ലക്കിടി: രണ്ടര പതിറ്റാണ്ടായി തുടരുന്ന ജലക്ഷാമത്തിന് പരിഹാരമില്ലാതെ ലക്കിടിയിലെ നെല്‍ക്കര്‍ഷകര്‍. ലക്കിടി -പേരൂര്‍ പഞ്ചായത്തില്‍ മെച്ചപ്പെട്ട നെല്ലുത്പാദനം നടക്കുന്ന പാടശേഖരങ്ങളാണ് ലക്കിടിയിലെ അടിയമ്പാടം പാടശേഖരസമിതിയും പടിഞ്ഞാറെ പാടശേഖരസമിതിയും. 

രണ്ട് സമിതികളിലുമായി 110 ഏക്കറിലധികം നെല്‍ക്കൃഷിയുണ്ട്. സമിതികളിലെ കര്‍ഷകര്‍ കനാല്‍വെള്ളത്തിന് പണംകെട്ടാറുണ്ടെങ്കിലും വയലിലേയ്ക്ക് വെള്ളമെത്താന്‍ കര്‍ഷകര്‍ ഏറെ പണിപ്പെടണം. കൈക്കനാലില്‍നിന്ന് പറമ്പിലൂടെ ഒഴുക്കി കുളത്തിലെത്തിച്ച് കുളത്തിന് സമീപത്തെ തോടിലൂടെ ഒഴുക്കിയാണ് കനാല്‍വെള്ളം വയലുകളിലേക്കെത്തിക്കുന്നത്.

ഇരുപൂവല്‍ വിളയെടുത്തിരുന്ന കര്‍ഷകരില്‍ പലരും ഇതുമൂലം കൃഷിയില്‍നിന്ന് പിന്മാറുന്ന അവസ്ഥയാണ് നിലവിലുള്ളത്. നിലവിലെ കൈക്കനാലില്‍നിന്ന് 100 മീറ്റര്‍ നീളത്തില്‍ ചെറിയ കൈക്കനാല്‍ നിര്‍മിച്ചാല്‍ കര്‍ഷകരുടെ വെള്ളപ്രശ്‌നം ശാശ്വതമായി പരിഹരിക്കാം. 

വെള്ളപ്രശ്‌നവുമായി പലതവണ പല ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും പ്രശ്‌നപരിഹാരം ഇനിയുമകലെയാണെന്നാണ് കര്‍ഷകരുടെ പരാതി. ബന്ധപ്പെട്ടവരുടെ അവഗണന തുടര്‍ന്നാല്‍ ഏക്കര്‍കണക്കിന് നെല്‍വയലുകള്‍ തരിശിടേണ്ടിവരുമെന്നും കര്‍ഷകര്‍ പറയുന്നു.

Content highlights: Paddy field, Agriculture, Organic farming, Farmer, Lakkidi