മാവേലിക്കര പല്ലാരിമംഗലത്തെ വീട്ടുവളപ്പില്‍ വിളഞ്ഞ അഞ്ചരയടി നീളമുള്ള മരച്ചീനി കൗതുകമാകുന്നു. പല്ലാരിമംഗലം ശാന്തിനികേതനില്‍ ശാന്തി ജി. ഗീതയുടെ പുരയിടത്തിലാണ് ഒരാള്‍ പൊക്കമുള്ള മരച്ചീനി ഉണ്ടായത്. മലയോര പ്രദേശങ്ങളില്‍ നീളം കൂടിയ മരച്ചീനി ഉണ്ടാകാറുണ്ടെങ്കിലും ഓണാട്ടുകരയുടെ മണ്ണില്‍ ഇത് അപൂര്‍വമാണെന്ന് കാര്‍ഷികമേഖലയിലെ വിദഗ്ധര്‍ പറയുന്നു.

നാലരയും അഞ്ചും അടി നീളമുള്ള മരച്ചീനി നേരത്തെ ഇവിടെ വിളവെടുത്തിട്ടുണ്ട്. ഏറ്റവും നീളംകൂടിയ മരച്ചീനിക്കാണ് അഞ്ചരയടി നീളമുള്ളത്. ഇതിന് ആറര കിലോ തൂക്കവുമുണ്ട്. ജൈവവളം മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നതെന്ന് ശാന്തി ജി. ഗീത പറഞ്ഞു. ആടിന്റെയും കോഴിയുടെയും കാഷ്ഠവും എല്ലുപൊടിയും മാത്രമാണ് വളമായി ഉപയോഗിച്ചിട്ടുള്ളത്. 

നാനൂറുമൂട് മരച്ചീനിയാണ് കൃഷിചെയ്തത്. ഇതുകൂടാതെ കാച്ചിലും ചേമ്പും മഞ്ഞളും കൃഷി ഇറക്കിയിരുന്നു. എല്ലാം വിളവെടുത്തു കഴിഞ്ഞു. നല്ല വിളവ് ലഭിച്ചതോടെ രണ്ടേക്കര്‍ വരുന്ന പുരയിടത്തില്‍ വീണ്ടും കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ്.

മെഡിക്കല്‍ സ്റ്റോര്‍ നടത്തിയിരുന്ന വീട്ടമ്മ പ്രായാധിക്യമുള്ള അച്ഛനമ്മമാരെ സംരക്ഷിക്കുന്നതിനായി സ്ഥാപനം നിര്‍ത്തി വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെയാണ് കൃഷിയിലേക്കു തിരിഞ്ഞത്. ചീര, വഴുതന, വെണ്ട, മത്തന്‍, പയര്‍ തുടങ്ങിയ പച്ചക്കറി ഇനങ്ങളും കൃഷിചെയ്യുന്നുണ്ട്. മരുമകള്‍ വീണയും ചെറുമക്കളായ അമൃത, ആദിത്യന്‍, അദ്വൈത് എന്നിവരും കൃഷിയിടത്തില്‍ സജീവമാണ്.

Content Highlights: Giant tapioca weighing 6.5 kg harvested in Alappuzha