വടക്കാഞ്ചേരി: 37 ഏക്കര്‍ വരുന്ന ഈ കലാലയവളപ്പില്‍ 300 മുളങ്കൂട്ടങ്ങള്‍. ഏഴുവര്‍ഷം മുന്‍പ് 10 മുളകള്‍ നട്ട് തുടങ്ങിയ യജ്ഞത്തിലൂടെ സ്വന്തം കലാലയത്തിന് മുളങ്കാടിന്റെ സൗന്ദര്യം പകര്‍ന്നുനല്‍കാനായ സന്തോഷത്തിലാണ് ഫാ. റോയ് ജോസഫ്. വെട്ടിക്കാട്ടിരിയിലെ ജ്യോതി എന്‍ജിനീയറിങ് കോളേജിന്റെ സി.ഇ.ഒ. ഫാ. റോയ് ഈ കാമ്പസിനെ ഓക്സിജന്‍ ഫാക്ടറിയാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ്. 

കാമ്പസിലെ 15 ഏക്കറില്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങള്‍ മുളങ്കാടുകള്‍ക്കുള്ളിലാണ്. പറമുള, ലാത്തിമുള, വള്ളിമുള തുടങ്ങി 15 ഇനങ്ങളുണ്ട് ഈ മുളങ്കാട്ടില്‍. പീച്ചിയിലെ വനഗവേഷണ കേന്ദ്രത്തില്‍നിന്നാണ് ഇദ്ദേഹം തൈകളെത്തിക്കുന്നത്. ഏഴ് വര്‍ഷം മുന്നെയാണ് കുറച്ചു മുളം തൈകള്‍ വെച്ചത്. പിന്നെ അത് ഒരോ വര്‍ഷവും തുടര്‍ന്നു. ഈ വര്‍ഷം നട്ടത് നൂറ് തൈകള്‍.

joseph vadakkan

എം.ബി.എ.ക്കാരനായ ഫാ. റോയ് വടക്കന്‍ നാഷണല്‍ ലോ സ്‌കൂളില്‍ നിന്ന് പി.ജി. ഡിപ്ലോമയുമെടുത്തിട്ടുണ്ട്. ഏനാമാവിന്റെ പച്ചപ്പ് കണ്ടു വളര്‍ന്ന ഇദ്ദേഹം നിളയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമാണ്. സെപ്റ്റംബര്‍ 18 മുളദിനമാണ്. മുളയുടെ പാരിസ്ഥിതിക പ്രസക്തിയും ഉപയുക്തതയും പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഫാ. റോയ് പറഞ്ഞു.

ഇന്ത്യയാണ് മുളകളുടെ ജന്മദേശം. പാവപ്പെട്ടവന്റെ തടി എന്നറിയിപ്പെടുന്ന മുള മണ്ണൊലിപ്പ് തടയുന്നതിന് ഏറെ അനുയോജ്യം. കരകൗശല വസ്തുക്കളുടെ നിര്‍മ്മാണത്തിനും മുളയുടെ പങ്ക് വളരെ വലുതാണ്.

Content Highlghts: Fr.Roy is a bamboo lover and has planted 300 groves on 37 acres of campus land