പാളക്കൊല്ലിയിൽ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ച നെൽക്കൃഷി, കുറിച്ചിപ്പറ്റയിൽ കാട്ടാന നശിപ്പിച്ച നെൽക്കൃഷി
പുല്പള്ളി: കൊയ്യാറായ നെല്‍പ്പാടങ്ങളില്‍ കാട്ടാനയും കാട്ടുപന്നിയും വിഹരിക്കുന്നത് പതിവായതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങി കര്‍ഷകര്‍. ബാങ്കില്‍നിന്ന് വായ്പയെടുത്തും ആളുകളില്‍നിന്ന് പണം കടംവാങ്ങിയും കൃഷിയിറക്കി അതുമുഴുവന്‍ ഒറ്റരാത്രികൊണ്ട് വന്യമൃഗങ്ങള്‍ ഇല്ലാതാക്കുകയാണ്. പാളക്കൊല്ലിയില്‍ കഴിഞ്ഞദിവസങ്ങളില്‍ കാട്ടുപന്നി വ്യാപകമായി നെല്‍ക്കൃഷി നശിപ്പിച്ചു. യുവ കര്‍ഷകനായ ഉദയക്കര സുജിത് ദാസിന്റെ ഒരേക്കര്‍ പാടത്തെ ഗന്ധകശാല കൃഷിയാണ് പന്നിക്കൂട്ടം കഴിഞ്ഞദിവസം നശിപ്പിച്ചത്. 30-ഓളം കാട്ടുപന്നികളടങ്ങുന്ന കൂട്ടമാണ് സമീപത്തെ വനത്തില്‍നിന്ന് പാടത്തേക്കെത്തിയത്. കൃത്യമായ പ്രതിരോധമാര്‍ഗങ്ങള്‍ വനംവകുപ്പ് സ്വീകരിക്കാത്തതിനാല്‍ കൃഷിചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
യുവകര്‍ഷകനായ സുജിത് ദാസ് പലരോടും കടംവാങ്ങിയും മറ്റുമാണ് പാടത്ത് കൃഷിയിറക്കിയത്. കാട്ടാന കൃഷി നശിപ്പിക്കാതിരിക്കാന്‍ മിക്കദിവസങ്ങളിലും ഉറക്കമില്ലാതെ കാവിലിരുന്നാണ് കൊയ്ത്തിന് പാകമാക്കിയത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും ഒറ്റ രാത്രികൊണ്ട് കാട്ടുപന്നിക്കൂട്ടം തകിടംമറിച്ചു. സുജിത് മുമ്പ് ചെയ്തിരുന്ന കൃഷി കാട്ടാന നശിപ്പിച്ചിട്ടുണ്ട്. എങ്കിലും കൃഷിയോടുള്ള താത്പര്യവും പ്രതീക്ഷയുമാണ് വീണ്ടും കൃഷിയിറക്കാന്‍ പ്രേരിപ്പിച്ചത്. എന്നാലിപ്പോള്‍ കടംവാങ്ങിയിറക്കിയ കൃഷി നശിച്ചതോടെ വന്‍ സാമ്പത്തിക ബാധ്യതയിലായിരിക്കുകയാണ് ഈ യുവ കര്‍ഷകന്‍. കാട്ടാനയും കാട്ടുപന്നിയുമടക്കമുള്ള വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങി കൃഷിനശിപ്പിക്കുന്നത് തടയാന്‍ പ്രതിരോധമാര്‍ഗങ്ങള്‍ ആവശ്യപ്പെട്ട് പലതവണ വനംവകുപ്പിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് കര്‍ഷകരുടെ പരാതി. കൃഷിനശിച്ച നെല്‍പ്പാടം സന്ദര്‍ശിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പലതവണ ആവശ്യപ്പെട്ടെങ്കിലും മോശമായ പെരുമാറ്റമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സുജിത് പറഞ്ഞു.
ചെതലയം റേഞ്ചിലെ പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കുറിച്ചിപ്പറ്റയിലും കഴിഞ്ഞദിവസങ്ങളില്‍ നെല്‍ക്കൃഷി കാട്ടാനയും കാട്ടുപന്നിയുമിറങ്ങി നശിപ്പിച്ചു. മൈലാടി സുശീല, പ്രവീണ്‍ എന്നിവരുടെ അഞ്ചേക്കറോളം പാടത്തെ കൃഷിയാണ് ആന ചവിട്ടിമെതിച്ചത്. ഇവിടെ വനാതിര്‍ത്തിയില്‍ വൈദ്യുതവേലിയുണ്ടെങ്കിലും മറികടന്ന് ആനയെത്തുന്നത് പതിവായിരിക്കുകയാണ്. വനംവകുപ്പ് വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
Content Highlights: farmers leaving paddy farming, wild animals attack, no action from wildlife department, wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..