ആലപ്പുഴ: വെള്ളരിക്ക് വിളവെടുപ്പ് കാലം. വിലയും വിപണനമാര്‍ഗ്ഗവും ഇല്ലാത്തതിനാല്‍ കരപ്പുറത്തെ ഇടവിളക്കര്‍ഷകര്‍ ദുരിതത്തില്‍. കിലോക്ക് 25 മുതല്‍ 30 വരെ മാര്‍ക്കറ്റില്‍ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുമ്പോള്‍ കര്‍ഷകര്‍ക്ക് കിട്ടുന്നത് കേവലം 10 രൂപ മാത്രം. കൊയ്ത്തുകഴിഞ്ഞ പാടത്ത് ഇടവിളയായി കര്‍ഷകര്‍ പച്ചക്കറി കൃഷിചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് വെള്ളരിയെയാണ്.

കേവലം 65 ദിവസം കഴിഞ്ഞാല്‍ വെള്ളരി വിളവെടുപ്പ് തുടങ്ങാം. വിളവെടുപ്പും മൂന്നുമാസംവരെ നീണ്ടുനില്‍ക്കും. അധികം ചെലവില്ലാതെ മികച്ച വിളവ് കിട്ടുന്നതിനാലാണ് വെള്ളരിയോട് കര്‍ഷകര്‍ക്ക് പ്രിയമേറാന്‍ കാരണം. തമിഴ്നാടന്‍ വെള്ളരി വളരെ തുച്ഛമായ വിലയ്ക്ക് ലഭിക്കുമെന്നതിനാല്‍ കച്ചവടക്കാര്‍ക്ക് നാടന്‍ വെള്ളരിയോട് താത്പര്യമില്ല.

വെള്ളരിക്ക് വലിയ ഡിമാന്‍ഡില്ലെന്നും കച്ചവടക്കാര്‍ പറയുന്നു. കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, പള്ളിപ്പുറം, ചേര്‍ത്തല തെക്ക് എന്നിവിടങ്ങളിലാണ് വെള്ളരിത്തോട്ടങ്ങള്‍ കൂടുതലായി കാണുന്നത്.

പ്രതിദിനം നൂറുകിലോ വെള്ളരി വിളവെടുപ്പ് നടത്തുന്ന കര്‍ഷകര്‍ വരെയുണ്ട്. ജൈവപച്ചക്കറി തേടിയെത്തുന്ന കൊച്ചിയിലെ ജൈവപച്ചക്കറി വില്പനക്കാര്‍ക്ക് പോലും വെള്ളരിയോട് താത്പര്യമില്ല. പയര്‍, പാവല്‍, ചീര തുടങ്ങിയ ഇനങ്ങളാണ് ഇവര്‍ക്ക് വേണ്ടത്. സര്‍ക്കാരിന്റെ സംഭരണകേന്ദ്രമായ ഹോര്‍ട്ടികോര്‍പ്പും വെള്ളരി സംഭരിക്കാന്‍ രംഗത്തിറങ്ങിയിട്ടില്ല. മത്തനും ഇളവനും കൃഷി ചെയ്തവര്‍ക്കും ഇതേ അവസ്ഥയാണ്. വിഷുവിന് മികച്ച വില കിട്ടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. ഇത്തവണ കാലാവസ്ഥ അനുകൂലമായതിനാല്‍ മികച്ച വിളവാണ് വെള്ളരി കര്‍ഷകര്‍ക്ക് കിട്ടിയത്.
 
കര്‍ഷകരുടെ വിഷമത്തിന് പരിഹാരം കാണും

വെള്ളരിയും മത്തനും ഇളവനും കൃഷിചെയ്ത കര്‍ഷകരുടെ വിഷമത്തിന് പരിഹാരം കാണും. കൃഷിഭവനുകളിലെ ആഴ്ചച്ചന്തകള്‍ കര്‍ഷകര്‍ പ്രയോജനപ്പെടുത്തണം- ജെ.പ്രേംകുമാര്‍, പ്രിന്‍സിപ്പല്‍, കൃഷി ഓഫീസര്‍

വെള്ളരിക്ക് 20 രൂപയെങ്കിലും കിട്ടണം.

ക്ഷീരസംഘങ്ങള്‍ പാല്‍ സംഭരിക്കുന്നതുപോലെ പച്ചക്കറി സംഭരിക്കാന്‍ സംവിധാനം വേണം. വി.പി.സുനില്‍ ജൈവകര്‍ഷകന്‍ കഞ്ഞിക്കുഴി