണ്ടാക്കും

വെള്ളം അധികം ആവശ്യമുള്ള വിളയാണ് ജാതി. ചൂട് കൂടിയതോടെ തൈകള്‍ മിക്കതും വാടി പോകുന്നു. ഇത് തുടര്‍ന്നാല്‍ വന്‍ സാമ്പത്തികനഷ്ടമാകും കര്‍ഷകര്‍ക്ക്. -എബ്രഹാം ജോര്‍ജ് പൂവത്തിങ്കല്‍ (ജാതി കര്‍ഷകന്‍)