അന്നമനട: മണ്ണിന്റെ ഗുണമേന്മയും സാധ്യതകളും പഠിച്ച് കൃഷിയിലേക്കിറങ്ങാന്‍ അന്നമനടയിലെ കര്‍ഷകര്‍. അന്നമനട, മാള, കുഴൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍നിന്നു ശേഖരിച്ച മണ്ണ് പരിശോധനയ്ക്കു വിധേയമാക്കി. പ്രളയം ബാധിച്ച പ്രദേശങ്ങളുള്‍പ്പെടുത്തിയാണ് പരിശോധന നടത്തിയത്. മണ്ണിന്റെ പരിശോധനാഫലത്തോടൊപ്പം കാര്‍ഷിക മികവിനുള്ള നിര്‍ദേശങ്ങളും കര്‍ഷകര്‍ക്ക് കൈമാറി. കൃഷി വിജ്ഞാനകേന്ദ്രത്തിലെ ഉദ്യോഗസ്ഥരാണ് മണ്ണു പരിശോധിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചത്. പ്രളയശേഷം പലഭാഗങ്ങളിലും കൃഷി പ്രതിസന്ധിയിലായിരുന്നു. മണ്ണിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പരിശോധന വ്യാപകമാക്കിയത്. 

മണ്ണു പരിശോധനാഫലം ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി കൈമാറി. വെണ്ണൂര്‍ സഹകരണബാങ്കും ജില്ലാ കൃഷിവിജ്ഞാനകേന്ദ്രവും നബാര്‍ഡുമാണ് കര്‍ഷകര്‍ക്ക് ആശ്വാസവും ദിശാബോധവും നല്‍കി ലോക മണ്ണുദിനാചരണം നടത്തിയത്. സെമിനാറും ലോക മണ്ണുദിനാചരണവും അസി. കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വെണ്ണൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് പോളി ആന്റണി അധ്യക്ഷത വഹിച്ചു.

മണ്ണറിഞ്ഞ് എന്ന വിഷയത്തില്‍ കാര്‍ഷിക സര്‍വകലാശാലാ പ്രൊഫസര്‍ ഡോ.പി. സുരേഷ് കുമാര്‍ ക്ലാസ് നയിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ടെസി ടൈറ്റസ് (അന്നമനട), പി. ശാന്തകുമാരി (കുഴൂര്‍), പി.കെ. സുകുമാരന്‍ (മാള), ബാങ്ക് സെക്രട്ടറി ഇ.ഡി. സാബു, ദീപാ എസ്.പിള്ള എന്നിവര്‍ പ്രസംഗിച്ചു.

Content highlights: Annamanada, Agriculture, Organic farming, Soil