എറണാകുളം: പ്രളയത്തിന്റെ കണ്ണീരുണങ്ങാത്ത കൃഷിയിടത്തിലേക്ക് രാജപ്പന്‍ വീണ്ടും ഇറങ്ങുകയാണ്, വിളവെടുപ്പിന്റെ കാലം വരുമെന്ന പ്രതീക്ഷയില്‍... പാട്ടത്തിനെടുത്ത പാടത്ത് കൃഷിചെയ്ത 1,000 ഏത്തവാഴകളാണ് മണ്ണടിഞ്ഞത്. മരച്ചീനി കൃഷിയുമുണ്ടായിരുന്നു. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടമായി. എങ്കിലും, അടുത്ത കൃഷിയിറക്കാന്‍ പാടത്ത് വെള്ളമുണങ്ങാന്‍ കാത്തിരിക്കുകയാണ് രാജപ്പന്‍. 

പാറമടത്തൊഴിലാളിയായിരുന്നു ചെട്ടിനട മൂലേടത്തുംകുടി രാജപ്പന്‍. 12 കൊല്ലം മുന്‍പ് ജോലിക്കിടെ തോട്ടപൊട്ടി വലതുകൈ മുട്ടിനു കീഴെ വേര്‍പെട്ടുപോയി. പിന്നീടാണ് കൃഷിപ്പണിയിലേക്കിറങ്ങിയത്. പണിയില്ലാത്ത ദിവസങ്ങളില്‍ വെറുതെയിരിക്കാന്‍ കഴിയാത്തതിനാല്‍ തരിശുകിടന്ന പാടം പാട്ടത്തിനെടുത്ത് ഏത്തവാഴയും കപ്പയും കൃഷി ചെയ്തു. വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണി ആശ്രയിച്ച് മൂന്ന് പെണ്‍മക്കളുള്ള കുടുംബം പുലര്‍ത്താന്‍ കഴിയാതെ വന്നപ്പോഴാണ് പാട്ടകൃഷിയിലേക്ക് തിരിഞ്ഞത്. പുറംപണികള്‍ ഇല്ലാത്ത ദിവസങ്ങളില്‍ ഭാര്യയോടൊപ്പം പാടത്ത് പണിക്കിറങ്ങും. 

രണ്ടുകൊല്ലം തരക്കേടില്ലാതെ പോയി. ഇക്കൊല്ലം പ്രളയം ചതിച്ചു. ഓണനാളുകളില്‍ വിളവെടുക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന വാഴക്കുലകളത്രയും വെള്ളംകയറി നശിച്ചു. മീമ്പാറക്ക് സമീപം വട്ടപ്പാടത്ത് രാജപ്പന്റെ കൃഷിയിടത്തില്‍ രണ്ടാള്‍ പൊക്കത്തിലായിരുന്നു വെള്ളം. കറിക്കായയ്ക്ക് മാത്രം കുറച്ച് കിട്ടിയെന്ന് രാജപ്പന്‍ പറയുന്നു.

 റോഡരികില്‍ നിന്ന വാകമരത്തിന്റെ തലപ്പ് ചൂണ്ടിക്കാട്ടി രാജപ്പന്‍ വെള്ളംകയറിയ ഉയരം കാണിച്ചുതന്നു. മൂന്ന് ദിവസം വെള്ളത്തില്‍ മുങ്ങിനിന്ന തണല്‍ മരങ്ങളുടെ തലപ്പുവരെ ചീഞ്ഞുതുടങ്ങിയിരിക്കുന്നു.

 മലവെള്ളത്തില്‍ ഒടിഞ്ഞുവീണ വാഴകള്‍ക്കിടയില്‍ ഒഴുകിപ്പോയ കമുകിന്റെ ഊന്നുകാലുകള്‍ പെറുക്കിയെടുക്കുകയാണ് രാജപ്പനും ഭാര്യയും. അടുത്ത ഓണത്തിനെങ്കിലും ഈ ഊന്നുകാലുകള്‍ കൃഷിക്ക് താങ്ങാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Content highlights: Agriculture, Organic farming, Farmer