പ്രളയത്തില്‍ സര്‍ക്കാരിന്റെ 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതിയില്‍പ്പെട്ട 3000 ഹെക്ടര്‍ കൃഷിയിടം നശിച്ചു. പയര്‍, പടവലം, പാവല്‍ പോലെ നെല്‍പ്പാടങ്ങളിലെ കൃഷിക്കാണ് കൂടുതല്‍ നാശം. വാഴക്കൃഷിയും വന്‍തോതില്‍ നശിച്ചു. ആദ്യ കണക്കെടുപ്പനുസരിച്ച് 1251 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. കണക്കെടുപ്പു തുടരുന്നതിനാല്‍ നഷ്ടത്തിന്റെ കണക്ക് ഇനിയും ഉയരും.

ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍നിന്ന് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതി ആവിഷ്‌കരിച്ചത്. പച്ചക്കറി ഉത്പാദനത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുക എന്ന ഉദ്ദേശ്യത്തോടെ 65 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയിരുന്നത്ത്. 

പച്ചക്കറിവിത്ത് പാക്കറ്റുകള്‍, തൈകള്‍, ഗ്രോബാഗ് യൂണിറ്റുകള്‍ എന്നിവ ഇതിന്റെ ഭാഗമായി നല്‍കിയിരുന്നു. ഏകദേശം 30,000 ഹെക്ടര്‍ സ്ഥലത്ത് ഓണത്തിന് പച്ചക്കറിക്കൃഷി സാധ്യമാക്കി കുറഞ്ഞത് 2.2 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

കഴിഞ്ഞവര്‍ഷം നടപ്പാക്കിയ പദ്ധതി കൂടുതല്‍ വിപുലപ്പെടുത്താനായി ഈവര്‍ഷം ഒരുകോടി പച്ചക്കറിവിത്ത് പാക്കറ്റാണ് വിതരണംചെയ്തത്. രണ്ടുകോടി പച്ചക്കറിത്തൈകളും സൗജന്യമായി നല്‍കിയിരുന്നു. ഇടവപ്പാതിമഴയില്‍ ഇവ പലയിടത്തും നശിച്ചുപോയി. 

കെടുതിയെ അതിജീവിച്ച കൃഷിയിടങ്ങളില്‍നിന്ന് എത്രയളവില്‍ പച്ചക്കറി കിട്ടുമെന്നകാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പാലക്കാട്ടാണ് കൂടുതല്‍ കൃഷിനാശമുണ്ടായിരിക്കുന്നത്.

പ്രളയം ഓണവിപണിയെ ബാധിക്കില്ല

കഴിഞ്ഞവര്‍ഷത്തെ പ്രളയത്തിലേതുപോലെ ഇക്കുറി പച്ചക്കറിക്കൃഷിക്ക് നാശം സംഭവിച്ചിട്ടില്ല. അതിനാല്‍ ഓണത്തിന് ഒരുമുറം പച്ചക്കറി വിഭവങ്ങള്‍ ന്യായവിലയ്ക്ക് വില്പനയ്‌ക്കെത്തുമെന്ന് ഉറപ്പാണ്.

-വി.എസ്.സുനില്‍കുമാര്‍, കൃഷിമന്ത്രി

Content Highlights: Flood Affected Vegetable Farming Across Kerala