2018 ലെ തൃശൂര്‍ വൈഗയുടെ സമാപനത്തോടനുബന്ധിച്ച് കൃഷി മന്ത്രി നടത്തിയ പ്രഖ്യാപനത്തിന് ശേഷമാണ്   എഫ്. പി.ഒ. അഥവാ കാര്‍ഷികോല്‍പ്പാദക കമ്പനികള്‍ എന്ന ആശയം പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്. കേരളത്തില്‍ പുതുതായി 50 കാര്‍ഷിക ഉല്‍പ്പാദക കമ്പനികള്‍ രൂപീകരിക്കും എന്നതായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇപ്രാവശ്യത്തെ വൈഗയുടെ ഫലമായി കൃഷി വകുപ്പിന്  കീഴില്‍  കേരളത്തില്‍ 50 പുതിയ കാര്‍ഷികോല്‍പ്പാദക കമ്പനികള്‍ അഥവാ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍( എഫ്. പി.ഒ) കൂടി  ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍.

ഈ കമ്പനികള്‍ക്ക് കീഴില്‍ 50 പുതിയ സംരംഭങ്ങളും ആരംഭിക്കും. നിലവില്‍ പരാധീനതകള്‍ അനുഭവിക്കുന്ന കാര്‍ഷികോല്‍പ്പാദക കമ്പനികള്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണയും പ്രോത്സാഹനവും നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്   പുതിയ എഫ്. പി.ഒ. കള്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എന്താണ് എഫ്. പി.ഒ. അഥവാ കാര്‍ഷിക ഉല്‍പ്പാദക കമ്പനി ?

          കാര്‍ഷിക മേഖലയില്‍ ഉല്പാദനവും സംസ്‌കരണവും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ   നിര്‍മ്മാണവും വിപണനവും വിപണി ഒരുക്കുന്നതിനുള്ള കൂട്ടായ്മയുമാണ് യഥാര്‍ത്ഥത്തില്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ( എഫ്. പി.ഒ) അഥവാ കാര്‍ഷിക ഉല്‍പ്പാദക കമ്പനികള്‍ .

ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍  കമ്പനി (എഫ്. പി.സി) ആയി കമ്പനി ആക്ട് പ്രകാരമാണ് രജിസ്ട്രേഷന്‍ .അംഗങ്ങളും അതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ചെയര്‍മാന്റെ നേതൃത്വത്തിലുള്ള  ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സും എല്ലാം കര്‍ഷകരാണ്. എന്നാല്‍ കമ്പനിയുടെ സി..ഇ.ഒ. പദവിയില്‍  പ്രൊഫഷണലുകളായിരിക്കണം.

 ഓഹരി,മൂലധനം,ഓഡിറ്റ് തുടങ്ങിയവയെല്ലാം വന്‍കിട കമ്പനികളുടേതിന് സമാനമാണ്. നിലവില്‍ കേരളത്തില്‍ 200 ഓളം കാര്‍ഷികോല്‍പ്പാദക കമ്പനികള്‍ അഥവാ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പലതും നബാര്‍ഡിന്റെ പിന്തുണയോടെയാണ് പ്രവര്‍ത്തനം നടത്തുന്നത്. സാങ്കേതികമായ പല പ്രശ്നങ്ങളും ഈ കമ്പനികള്‍ അഭിമുഖീകരിക്കുന്നുണ്ട്.. ഇതിന് പരിഹാരമുണ്ടാകണം .

നബാര്‍ഡിന്റെ ഇടപെടല്‍

കാര്‍ഷിക ഉല്പാദക കമ്പനികളുടെ കാര്യത്തില്‍ ഇതുവരെ ശക്തമായ നേതൃത്വവും വലിയ ഇടപെടലും നടത്തിയിട്ടുള്ളത്   നബാര്‍ഡ് ആണ്. 2014 - 15 സാമ്പത്തിക വര്‍ഷം കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രൊഡ്യൂസ്    ഫണ്ട് ഉപയോഗിച്ചാണ് ആദ്യമായി ഇവ ആരംഭിച്ചത്.  ഏകദേശം രണ്ടായിരത്തിലധികം എഫ്.പി.ഒ.കള്‍ നബാര്‍ഡിന് കീഴിലുണ്ട്. രാജ്യത്ത് ആറ് ലക്ഷം കര്‍ഷകര്‍ ഈ കമ്പനികളില്‍ ഓഹരി ഉടമകളാണ്.  കേരളത്തില്‍ നബാര്‍ഡ് സാമ്പത്തിക- സാങ്കേതിക സഹായം നല്‍കുന്ന 120 കാര്‍ഷികോല്‍പ്പാദക കമ്പനികളില്‍ അമ്പതിനായിരം കര്‍ഷകര്‍ ഓഹരി ഉടമകളാണ്.  ശരാശരി ഒരു കമ്പനിയില്‍ 

