നിലമ്പൂര്‍: അടയ്ക്കവില മുന്‍കാലങ്ങളെ അപേക്ഷിച്ച് കുതിക്കുന്നു. കൊട്ടടയ്ക്കക്ക് കിലോയ്ക്ക് 430 രൂപയിലെത്തി. മികച്ച വില ലഭിക്കുന്നത് കോവിഡ് നാളുകളിലും കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിപ്പോള്‍ ലഭിക്കുന്നതെന്ന് അകമ്പാടത്തുള്ള വ്യാപാരി കുഞ്ഞാലി പറഞ്ഞു.

പഴുക്കടക്ക കിലോയ്ക്ക് 70 രൂപയും പച്ച അടക്കയ്ക്ക് 56 രൂപയുമാണ് വില. വരുംദിവസങ്ങളില്‍ വീണ്ടും വില ഉയരുമെന്നാണ് സൂചന. ശരിയായ രീതിയില്‍ മഴയും കാലാവസ്ഥയും നിലനിന്നതിനാല്‍ ഈ വര്‍ഷം എല്ലാ തോട്ടങ്ങളിലും നല്ല വിളവുണ്ടായിട്ടുണ്ട്. മഹാളി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മൂലം കവുങ്ങുകള്‍ വ്യാപകമായി നശിച്ചതിനാല്‍ അടയ്ക്കയുടെ വരവ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവാണ്.

Content Highlights: Farmers cheer as prices of arecanut see sharp rise