വളവും കീടനാശിനിയും കാപ്സ്യൂള്‍ രൂപത്തില്‍ വരുന്നു. അതും വിളയ്ക്ക് വേണ്ട സമയത്ത് വേണ്ട അളവില്‍ കാപ്സ്യൂളില്‍നിന്ന് നല്‍കുംവിധം. എം.ജി. സര്‍വകലാശാലയും സൈബീരിയയിലെ ഫെഡറല്‍ സര്‍വകലാശാലയും ചേര്‍ന്നാണ് പഠനം നടത്തുന്നത്. ആദ്യഘട്ടത്തില്‍ കപ്പയിലെ ഫംഗസ് രോഗങ്ങള്‍ക്ക് എതിരായ കാപ്സ്യൂളാണ് വികസിപ്പിക്കുന്നത്.

ചെടിയുടെ ചുവട്ടില്‍ നിക്ഷേപിക്കുന്ന ബയോ പോളിമര്‍ കൊണ്ടുള്ള കാപ്സ്യൂളിനുള്ളില്‍ ജൈവമരുന്നാണ് നിറയ്ക്കുന്നത്. കീടത്തിന്‍റെ സാന്നിധ്യവും അതു ചെടിയിലുണ്ടാകുന്ന പ്രതിഫലനങ്ങളും ബയോപോളിമറില്‍ മാറ്റമുണ്ടാക്കും. ഇതോടെ ആവശ്യത്തിന് മാത്രമുള്ള കീടനാശിനി മണ്ണിലേക്ക് കാപ്സ്യൂളില്‍നിന്ന് പുറത്തേക്ക് വരും. കീടനാശിനി മാത്രമല്ല ബയോപോളിമറും പ്രകൃതി സൗഹൃദമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന എം.ജി. സര്‍വകലാശാലാ വൈസ് ചാന്‍സലറും ശാസ്ത്രജ്ഞനുമായ ഡോ.സാബു തോമസ് പറഞ്ഞു.

എം.ജി. സര്‍വകലാശാലാ വളപ്പിലെ പരീക്ഷണത്തിന് കപ്പത്തോട്ടം ക്രമീകരിച്ചിട്ടുണ്ട്. റഷ്യന്‍ സര്‍ക്കാര്‍ ഗവേഷണത്തിന് 9.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഗുളിക നിര്‍മാണം റഷ്യയിലാകും നടത്തുക. നാലുവര്‍ഷം കൊണ്ട് കാപ്സ്യൂള്‍ സജ്ജമാകും. സൈബീരിയ ഫെഡറല്‍ സര്‍വകലാശാലയിലെ ഗവേഷകരായ അലക്സിയ ദുഡായേ, നടേഷാ സ്ട്രെല്‍ഡോവ, എം.ജി.യിലെ ഗവേഷകരായ ബ്ലെസി, ജിത്തു എന്നിവരും ഇതിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

ചെലവ് കുറയ്ക്കും, പാഴാകല്‍ ഒഴിവാകും

നിലവില്‍ വളവും കീടനാശിനിയും വലിയ തോതില്‍ നഷ്ടപ്പെടുന്നുണ്ട്. മഴയും മണ്ണൊലിപ്പുമൊക്കെ കാരണമാണ്. ചെടിക്ക് വേണ്ടത്ര കിട്ടുന്നുണ്ടോ എന്നതിനും കൃത്യതയില്ല. ഈ കാപ്സ്യൂളുകള്‍ നഷ്ടം കുറയ്ക്കും. ഒപ്പം ആവശ്യത്തിനുള്ളത് മാത്രം വിട്ടുകൊടുക്കും 'സസ്റ്റൈന്‍ഡ് റിലീസ്' എന്ന് ശാസ്ത്രഭാഷയില്‍ പറയും. -ഡോ.സാബു തോമസ്.