അഞ്ഞൂറ് കര്‍ഷകരെങ്കിലും ഉണ്ടാവുകയും 50 ലക്ഷം രൂപ വാര്‍ഷിക അറ്റാദായം ഉണ്ടാവുകയും ചെയ്താല്‍ അത്തരം കമ്പനികള്‍ക്ക് വീണ്ടും സഹായം നല്‍കും. കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലെ  പ്രവര്‍ത്തന മികവില്‍ 33 കമ്പനികള്‍ എ ഗ്രേഡ് കമ്പനികളായി നബാര്‍ഡ് പരിഗണിച്ചിട്ടുണ്ട്.

എങ്ങനെ ഒരു എഫ്. പി.ഒ. ആരംഭിക്കാം.?

        നബാര്‍ഡ് കമ്പനി രൂപീകരണം ഏകദേശം അവസാനിപ്പിച്ചതിനാല്‍ നബാര്‍ഡിന് കീഴില്‍ ഇനി പുതിയ എഫ്. പി.ഒ. കള്‍ക്ക് സാധ്യത കുറവാണ്. നിലവിലുള്ളവയുടെ ശാക്തീകരണവും  ഓഹരി ഉടമകളുടെ എണ്ണം വര്‍ദ്ധി പ്പിക്കുകയുമാണ് നബാര്‍ഡിന്റെ ലക്ഷ്യം. എന്നാല്‍ കൃഷി വകുപ്പിന് കീഴില്‍ ഇതിന് സാധ്യത ഉണ്ട്. ആധാര്‍ കാര്‍ഡ്,. പാന്‍ കാര്‍ഡ്, ഫോട്ടോ ,ഓഹരി മൂലധനം ,ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍  എന്നിവയുമായി കമ്പനി കണ്‍സള്‍ട്ടന്റുമാരുടെ സഹായത്തോടെ കര്‍ഷക കൂട്ടായ്മകള്‍ക്ക് എഫ്. പി.ഒ. രൂപീകരിക്കാം. ശേഷം കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കണം.

സര്‍ക്കാരിന്റെ ഇടപെടല്‍ ഇനി മുതല്‍ ഇതിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കും. ഇതിന് മുന്നോടിയായി ആലോചന യോഗങ്ങള്‍ കഴിഞ്ഞു. ഉടന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഒരു നയവും ഉണ്ടാകും .സംസ്ഥാന സര്‍ക്കാരിന്റെ ഗ്രേഡിംഗും സാമ്പത്തിക സാങ്കേതിക സഹായങ്ങളും വിപണി ഇടപെടലും ഉണ്ടാകും.

പ്രളയാനന്തര കാര്‍ഷിക കേരളത്തിന്റെ  ഭാവി എന്നത് ഇനി കാര്‍ഷിക ഉല്പാദക കമ്പനികള്‍  ( എഫ്.പി.ഒ.) ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.കേന്ദ്ര കേരള സര്‍ക്കാരുകളുടെ കാര്‍ഷിക നയങ്ങളും പുതിയ സമീപനങ്ങളും  കാര്‍ഷികോല്‍പ്പാദക കമ്പനികള്‍ക്ക് അനുകൂലമാണ്. പലിശരഹിത വായ്പ കൂടി ലഭ്യമാക്കണമെന്ന ഒരാവശ്യം കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ട്. 

തയ്യാറാക്കിയത് : സി.വി ഷിബു

Content highlights: Agriculture, FPO, Farmer, Flood, Farmers producer organisation

(വയനാട് ജില്ലയിലെ ഉല്പാദക കമ്പനികളുടെ ഏകോപന സമിതി   കണ്‍വീനര്‍ ആണ് ലേഖകന്‍. ഫോണ്‍ : 9656347995. )