അഗ്രോ ഇൻഡസ്ട്രീസിന്റെ പൂപ്പത്തിയിലെ അടഞ്ഞുകിടക്കുന്ന ചക്കസംസ്കരണ ഫാക്ടറി
മാള: പറമ്പായ പറമ്പിലൊക്കെ കായ്ച്ചുകിടപ്പുണ്ട് ഒന്നാന്തരം ചക്ക. ചക്കയുടെ പോഷകഗുണത്തെയും ഔഷധഗുണത്തെയും കുറിച്ചൊക്കെ വാഴ്ത്തലുകള്‍ നടക്കുന്ന കാലവുമാണ്. പറഞ്ഞിട്ടെന്താ നാട്ടിലൊരു വിലയുമില്ല. അല്ലെങ്കില്‍ വലിയ സാധ്യത മുന്നില്‍ക്കണ്ടിരുന്ന, രാജ്യത്തെ പൊതുമേഖലയിലെ ആദ്യ ചക്കസംസ്കരണ ഫാക്ടറി ഇങ്ങനെ പൂട്ടിപ്പോകുമോ. ഫാക്ടറി പൂര്‍ണതോതിലാക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി പി. പ്രസാദ് മാര്‍ച്ച് 24-ന് പറഞ്ഞിരുന്നു. അടുത്ത മാസംതന്നെ തീരുമാനമായി-ഫാക്ടറി പൂട്ടി! ചെലവായ മൂന്നുകോടിയോളം രൂപ വെള്ളത്തില്‍.
ഇതൊക്കെയായിരുന്നു ലക്ഷ്യം
കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ കീഴില്‍ കാര്‍ഷിക സര്‍വകലാശാലയുടെ സാങ്കേതികവിദ്യയില്‍ ചക്കയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളായ പള്‍പ്പ്, നെക്റ്റാര്‍, മിഠായി, ജാക്ക്ഫ്രൂട്ട് ബാര്‍, ചക്കക്കുരു ഉത്പന്നങ്ങള്‍, ചക്കഹല്‍വ, ജാം, പൗഡര്‍ എന്നിവ നിര്‍മിക്കാനായിരുന്നു പദ്ധതി. പ്രാദേശികമായി ചക്ക സംഭരിക്കാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് അത് ഒഴിവാക്കി കരാര്‍ നല്കി. 2018 ഏപ്രിലില്‍ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ പ്രവര്‍ത്തനമൂലധനം 1.13 ലക്ഷം രൂപ മാത്രം. അത് ഇതുവരെ തിരിച്ചുകിട്ടിയിട്ടുമില്ല.
2020-21-ല്‍ സംഭരിച്ചത് അഞ്ചുടണ്‍ ചക്ക. ഈ വര്‍ഷം ഒന്നരലക്ഷംവരെ വിറ്റുവരവ് ലഭിച്ചപ്പോള്‍ ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കിയത് 12 ലക്ഷത്തോളം. പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ 500 കിലോ ശേഷിയുള്ള ഡ്രയര്‍ (ഇപ്പോഴുള്ളത് 20 കിലോഗ്രാം) ആണ് ഫാക്ടറിക്ക് വേണ്ടത്. ബോയ്ലറില്‍നിന്നുള്ള ചൂടുനിയന്ത്രണസംവിധാനം, വര്‍ക്ക് ഏരിയ, സ്റ്റോറേജ് സൗകര്യം എന്നിവയും വേണം.
തുടക്കം ഇങ്ങനെ...
മുന്‍മന്ത്രി വി.കെ. രാജനാണ് പദ്ധതിക്ക് തുടക്കമിട്ടത്. കുറഞ്ഞ വിലയില്‍ മറുനാട്ടിലേക്ക് കയറിപ്പോകുന്ന അവസ്ഥ മാറ്റാന്‍ 1997 ഒക്ടോബര്‍ ഒന്‍പതിന് പൂപ്പത്തിയിലെ ഒരേക്കറില്‍ പഴം-പച്ചക്കറി സംസ്കരണശാലയ്ക്ക് അന്നത്തെ കൃഷിമന്ത്രി കൃഷ്ണന് കണിയാംപറമ്പില്‍ കല്ലിട്ടു. പിന്നെ ഒന്നരപ്പതിറ്റാണ്ടോളം കാടുകയറിക്കിടന്നു.
2013 ഓഗസ്റ്റ് 19-ന് ചക്കസംസ്കരണ യൂണിറ്റിന്റെ നിര്‍മാണോദ്ഘാടനം അന്നത്തെ കൃഷിമന്ത്രി കെ.പി. മോഹനന് നിര്‍വഹിച്ചു. ഇതോടെ പ്രതീക്ഷയായി. അഗ്രോ ഫുഡ് പാര്‍ക്കിന്റെ ചക്കസംസ്കരണ-ഉത്പാദനകേന്ദ്രം 2016 മാര്‍ച്ച് ഒന്നിനു തുടങ്ങി. വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദനത്തിനായി 2018 ഏപ്രില്‍ ഏഴിന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം നടത്തി. എന്നാല്‍, ചക്കസംസ്കരണത്തിനും മൂല്യവര്‍ധിത ഉത്പന്നനിര്‍മാണത്തിനും വിപണനത്തിനും വ്യക്തതയുണ്ടായില്ല. മൂലധനവും ലഭിച്ചില്ല.
പൂട്ടിയത് എന്തുകൊണ്ട്?
ഔദ്യോഗിക വിശദീകരണം: പ്രധാനം സാമ്പത്തികപ്രതിസന്ധി. യന്ത്രങ്ങളുടെ തകരാര്‍, ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശിച്ച പണികള്‍ നടത്തിയില്ല തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അടച്ചിടാന്‍ ഉത്തരവിട്ടുവെന്ന് കോര്പറേഷന് ചെയര്മാന് വി. കുഞ്ഞാലി പറഞ്ഞു. അപാകം പരിഹരിച്ച് പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ അടുത്ത ബജറ്റില്‍ 1.75 കോടിയുടെ നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും വി.ആര്. സുനില്‍കുമാര്‍ എം.എല്‍.എ. അറിയിച്ചു.
Content Highlights: india's first public sector jackfruit processing factory closed for months loss of 3 crore rupees
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..