തിവര്‍ഷത്തില്‍ ഏലക്കര്‍ഷകരുടെ പ്രതീക്ഷകള്‍ കൊഴിഞ്ഞു. സാമാന്യം വിലയുണ്ടെങ്കിലും വിളവ് കുറഞ്ഞത് പ്രയാസമായി. ഒരുമാസം മുമ്പ് കിലോക്ക് റെക്കോഡ് വിലയായ 4000 വരെ എത്തിയെങ്കിലും ഇപ്പോള്‍ കിട്ടുന്നത് 2500 രൂപയാണ്. 

ഇടുക്കി കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏലക്കൃഷി കൂടുതലുള്ളത് വയനാട്ടിലാണ്. മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലാണ് കൃഷി കൂടുതലുള്ളത്. കഴിഞ്ഞവര്‍ഷമുണ്ടായ അതിവര്‍ഷം ഏലച്ചെടികളെ സാരമായി ബാധിച്ചിരുന്നു. 

അതിനുശേഷമുള്ള കടുത്ത ചൂട് ചെടിക്ക് ദോഷകരമായി. രോഗം ബാധിച്ച് വ്യാപകനാശമുണ്ടായി. മേല്‍മണ്ണിലെ ജൈവാംശം നഷ്ടപ്പെട്ടതിനാല്‍ വേരുകള്‍ക്ക് കേടുബാധിച്ചു. ഇതോടെ മൂടുചീയല്‍ രോഗം പിടിപെട്ടു. ഈ പ്രതിസന്ധിഘട്ടം മറികടക്കുന്നിനിടെയാണ് രണ്ടാംപ്രളയം ഉണ്ടായത്. ഇതോടെ വീണ്ടും കൃഷി പ്രതിസന്ധിയിലായി. 

വെള്ളരിമല വില്ലേജിലെ ഏക്കറുകണക്ക് ഏലച്ചെടികളാണ് നശിച്ചത്. രണ്ടുവര്‍ഷത്തെ ശക്തമായ മഴ അതിജീവിക്കാന്‍ കഴിയാതെ ഏലച്ചെടികള്‍ വീണ്ടും നിലംപൊത്തി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് തരക്കേടില്ലാത്ത വിലയുണ്ടെങ്കിലും വിളവില്ലാത്തത് കര്‍ഷകരെ സങ്കടത്തിലാക്കുകയാണ്.

ജൂലായ് മാസത്തില്‍ ഒന്നാംതരം ഏലക്ക കിലോക്ക് 4000 രൂപ ലഭിച്ചിരുന്നു. മുന്‍വര്‍ഷങ്ങളെക്കാള്‍ റെക്കോഡിലേക്ക് വില ഉയര്‍ന്നതോടെ കര്‍ഷകരും പ്രതീക്ഷയിലായിരുന്നു. എന്നാലിപ്പോള്‍ വിളവെടുപ്പ് സജീവമായതോടെ വില താഴുകയാണ്. കിലോക്ക് രണ്ടായിരം മുതല്‍ രണ്ടായിരത്തിയഞ്ഞൂറ് വരെയാണ് ഇപ്പോഴത്തെ വില. ഉത്പാദനച്ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ വില തീരെക്കുറവാണ്.

ഇടുക്കിയിലെ വണ്ടന്‍മേടാണ് ഏലക്കായുടെ പ്രധാനവിപണി. വയനാട്ടിലെ ചെറുകിട കച്ചവടക്കാര്‍ എടുത്ത് ലേലദിവസം വണ്ടന്‍മേട്ടിലെത്തിച്ചാണ് വിപണനം നടത്തുന്നത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് പാക്കുചെയ്ത് വില്‍ക്കുന്ന കമ്പനികളുമുണ്ട്. വില താഴുന്നത് കച്ചവടക്കാരെയും ബാധിച്ചു. നാലായിരം രൂപ വിലയുണ്ടായിരുന്നപ്പോള്‍ വാങ്ങി സംഭരിച്ച ഏലക്ക വില്‍ക്കാനായിട്ടില്ല.

Content Highlights: Flood Affet Cardamom Farmers In Kerala