കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്നൊവേഷന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ബേസ്ഡ് ഡെവലപ്മെന്റ് (ഐ-സ്റ്റെഡ്) പ്രോജക്ടിന്റെ ഭാഗമായി കേരളത്തില്‍ നടപ്പാക്കുന്ന പപ്പായക്കൃഷി അഞ്ച് ജില്ലയിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന് പ്രോജക്ട് ഡയറക്ടര്‍ എ.ഗോപാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട്, എറണാകുളം ജില്ലകളിലാണ് ഈവര്‍ഷം കൃഷി തുടങ്ങാന്‍ ലക്ഷ്യമിടുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ പപ്പായയുടെ കറയെടുത്ത് വിപണനം ചെയ്യുക, പപ്പായയില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

പപ്പായയുടെ കറയില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന 'പപ്പെയ്ന്‍' മരുന്നുനിര്‍മാണത്തിനും ഭക്ഷ്യോത്പന്നവ്യവസായരംഗത്തും ഉപയോഗിക്കുന്നുണ്ട്. കൃഷിയിടങ്ങളില്‍നിന്നുള്ള പപ്പായയുടെ കറയെടുക്കുന്നതിന് തമിഴ്നാട്ടിലുള്ള ഒരു വ്യവസായസ്ഥാപനവുമായാണ് ഐ-സ്റ്റെഡ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഒരുകിലോ പപ്പെയ്നിന് 135 രൂപമുതല്‍ 170 രൂപവരെ കര്‍ഷകര്‍ക്ക് ലഭിക്കും.

സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ സഹകരണത്തോടെ 2018-ലാണ് ഐ സ്റ്റെഡ് കേരളത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പപ്പായക്കൃഷി തുടങ്ങിയത്. മലപ്പുറം, തൃശ്ശൂര്‍, വയനാട്, കാസര്‍കോട്, ഇടുക്കി, കൊല്ലം ജില്ലകളിലായി 80 ഏക്കര്‍ സ്ഥലത്താണ് കൃഷി തുടങ്ങിയത്. 170 കര്‍ഷകര്‍ ഇപ്പോള്‍ കൃഷി ചെയ്യുന്നുണ്ട്. ആദ്യഘട്ടത്തില്‍ മൂന്നുകോടി രൂപ കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ ഈ പദ്ധതിക്കായി അനുവദിച്ചിരുന്നു.

കര്‍ഷകക്കൂട്ടായ്മ രൂപവത്കരിക്കും

നിലവില്‍ ഈ പദ്ധതിയുടെ ഭാഗമായ കര്‍ഷകരെ ചേര്‍ത്ത് 'ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷന്‍' രൂപവത്കരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. രണ്ടാംഘട്ട കൃഷിവ്യാപനത്തിന് കേന്ദ്രസര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് 500 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കും. -എ.ഗോപാലകൃഷ്ണന്‍ നായര്‍, ഐ-സ്റ്റെഡ് കേരള പ്രോജക്ട് ഡയറക്ടര്‍

കര്‍ഷകര്‍ക്ക് അപേക്ഷിക്കാം

ഐ സ്റ്റെഡ് പ്രോജക്ടിന്റെ ഭാഗമായി പപ്പായ കൃഷിചെയ്യുന്നതിനും പപ്പായ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുംവേണ്ടിയുള്ള പദ്ധതിയിലേക്ക് കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. 

വിവരങ്ങള്‍ക്ക് ഫോണ്‍: 9544484755, 8547776115

Content Highlights: Government subsidy for papaya farming