കയ്പ മുളച്ചില്ല, പയറിന് വിളവില്ല, ചേന പന്നി മാന്തി, നേന്ത്രയ്ക്ക് വിലയില്ല... ഓണം പിറക്കുമ്പോഴും കര്‍ഷകന്റെ കണ്ണീരിന് അവസാനമില്ല. കോവിഡ് അടച്ചിടലും കാലംതെറ്റി പെയ്ത മഴയും പച്ചക്കറി കൃഷിയെ രൂക്ഷമായി ബാധിച്ചു. വിപണിയില്‍ വാങ്ങുന്ന വിലയുടെ പകുതിയോളമേ കര്‍ഷകന് ലഭിക്കുന്നുള്ളു.

മുമ്പ് 14 ടണ്‍, ഇപ്പോള്‍ ആയിരം കിലോ

കോവിഡ് ബാധിക്കുംമുമ്പ് 14 ടണ്‍ വരെ പയര്‍ കയറ്റിയ സ്ഥലത്ത് ഇപ്പോള്‍ കിട്ടുന്നത് ആയിരം കിലോ മാത്രം. തൃശ്ശര്‍ ജില്ലയിലെ പച്ചക്കറികൃഷിയുടെ ആസ്ഥാനമായ പഴയന്നൂര്‍, ചേലക്കര പഞ്ചായത്തുകളിലെ സ്ഥിതിയാണിത്. വില അതിനേക്കാള്‍ കഷ്ടം. കിലോയ്ക്ക് 22 രൂപയ്ക്കുവരെ വില്‍ക്കേണ്ടിവരുന്നു. മുമ്പ് അറുപതു രൂപ കിട്ടിയിരുന്നതാണ്. മുന്‍വര്‍ഷങ്ങളിലെ ഓണത്തിനോടടുത്ത ദിവസങ്ങളില്‍ 100 രൂപവരെയായിട്ടുണ്ട്.

ഓണം അടുത്താലും ഇപ്പോഴത്തെ വില അധികമൊന്നും കയറില്ല. എന്നാല്‍ മാര്‍ക്കറ്റില്‍നിന്ന് വാങ്ങുമ്പോള്‍ പയറിന് കിലോയ്ക്ക് 70 രൂപ നല്‍കണം. പഴയന്നൂര്‍ പഞ്ചായത്തില്‍ 25 ഏക്കറോളം സ്ഥലത്താണ് പയര്‍ കൃഷി. വിളകള്‍ക്ക് മുരടിപ്പ് പിടിപെട്ടതും വിനയായെന്ന് എളനാട്ടിലെ കര്‍ഷകന്‍ ഗോപകുമാര്‍ പറയുന്നു. ഭൂമി പാട്ടത്തിനെടുത്ത് പയര്‍കൃഷി നടത്തിയവര്‍ പലരും നിര്‍ത്തി.

കയറ്റി അയയ്ക്കല്‍ നിലച്ചു

കേരളത്തിലെ ഒട്ടുമിക്ക മാര്‍ക്കറ്റുകളിലേക്കും പഴയന്നൂര്‍, ചേലക്കര ഭാഗങ്ങളില്‍ വിളയുന്ന പയര്‍ കയറ്റിയയച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇങ്ങനെ ഒരാവശ്യം വന്നേ ഇല്ല. ഇതും കര്‍ഷകരെ പ്രതിസന്ധിയിലാക്കി. കോട്ടയം, ചങ്ങനാശേരി തുടങ്ങിയ മാര്‍ക്കറ്റുകളില്‍പോലും ഇവിടെനിന്നുള്ള പയര്‍ പ്രിയമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളും കടകള്‍ അടഞ്ഞുകിടക്കുന്നതുമെല്ലാം ഇതിനു കാരണമായിട്ടുണ്ടാകാം.

പാവയ്ക്ക ശരിക്കും 'കയ്ച്ചു'

പാവയ്ക്ക കൃഷിചെയ്തവര്‍ക്കും ഇത്തവണ പ്രതിസന്ധി. വിളവു കുറവായിരുന്നു. അഞ്ചുകിലോ വരെ ഒരു തടത്തില്‍നിന്നു കിട്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ ഒരു കിലോയാണ് കിട്ടുന്നത്. വെള്ളി ഈച്ചയുടെ ശല്യം പലയിടത്തും രൂക്ഷം. 40 മുതല്‍ 45 രൂപ വരെയാണ് കര്‍ഷകന് കിട്ടുന്നത്. വിപണിയില്‍നിന്നു വാങ്ങുമ്പോള്‍ അറുപതു രൂപയോളം കൊടുക്കണം.

വന്യമൃഗശല്യം

പഴയന്നൂരിലെ ചേനകൃഷിക്ക് വിനയായത് പന്നിശല്യം. നട്ടതെല്ലാം കുത്തിമറിച്ചിട്ടു. നട്ട പയര്‍വിത്തുകള്‍ മയിലുകള്‍ ഇറങ്ങി കൊത്തിത്തിന്നു. പലയിടത്തും മൂന്നാംവട്ടം നട്ടപ്പോഴാണ് മുളച്ചുകിട്ടിയതെന്ന് കര്‍ഷകര്‍ പറഞ്ഞു.

Content Highlights: Farmers Are in Crisis