പ്രതീകാത്മക ചിത്രം |Photo: PTI
തിരുവനന്തപുരം: മിശ്രിത റബ്ബറിന്റെ ഇറക്കുമതിത്തീരുവ ഉയര്‍ത്താനുള്ള കേന്ദ്രതീരുമാനം ആഭ്യന്തരവിപണിക്ക് ഗുണംചെയ്യില്ലെന്ന് കര്‍ഷകര്‍. ആസിയാന്‍ കരാറിന്റെപേരിലുള്ള ഇറക്കുമതിത്തീരുവ ഇളവുകള്‍ നിലനില്‍ക്കുന്നതാണ് കേന്ദ്രതീരുമാനത്തിന് വെല്ലുവിളിയാകുന്നത്. ഇക്കൊല്ലത്തെ സീസണ്‍ ഏതാണ്ട് അവസാനിച്ചിട്ടും സ്വാഭാവിക റബ്ബര്‍വിപണിയില്‍ കാര്യമായ ചലനമൊന്നുമുണ്ടായിട്ടില്ല. ആര്‍.എസ്.എസ്. ഫോര്‍ റബ്ബര്‍വില 143-ല്‍ തുടരുകയാണ്.
ബജറ്റിലൂടെയാണ് മിശ്രിത റബ്ബറിന്റെ ഇറക്കുമതിത്തീരുവ പത്തില്‍നിന്ന് 25 ശതമാനമായി ഉയര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. രാജ്യത്ത് റബ്ബര്‍ ഉത്പന്നനിര്‍മാണക്കമ്പനികള്‍ ഇറക്കുമതി ചെയ്യുന്ന കാര്‍ബണ്‍, സിലിക്ക എന്നിവ കലര്‍ന്ന മിശ്രിത റബ്ബറിന്റെ (കോമ്പൗണ്ട് റബ്ബര്‍) 88 ശതമാനവും ആസിയാന്‍ കരാറില്‍ ഉള്‍പ്പെട്ട തായ്ലാന്‍ഡ്, മലേഷ്യ, ഇന്‍ഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്. 2021-22-ല്‍ ഇറക്കുമതി ചെയ്ത 1,14,636 മെട്രിക് ടണ്‍ മിശ്രിത റബ്ബറില്‍ 0.69 ടണ്ണും കാര്‍ബണ്‍, സിലിക്ക എന്നിവയിലേതെങ്കിലും കലര്‍ത്തിയതാണ്.
ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറിന്റെ ഭാഗമായി ഈ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് പൂജ്യംമുതല്‍ അഞ്ചുശതമാനംവരെ മാത്രമാണ് തീരുവ. അതിനാല്‍ത്തന്നെ തീരുവ ഉയര്‍ത്തുന്ന നടപടി ആ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിയുടെ തോത് കുറയ്ക്കുകയോ കേന്ദ്രസര്‍ക്കാരിന്റെ നികുതിവരുമാനം ഉയര്‍ത്തുകയോ ചെയ്യില്ല. ഇറക്കുമതി അനുസ്യൂതം തുടരുകയും ചെയ്യും.
തീരുവ ഉയര്‍ത്തല്‍ അമേരിക്ക, ജര്‍മനി, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളെമാത്രമാണ് ബാധിക്കുക. അവിടെനിന്ന് മിശ്രിതറബ്ബര്‍ ഇറക്കുമതി ഏതാണ്ട് 45 ശതമാനം മാത്രമാണ്. അതാകട്ടെ മിശ്രിത റബ്ബറിന്റെ മറ്റു പലരൂപങ്ങളിലുമായതിനാല്‍ റബ്ബറിന്റെ ആഭ്യന്തരവിപണിയില്‍ വില ഉയരുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് തോട്ടമുടമകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരള (എ.പി.കെ.) ചൂണ്ടിക്കാട്ടുന്നത്.
യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെയും (ഉപാസി) മറ്റും സമ്മര്‍ദത്തെത്തുടര്‍ന്ന് ബജറ്റിനുശേഷം വിഷയം ചര്‍ച്ചചെയ്യാന്‍ കേന്ദ്രവാണിജ്യമന്ത്രാലയം പ്രത്യേക യോഗംവിളിച്ചെങ്കിലും വിശദമായ പഠനം നടത്തുമെന്നുമാത്രമാണ് അവര്‍ നല്‍കിയിട്ടുള്ള ഉറപ്പ്.
ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്കുകൂടി തീരുവവര്‍ധന ബാധകമായാലേ കേന്ദ്രതീരുമാനത്തിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കൂവെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പുനഃപരിശോധന വേണമെന്നും എ.പി.കെ. സെക്രട്ടറി ബി.കെ. അജിത്ത് പറഞ്ഞു.
Content Highlights: farmers say the increase in import duty on compound rubber do not benefit them
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..