ഒറ്റപ്പാലം: വെള്ളപ്പൊക്കം ഒന്നാംവിളയിലുണ്ടാക്കിയ നഷ്ടം തീരുന്നതിനിടെ രണ്ടാംവിള നെല്‍ക്കൃഷിക്കൊരുങ്ങി ഒറ്റപ്പാലത്തെ കര്‍ഷകര്‍. ഒറ്റപ്പാലം ബ്ലോക്കിന് കീഴില്‍ ഏകദേശം 2,400 ഹെക്ടര്‍ നെല്‍ക്കൃഷി രണ്ടാംവിളയായി ചെയ്യാനാണ് കര്‍ഷകരും കൃഷിഭവനുകളും ഒരുങ്ങുന്നത്.

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പാലത്തെ പ്രധാന കൃഷിമേഖലകളില്‍ മിക്കയിടത്തും പാടത്ത് വരമ്പുകള്‍ തകര്‍ന്ന അവസ്ഥയിലായിരുന്നു. ഇതുമൂലം പാടത്തൊന്നും വെള്ളം നില്‍ക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. പാടത്തെ മുകളിലെ പ്രതലത്തിലെ ഗുണമേന്മയുള്ള മണ്ണെല്ലാം ഒലിച്ചുപോയിട്ടുണ്ട്. ഒപ്പം വെള്ളംനില്‍ക്കാതെ വരുന്നതോടെ പാടമെല്ലാം വരണ്ട് വിണ്ടുകീറിയ സ്ഥിതിയിലായി.

നെല്ലായ, അമ്പലപ്പാറ, ലക്കിടി ഭാഗങ്ങളിലാണ് ഈ പ്രശ്‌നം കൂടുതല്‍. ഇതുമൂലം കഴിഞ്ഞ തവണത്തേക്കാള്‍ ഏകദേശം 500 ഹെക്ടര്‍ കൃഷി കുറവാണ് ഇത്തവണ. ഒന്നാംവിള കൃഷിയിലും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവാണ് ഇത്തവണ നടന്നത്. 1,800 ഹെക്ടര്‍ നെല്‍ക്കൃഷി കഴിഞ്ഞതവണ നടന്നപ്പോള്‍ ഇത്തവണ അത് 1,280 ഹെക്ടറായി കുറഞ്ഞിരുന്നു. അതില്‍ 95 ശതമാനത്തോളം വെള്ളപ്പൊക്കത്തില്‍ ഇല്ലാതാവുകയും ചെയ്തു. പല പാടങ്ങളിലും പച്ചപ്പുണ്ടെങ്കിലും ചെളിവന്നടിഞ്ഞ് ഇവയിലെ വിളവെല്ലാം നശിച്ചെന്നാണ് കൃഷിവകുപ്പധികൃതര്‍ പറയുന്നത്.

പ്രതീക്ഷ തുലാമഴയില്‍

ഒറ്റപ്പാലത്ത് 2,400 ഹെക്ടറോളം രണ്ടാംവിള നെല്‍ക്കൃഷി തുടങ്ങിയിട്ടുണ്ട്. വരണ്ടുകിടക്കുന്ന പാടങ്ങള്‍ പ്രശ്നമാണ്. തുലാമഴയിലാണ് പ്രതീക്ഷയത്രയും.

എ.സി. ആശാനാഥ്,
ഒറ്റപ്പാലം കൃഷി അസി. ഡയറക്ടര്‍