സംസ്ഥാനത്ത് കൃഷിയിടങ്ങളില്‍ വര്‍ധിച്ചതോതില്‍ കണ്ടെത്തിയ ഫോസ്ഫറസ് പോഷകത്തിന്റെ അളവ് കുറയ്ക്കുന്നതിന് കൃഷിവകുപ്പ് നിര്‍ദേശിച്ച 18:9:18 വളത്തിന് കര്‍ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം. മണ്ണില്‍ ഫോസ്ഫറസിന്റെ അളവ് കൂടുന്നത് വിളവിനെ ബാധിക്കുമെന്ന കേരള കാര്‍ഷിക സര്‍വകലാശാലയുടെ പഠനറിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഈ കൂട്ടുവളം കൃഷിവകുപ്പ് ശുപാര്‍ശചെയ്തിരുന്നത്. 

വിപണിയിലെത്തി രണ്ടുവര്‍ഷത്തിനുള്ളില്‍ത്തന്നെ വിവിധ വിളവുകള്‍ക്കായി കര്‍ഷകര്‍ ഉപയോഗിക്കുന്നവയില്‍ മുന്‍നിരയിലാണ് 18:9:18. നിലവില്‍ സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന മിശ്രവളത്തിന്റെ പകുതിയിലേറെയും ഈ വളമാണെന്ന് കൃഷിവകുപ്പ് അധികൃതരും വ്യാപാരികളും പറയുന്നു. മണ്ണിന്റെ പോഷകഗുണം സംബന്ധിച്ച് കാര്‍ഷികസര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ 2018-ലാണ് കൃഷിവകുപ്പ് ഡയറക്ടര്‍ 18:18:18 വളത്തിന്റെ ഉത്പാദനവും വിതരണവും നിര്‍ത്തിവെക്കാന്‍ ഉത്പാദക കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. 

ഇതിനൊപ്പം സംസ്ഥാനത്തെ വിപണിയില്‍ വ്യാപകമായി വിറ്റഴിച്ചിരുന്ന വളങ്ങളായ 20:20, 10:26:26, 16:16:16, 17:17:17, 19:19:19, 18:46 തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കാനും കൃഷിവകുപ്പ് ശുപാര്‍ശചെയ്തിരുന്നു. കര്‍ഷകര്‍ക്കിടയിലും മിശ്രവളം ഉത്പാദനമേഖലയിലും ഈ തീരുമാനം ഏറെ പ്രതിഷേധമുയര്‍ത്തുകയുംചെയ്തു. നിരോധിച്ച വളത്തിനുപകരമായാണ് സംസ്ഥാനത്ത് വടക്കന്‍ ജില്ലകള്‍ക്കും മധ്യമേഖലയ്ക്കുമായി 18:9:18 വളം തയ്യാറാക്കുന്നതിന് കൃഷിവകുപ്പ് നിര്‍ദേശം നല്‍കിയത്.

നൈട്രജന്റെയും പൊട്ടാഷിന്റെയും ചേരുവ നിലനിര്‍ത്തി ഫോസ്‌ഫോറിക് ആസിഡ് ചേരുവ പകുതിയായി കുറയുന്നതോടെ മണ്ണിലെ പി.എച്ച്. (അമ്ല-ക്ഷാര മൂല്യം) കുറയ്ക്കുന്നതിന് സഹായകരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വളം ശുപാര്‍ശചെയ്തതെന്ന് കൃഷിവകുപ്പ് ഡയറക്ടറുെട ഓഫീസ് അധികൃതര്‍ പറഞ്ഞു. തെക്കന്‍ കേരളത്തിലെ കൃഷിയിടങ്ങള്‍ക്കായി 18:4.5:18 വളമാണ് നിര്‍ദേശിച്ചിരുന്നത്. 

2018-19-ല്‍ സംസ്ഥാനത്ത് വിറ്റഴിച്ചത് 3.55 ലക്ഷം ടണ്‍ രാസവളമാണ്. പ്രളയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് 2019-20-ല്‍ 3.38 ലക്ഷം ടണ്ണായി വിപണനം കുറഞ്ഞെങ്കിലും ഈ സീസണില്‍ കാര്‍ഷികമേഖല ഏറെ പ്രതീക്ഷയിലാണ്. 2020-21 സീസണില്‍ നവംബര്‍ അവസാനംവരെ വിറ്റഴിച്ചത് 3.02 ലക്ഷം ടണ്‍ വളമാണ്. ഇതില്‍ 40 ശതമാനവും മിശ്രവളമാണ്.

Content Highlights: Fertilizer 18:9:18 : Maximize Yields AND Profits