ഭൂമിയുടെ വൃക്കകളായ വയലും ,കുളവും, കാവും സംരക്ഷിക്കുന്ന കര്‍ഷകര്‍ക്ക് അംഗീകാരവും പാരിതോഷികവും നല്‍കുന്ന ഇന്ത്യയിലെ പ്രഥമ നഗരസഭയായി പൊന്നാനി മാതൃകയാകുന്നു. 

നെല്‍വയല്‍, കുളം, കാവ്, കണ്ടല്‍ക്കാട്, എന്നിവ സംരക്ഷിക്കുന്നവര്‍ക്ക്  വാര്‍ഷിക അവകാശധനം നല്‍കുന്നതാണ് ഗ്രീന്‍ റോയല്‍റ്റി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പ്രാദേശിക ഭരണകൂടം ഇത്തരത്തില്‍ റോയല്‍റ്റി പ്രകൃതി സംരക്ഷകര്‍ക്ക് നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഹരിത കേരള മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ നിര്‍വ്വഹിച്ചു. മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണ മുഖ്യാതിഥിയായി.

1956 ല്‍ കേരളത്തില്‍ 8.76 ലക്ഷം ഹെക്ടര്‍ വയല്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ കേവലം 1.75 ലക്ഷം ഹെക്ടറായി ചുരുങ്ങി. ഒരു ഹെക്ടര്‍ നെല്‍വയല്‍ പ്രതിവര്‍ഷം 22 ലക്ഷം രൂപയുടെയെങ്കിലും പാരിസ്ഥിതിക മൂല്യം കണക്കാക്കുന്നുവെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.

ഈ സാഹചര്യത്തില്‍ പൊന്നാനിയുടെ പച്ചപ്പ് കാക്കുന്ന വയല്‍ കര്‍ഷകര്‍ക്കും ,സ്വകാര്യ ഭൂമിയില്‍ കാവും കുളങ്ങളും സംരംക്ഷിക്കുന്ന 1 14 കര്‍ഷകര്‍ക്കുമാണ്‌ അംഗീകാരവും  പാരിതോഷികവും നല്‍കുന്നതെന്ന് പൊന്നാനി മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.പി മുഹമ്മദ്  കുഞ്ഞി പറഞ്ഞു.  ഏറെ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് 2 ലക്ഷം രൂപയുടെ ഈ പദ്ധതിയുടെ  അംഗീകാരം നേടിയെടുത്തത്. അര്‍ഹമായ തുക ലഭിക്കുന്നതിനും ആവാസ വ്യവസ്ഥ സംരംക്ഷണത്തിനുമായി കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

Agricultureനഗരസഭ പരിധിയില്‍ ഇത്തരത്തില്‍ പ്രകൃതി സംരക്ഷകരായ  120 ഗുണഭോക്താക്കള്‍ക്കാണ്  വാര്‍ഷിക റോയല്‍റ്റി നല്‍കുന്നത്. 50 സെന്റിന് താഴെ നെല്‍വയലുകള്‍ സംരക്ഷിക്കുന്നവര്‍ക്ക് 1000 രൂപയും 50 സെന്റിന് മുകളില്‍ നെല്‍വയല്‍ ഉള്ളവര്‍ക്ക് 2000 രൂപയും സ്വകാര്യ ഭൂമിയില്‍ കുളം സംരക്ഷിക്കുന്ന ഭൂവുടുമകള്‍ക്ക് 2000 രൂപയും, കാവും കണ്ടല്‍കാടുകളും സംരക്ഷിക്കുന്നവര്‍ക്ക് 1000 രൂപയുമാണ് നഗരസഭ നല്‍കുന്ന വാര്‍ഷിക റോയല്‍റ്റി. 

കൃഷിയും പരിസ്ഥിതിയും തമ്മിലുള്ള അഭേദ്യമായ  വിനിമയത്തിന്റെ മൂല്യം സംരക്ഷിക്കാനാണ് നഗരസഭ  ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. പരിസ്ഥിതി സംരക്ഷകര്‍ക്ക് ധന സഹായം നല്‍കി പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കുകയാണ്  പൊന്നാനി. നഗരസഭ  ഗ്രീന്‍ റോയല്‍റ്റി എന്ന ആശയം ജനകീയാസൂത്രണ പദ്ധതി വഴിയാണ് നടപ്പിലാക്കുന്നത്.

ഹരിത കേരളം പദ്ധതി വിഭാവനം ചെയ്യുന്നതിന് മുമ്പ് തന്നെ പൊന്നാര്യന്‍ കൊയ്യുന്ന പൊന്നാനി എന്ന പേരില്‍ നാട്ടു നെല്‍ വിത്ത് കൃഷി  പ്രോത്സാഹിപ്പിക്കുന്ന പദ്ധതി തുടങ്ങിയ നഗരസഭയാണ് പൊന്നാനി.  അതിന്റെ ഉല്‍പ്പന്നമായി  പൊന്നരി എന്ന ജൈവ ബ്രാന്‍ഡില്‍ അരി വിപണനം ചെയ്യുവാനും നഗരസഭക്കായിട്ടുണ്ട്. 

പൊന്നാനി ആര്‍.വി പാലസ് ഓഡിറ്റോറിയത്തില്‍, നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായ ചടങ്ങില്‍ വെച്ച് കര്‍ഷരെ ആദരിക്കുകയും അനുമോദന പത്രം വിതരണം ചെയ്യുകയും ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഒ.ഒ ഷംസു സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ടി.മുഹമ്മദ് ബഷീര്‍, അഷ്‌റഫ് പറമ്പില്‍, റീന പ്രകാശ്, ഷീന സുദേശന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.രാജു, മലപ്പുറം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നാരായണന്‍.കെ.കെ, കൃഷി വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ വി.വി സുഹറ,

കൗണ്‍സിലര്‍മാരായ ഉണ്ണികൃഷ്ണന്‍ പൊന്നാനി, ഇ.ബാബുരാജ്, കെ.പി വത്സല, നഗരസഭ സെക്രട്ടറി എസ്.എ വിനോദ് കുമാര്‍, ജൈവ കര്‍ഷക സമിതി സംസ്ഥാന ട്രഷറര്‍ അശോകന്‍ മാസ്റ്റര്‍, പാടശേഖര സമിതി പ്രതിനിധി രജീഷ് ഊപ്പാല, അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ എം.വിജയശ്രീ, ഈഴുവത്തിരുത്തി കൃഷി ഓഫീസര്‍ ജെ.അമല എന്നിവര്‍ സംബന്ധിച്ചു. കാര്‍ഷിക പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണ പിള്ള നന്ദി പറഞ്ഞു.

Content highlights: Haritha Keralam, Agriculture, Paddy field,