പത്തനംതിട്ട: സംസ്ഥാനത്ത് ഇക്കൊല്ലം നെല്‍ക്കൃഷിയില്‍ വര്‍ധന. 2017-18 വര്‍ഷം 2.20 ലക്ഷം ഹെക്ടര്‍ സ്ഥലത്താണു വിതച്ചത്. മുന്‍വര്‍ഷം വിസ്തൃതി 1.71 ലക്ഷം ഹെക്ടറായിരുന്നു. തരിശുകൃഷി വ്യാപിച്ചതാണു കാരണം. ഈവര്‍ഷം ഇതുവരെ 28,000 ഏക്കര്‍ തരിശുപാടങ്ങളിലാണു വിളവിറക്കിയത്. പോയവര്‍ഷം 13,000 ഏക്കറാണ് പുതുതായി കൃഷിചെയ്തത്.

അരലക്ഷം ഹെക്ടര്‍ പാടങ്ങളില്‍ക്കൂടി ഈ വര്‍ഷം കൃഷിയിറക്കിയെങ്കിലും വേനല്‍ കടുത്ത ഭീഷണിയായി നില്‍ക്കുന്നു. തരിശുനിലകൃഷി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കിലും ജലക്ഷാമം പ്രശ്നമാകും. ഒരുപ്പൂകൃഷി ഇരുപ്പൂവാക്കുന്നതിനും വേനല്‍ തടസ്സമായേക്കുമെന്നാണ് ആശങ്ക. വടക്കന്‍ജില്ലകളില്‍ തുലാമഴയില്‍ വന്ന കുറവാണ് മറ്റൊരു പ്രശ്നം.

കഠിനവരള്‍ച്ചയില്‍ 2016-17-ല്‍ നെല്‍ക്കൃഷിയില്‍ വലിയ കുറവു വന്നിരുന്നു. 2012 മുതല്‍ 2017 വരെയുള്ള അഞ്ചുവര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ കുറവായിരുന്നു ഇത്. 15-16 വര്‍ഷത്തെ അപേക്ഷിച്ച് 20.53 ശതമാനമാണ് കഴിഞ്ഞവര്‍ഷം കൃഷിയിലെ കുറവ്. 36891.22 ഹെക്ടര്‍ നെല്‍ക്കൃഷി നശിച്ചു. പാലക്കാട്ട് വെള്ളക്കുറവുമൂലം 13,990 ഹെക്ടര്‍ പാടത്ത് വിതയ്ക്കാനും പറ്റിയില്ല.

കൃഷി വിസ്തൃതി

വര്‍ഷം   വിസ്തൃതി (ഹെക്ടറില്‍) ഉത്പാദനം(ടണ്‍) എന്നീ ക്രമത്തില്‍

2012-13       197277                      508299

2013-14       199611                       564325

14-15         198159                       562092

15-16         196870                      549275

16-17           171398                   436483

17-18            220000                കണക്കായില്ല 

തരിശുകൃഷി തുടരും

സംസ്ഥാനത്തെ മുഴുവന്‍ തരിശുനിലങ്ങളും ഏറ്റെടുത്തു കൃഷിയിറക്കും. ഓര്‍ഡിനന്‍സ് പ്രകാരം കൃഷിചെയ്യാന്‍ തയ്യാറാകാത്ത നെല്‍പ്പാടമുടമകള്‍ക്കു നോട്ടീസ് നല്‍കും. 15 ദിവസത്തിനകം കൃഷിചെയ്യാന്‍ സന്നദ്ധതയറിയിച്ചാല്‍ ഒരു ഹെക്ടറിന് 30,000 രൂപ സഹായം നല്‍കും.

-മന്ത്രി വി.എസ്.സുനില്‍കുമാര്‍ (ആറന്മുള കൊയ്ത്തുത്സവത്തില്‍ പറഞ്ഞത്)