പ്രതീകാത്മക ചിത്രം | Photo: Arun SANKAR / AFP
വരിക്കച്ചക്കയ്ക്ക് വിപണിയേറെയുണ്ടെങ്കിലും ആവശ്യം നിറവേറ്റാന്‍ പറ്റാത്തതിനാല്‍ ചക്കപ്രേമികളുടെ കൂട്ടായ്മ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുന്നു. പ്ലാവ് കര്‍ഷകരുടെയും ചക്കക്കച്ചവടക്കാരുടെയും കയറ്റുമതിക്കാരുടെയും കൂട്ടായ്മയാണ് ആപ്പ് തയ്യാറാക്കുന്നത്. നിര്‍മിതബുദ്ധിയും ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയും ചേര്‍ത്ത് ഒരുക്കുന്ന ആപ്പില്‍ കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കച്ചവടക്കാരും കയറ്റുമതിക്കാരുമെല്ലാം ഇതിലുണ്ടാകും. വരിക്കച്ചക്കയും അതിന്റെ വകഭേദങ്ങളുമെല്ലാം ഇതില്‍ രേഖപ്പെടുത്താം. വിളവിനനുസരിച്ച് ആപ്പില്‍ വിവരങ്ങള്‍ പുതുക്കാം.
ചക്കവിപണനത്തിന് പ്രാധാന്യംകൊടുക്കുന്ന കര്‍ണാടക, ഒഡിഷ, മേഘാലയ, ത്രിപുര, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കു പുറമെ ഓസ്ട്രേലിയപോലെ ചക്കയ്ക്ക് ആവശ്യക്കാരേറെയുള്ള രാജ്യങ്ങളിലെ കച്ചവടക്കാരും അംഗങ്ങളാകും. തയ്യാറായിക്കഴിഞ്ഞ ആപ്പിന്റെ പരിശോധനാ ഘട്ടത്തിലാണിപ്പോള്‍. പോരായ്മകള്‍കൂടി പരിഹരിച്ച് പൂര്‍ണരൂപത്തിലാക്കിയശേഷം പേരിട്ട് അവതരിപ്പിക്കുമെന്ന് ചക്കയും ചക്കയില്‍നിന്നുള്ള ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്ന കൊല്ലത്തെ ചക്കമുക്കിന്റെ പ്രവര്‍ത്തകന്‍ ഷാജി പറഞ്ഞു.
ഏറെ പ്രത്യേകതകളുള്ള സദാനന്ദപുരം വരിക്കയുടെ മാതൃവൃക്ഷം കുണ്ടറയില്‍ ഉണ്ട്. അതുപോലെ ഓരോ പ്രദേശത്തെയും ചക്കയ്ക്ക് പ്രത്യേകതകള്‍ ഉണ്ടാകും. ഇത്തരം അറിവുകള്‍ ക്രോഡീകരിക്കാന്‍ കര്‍ഷകര്‍ക്ക് ഒരു വേദി എന്നനിലയിലാണ് ഈ കൂട്ടായ്മയും ആപ്പും പ്രവര്‍ത്തിക്കുക.
ചക്കയുടെ പ്രധാനകേന്ദ്രമാണ് കേരളം. സംസ്ഥാന ഫലമായി തിരഞ്ഞെടുത്തിട്ടുണ്ട്. പക്ഷേ, ഇതിന്റെ കൃഷി, വിപണന സാധ്യതകള്‍ മലയാളികളേക്കാള്‍ തിരിച്ചറിഞ്ഞിരിക്കുന്നത് മറ്റു സംസ്ഥാനങ്ങളാണെന്ന് ചക്കയെക്കുറിച്ച് ക്‌ളാസ്സെടുക്കാന്‍ മംഗലാപുരത്തെത്തിയ ഷാജി അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു.
കര്‍ണാടകയും ഒഡിഷയുമൊക്കെ പ്ലാവിന്‍തോട്ടങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുത്തുതുടങ്ങി. സമീപഭാവിയില്‍ അവര്‍ കേരളത്തെ കടത്തിവെട്ടും. കേരളത്തില്‍ ഇതിനകം 20-30 ഹെക്ടര്‍ പ്ലാവിന്‍ തോട്ടങ്ങളേ ആയിട്ടുള്ളൂ. കര്‍ണാടക, ഗോവ, തമിഴ്നാട് തുടങ്ങി ഇതരസംസ്ഥാനങ്ങളിലായി 15,000 ഹെക്ടര്‍ പ്ലാവിന്‍തോട്ടങ്ങളുണ്ട്.
ചക്കയില്‍ മുമ്പന്‍ മെക്‌സിക്കോ
ലോകത്തില്‍ ഏറ്റവുംകൂടുതല്‍ ചക്ക വിപണനം നടത്തുന്നത് മെക്‌സിക്കോയാണ്. 30 കൊല്ലമായി അവിടെ വാണിജ്യാടിസ്ഥാനത്തില്‍ തോട്ടങ്ങളുണ്ട്. മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളില്‍ ലക്ഷക്കണക്കിന് ഹെക്ടറില്‍ പ്ലാവിന്‍തോട്ടങ്ങളുണ്ട്.
Content Highlights: jackfruit app
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..