മൂന്നാറില്‍ സ്‌ട്രോബറി വിളവെടുപ്പ് ആരംഭിച്ചു. മൂന്നാര്‍-ഗ്രഹാംസ് ലാന്‍ഡ് റോഡില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ അഞ്ച് ഏക്കര്‍ സ്ഥലത്ത് നടത്തിയ സ്‌ട്രോബറി പഴങ്ങളാണ് വിളവെടുത്തുതുടങ്ങിയത്. പുണെയില്‍ നിന്നെത്തിച്ച അത്യുത്പാദനശേഷിയുള്ള നെബുല, കാമറോസ ഇനത്തില്‍പ്പെട്ട തൈകളാണ് ഇവിടെ കൃഷിചെയ്തിരിക്കുന്നത്. 

തൈകള്‍ നട്ട് ഒന്നര മാസത്തിനുള്ളില്‍തന്നെ കായ്ച്ചുതുടങ്ങുമെന്നതാണ് ഈ തൈകളുടെ പ്രത്യേകത. മാര്‍ച്ച് മുതല്‍ മേയ് വരെയാണ് ഇവയുടെ വിളവെടുപ്പ്. 400 രൂപയാണ് ഒരുകിലോ സ്‌ട്രോബറി പഴത്തിന്റെ വില. വലുപ്പക്കൂടുതലും അതിമധുരവുമാണ് ഈ പഴത്തിന്റെ മറ്റൊരു പ്രത്യേകത.

കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഒരുവര്‍ഷം മുമ്പ് മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി തോട്ടത്തില്‍നിന്ന് നേരിട്ട് പഴങ്ങള്‍ പറിച്ച് വിലനല്‍കുന്ന 'പിക് ആന്‍ഡ് പാക്ക്' പദ്ധതി ആരംഭിച്ചിരുന്നു. പദ്ധതിപ്രകാരം ഒട്ടേറെ സഞ്ചാരികളാണ് ദിവസവും ഇവിടെയെത്തി പഴങ്ങള്‍ പറിച്ചുകൊണ്ടുപോകുന്നത്. തോട്ടത്തില്‍ ബാക്കിവരുന്ന പഴങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് ടൗണിലെ വില്പനശാല വഴി നേരിട്ടുവില്‍ക്കുകയാണ്.

Content Highlights: Horticorp intent on promoting strawberry farming in Munnar