കാലംതെറ്റി പെയ്ത മഴയില്‍ ഓണാട്ടുകരയിലെ ചീരക്കൃഷിക്ക് വ്യാപകനാശം. മഴക്കാലത്ത് പടരുന്ന ഇലപ്പുള്ളിരോഗമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ചീരക്കര്‍ഷകര്‍ക്കുണ്ടായത്. വേനല്‍ക്കാലമാണ് ചീരക്കൃഷിക്ക് ഏറ്റവും അനുയോജ്യം. അതുകൊണ്ടുതന്നെ ഡിസംബര്‍മുതല്‍ ഏപ്രില്‍വരെയാണ് ചീര കൃഷിചെയ്യുന്നത്. ഇതില്‍ ഡിസംബറും ജനുവരിയുമാണ് ഏറ്റവും ഉത്തമം. പതിവിനു വിപരീതമായി ഈ മാസങ്ങളില്‍ പെയ്ത മഴ ചീരയുടെ വ്യാപകനാശത്തിനു കാരണമായി.

ഓണാട്ടുകരയില്‍ ഏറ്റവും കൂടുതല്‍ ചീര കൃഷിചെയ്യുന്നത് തഴവയിലാണ്. ചുവപ്പുചീര, പച്ചച്ചീര എന്നിവയാണ് തഴവയില്‍ അധികവും. ഇലവലുപ്പവും കടുംചുവപ്പുനിറവുമുള്ള തഴവ മെത്തച്ചീരയ്ക്ക് വിപണിയില്‍ വലിയ പ്രിയമാണ്. ഡിസംബര്‍മുതല്‍ ഏപ്രില്‍വരെയുള്ള അഞ്ചുമാസം നാലുലക്ഷം രൂപയ്ക്കുവരെ ചീര വില്‍ക്കുന്ന കര്‍ഷകര്‍ തഴവയിലുണ്ട്. എന്നാല്‍ ഇക്കുറി പാകമായി വരുന്നതിനുമുമ്പുതന്നെ രോഗം പിടിപെട്ടതിനാല്‍ ചെലവായ പണംപോലും തിരികെ ലഭിക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

ചീരക്കൃഷിക്ക് വലിയ കായികാധ്വാനം ആവശ്യമാണ്. ഭൂമി കൃഷിക്ക് പാകമാക്കി, ചാണകപ്പൊടിയും മറ്റു വളങ്ങളും വിതറി കിളച്ച് ഭൂമിയൊരുക്കി വിത്തുപാകും. തുടര്‍ന്ന് പറിച്ചുനടീലും ഇടകിളയ്ക്കലും ശരിയായ ജലസേചനവും നടത്തിയാണ് ചീര വിളവെടുക്കുന്നത്. ഇത്രയേറെ കഷ്ടപ്പെട്ടു വളര്‍ത്തിക്കൊണ്ടുവന്ന ചീര വിളവെടുപ്പിനു പാകമാകുന്നതിനുമുമ്പ് നശിച്ചുപോകുകയാണ് ഇക്കുറി ഉണ്ടായതെന്ന് കര്‍ഷകര്‍ പറയുന്നു.

അധ്വാനം പാഴായി

കാലാവസ്ഥ ചതിച്ചതോടെ ചീരക്കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണുണ്ടായത്. അഞ്ചുമാസത്തെ അധ്വാനം പാഴായി. ചീരക്കര്‍ഷകരെ സഹായിക്കാന്‍ പഞ്ചായത്തും സര്‍ക്കാരും മുന്നോട്ടു വരണം.- വേണു, കിഴക്കടത്ത്, തെക്കുംമുറി പടിഞ്ഞാറ്, തഴവ

മൂന്നുലക്ഷത്തേളം രൂപയുടെ നഷ്ടം

അപ്രതീക്ഷമായി പെയ്ത മഴയില്‍ ഒരേക്കറോളം ഭൂമിയിലെ കൃഷി നശിച്ചു. മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. കേടായ ചീര പറിച്ചുകളഞ്ഞിട്ട് വെണ്ട നടാനാണ് ഉദ്ദേശിക്കുന്നത്.- ബാലന്‍, മാധവത്തിര്‍ പടിഞ്ഞാറ്റതില്‍, തെക്കുംമുറി പടിഞ്ഞാറ്, തഴവ

പത്തു സെന്റിന് 1000 രൂപ നല്‍കും

പ്രതികൂല കാലാവസ്ഥമൂലം ചീരയ്ക്ക് ഇലപ്പുള്ളിരോഗം പിടിപെടുകയായിരുന്നു. ഫംഗസ് ബാധയാണ് കാരണം. ഹ്രസ്വകാല കൃഷിയായതിനാല്‍ ചീരക്കര്‍ഷകര്‍ ഇന്‍ഷുറന്‍സ് ചെയ്യാറില്ല. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള നഷ്ടപരിഹാരം ലഭിക്കുകയില്ല. പച്ചക്കറിക്കൃഷിവ്യാപന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് സെന്റിന് 1000 രൂപ ക്രമത്തില്‍ ഒരേക്കര്‍വരെ ഭൂമിയില്‍ കൃഷി ചെയ്യുന്നവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ പദ്ധതിയുണ്ട്. ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചിട്ടുണ്ട്.. - എച്ച്.അജ്മി, കൃഷി ഓഫീസര്‍, തഴവ

Content Highlights: Heavy rains: Spinach farmers in trouble