പത്തനംതിട്ട: ആറന്മുളയില് കൃഷിയിറക്കാന്‍ നെല്വിത്തിനുള്ള ക്രമീകരണമായി. പുന്നക്കാട്, കുറുന്താര്‍ എന്നീ പാടശേഖരങ്ങളില്‍ ഉമ വിത്താണ് വിതയ്ക്കുക. ബാക്കിയുള്ള പാടങ്ങളില്‍ ജ്യോതി വിത്തും വിതയ്ക്കും. രണ്ടുടണ്‍ വിത്താണ് മൊത്തം 140 ഏക്കറിലേക്ക് വേണ്ടി വരികയെന്ന് സ്പെഷല്‍ ഓഫീസര്‍ ജെ.സജീവ് പറഞ്ഞു.
പുല്ലാട് സീഡ് ഫാമില്‍നിന്നാണ് വിത്ത് എത്തിക്കുക. സീഡ് അതോറിറ്റിയുമായി ബന്ധപ്പെട്ട് സഹകരണം തേടിയിട്ടുണ്ട്. 29ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി ആറന്മുളയില് എത്തി കൃഷിയിറക്കം ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ കൃഷിയൊരുക്കമാണ് ഇവിടെ നടക്കുന്നത്. 153 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ഇപ്പോള്‍ വേണ്ടിവരും. ആദ്യം കൃഷിക്കൂട്ടായ്മകളാണ് പണം മുടക്കുക. ധനമന്ത്രാലയം പണം അനുവദിക്കുമ്പോള്‍ മടക്കി കൃഷിക്കാര്‍ക്ക് നല്‍കും.
കറ്റാറ്റുവയല്, പന്നിവേലിമൂല, പുന്നക്കാട്, കുറുന്താര്‍, തുരുത്തിവേലിമൂല, നീര്വ്വിളാകം, അയ്യന്‍കോയിക്കല്‍, ആറന്മുള എന്നിവയാണ് കൃഷിക്ക് ഒരുങ്ങുന്ന പാടങ്ങള്‍. ആറ് ട്രാക്ടറുകളാണ് നിലമൊരുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടത്. തെച്ചിക്കാവിനോട് ചേര്‍ന്ന ഭാഗത്ത് പാടത്ത് വള്ളികളും വലിയ കളയും വ്യാപിച്ചിരുന്നതിനാല്‍ ട്രഡ്ജര്‍ ഉപയോഗിച്ചാണ് നിലമൊരുക്കല്‍. ദീര്‍ഘനാള്‍ വെള്ളക്കെട്ട് നിന്നതിനാല്‍ ചിലയിടത്ത് യന്ത്രം ഇറങ്ങാന്‍ വിഷമം നേരിട്ടിരുന്നു.
അട്ടശല്യമാണ് മറ്റൊരു പ്രശ്നം. വിത്തിടുംമുമ്പ് ഇവിടെ കുമ്മായ പ്രയോഗം വേണ്ടിവരും എന്നാണ് കൃഷി വകുപ്പ് വിലയിരുത്തുന്നത്. അട്ടകളെ ഒഴിവാക്കിയില്ലെങ്കില്‍ കള പറിക്കാനും വളപ്രയോഗത്തിനും തൊഴിലാളികള്‍ക്ക് ഇറങ്ങാന്‍ വിഷമം വരും. 200 കൃഷിക്കാരാണ് ഇത്രയും പാടങ്ങളില്‍ കൃഷിക്ക് സന്നദ്ധമായി വന്നത്.
കോഴിത്തോട്, കറ്റാറ്റുചാല്, കൈപ്പാലച്ചാല്, കാവില്‍ തോട്, ചെറുപുഴക്കാട്, മടകപ്പള്ളിപ്പാറ, വലിയ തോട്, കിടങ്ങന്നൂര്‍ കോട്ടച്ചാല്‍, കരിമാരം തോട് എന്നിവയാണ് കൃഷിക്ക് വേണ്ടി ഒരുക്കേണ്ടത്. ആറന്മുള, ളാക ലിഫ്ട് ഇറിഗേഷന്‍ പദ്ധതികളും സജ്ജമാക്കണം. ഇവ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തി നടത്തുന്നു.
കോഴിത്തോട്, കരിമാരംതോട് എന്നിവ മണ്ണ് നീക്കി ആഴംകൂട്ടുന്നതിന്റെ പ്രതിസന്ധി തീര്‍ക്കാന്‍ കളക്ടര്‍ കഴിഞ്ഞദിവസം സ്ഥലത്ത് എത്തിയിരുന്നു. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരനും കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാറും വിഷയം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..