തിരുവനന്തപുരം: എസ്.ബി.ഐ.യില്‍ അക്കൗണ്ടുള്ള കര്‍ഷകര്‍ക്ക് സീറോ ബാലന്‍സിന്റെ പേരില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് നടപടിയെടുക്കുമെന്ന് എസ്.ബി.ഐ. ജനറല്‍ മാനേജര്‍ ആദികേശവന്‍ അറിയിച്ചതായി കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.

sunil kumar
വി.എസ് സുനില്‍ കുമാര്‍| (മാതൃഭൂമി ആര്‍ക്കൈവ്‌)

എസ്.ബി.ഐയിലെ കാര്‍ഷിക വായ്പയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ബാങ്ക് പുതിയ വെബ് പോര്‍ട്ടല്‍ തുടങ്ങും. ഇതിലൂടെ കര്‍ഷകര്‍ക്ക് പരാതികള്‍ ഉന്നയിക്കാം. ഇവയ്ക്ക് കേന്ദ്രിതമായി ബാങ്ക് അധികൃതര്‍ പരിഹാരം കാണും.

നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് കഴിഞ്ഞ ദിവസം സപ്ലൈകോയുമായി കരാര്‍ ഒപ്പുവെച്ചു. കര്‍ഷകര്‍ നെല്ല് ഏറ്റെടുത്തതായുള്ള രസീത് പാഡി ഓഫീസില്‍ നല്‍കിയാല്‍ ബാങ്കധികൃതര്‍ അവിടെനിന്ന് ശേഖരിച്ച് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം നല്‍കും.

കൃഷി വകുപ്പിലെ 217 കൃഷി ഓഫീസര്‍മാരുടെ ഒഴിവ് രണ്ടു ദിവസംകൊണ്ട് പി.എസ്.സി. വഴി നികത്തും. പകുതിയോളം പേര്‍ക്ക് ബുധനാഴ്ചതന്നെ കൗണ്‍സലിങ് കഴിഞ്ഞ് നിയമന ഉത്തരവ് നല്‍കി. ബാക്കിയുള്ളവര്‍ക്ക് വ്യാഴാഴ്ച നിയമന ഉത്തരവ് നല്‍കും. ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് നിയമനം നല്‍കുന്നത് ആദ്യമാണെന്നും മന്ത്രി പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ജനറല്‍ മാനേജര്‍ ആദികേശവന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കൃഷ്ണറാവു, അശോക് പീര്‍, എ.ജി.എം. ഇന്ദു പാര്‍വതി എന്നിവരാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

മാസത്തിലെ ആദ്യ ബുധനാഴ്ച കൃഷിമന്ത്രി വിളിപ്പുറത്ത്

എല്ലാ മാസവും ആദ്യ ബുധനാഴ്ച വൈകീട്ട് 5.30 മുതല്‍ ആറു വരെ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറുമായി കര്‍ഷകര്‍ക്ക് സംസാരിക്കാന്‍ അവസരമൊരുക്കുന്ന കോള്‍ സെന്റര്‍ പദ്ധതി വരുന്നു. 'കൃഷിമന്ത്രി വിളിപ്പുറത്ത്' എന്ന പരിപാടിക്ക് നവംബര്‍ ഒന്നിന് തുടക്കമാകും.

വര്‍ഷത്തില്‍ എല്ലാ ദിവസവും 24 മണിക്കൂറും കര്‍ഷകരുടെ സംശയങ്ങള്‍ക്കും പരാതികള്‍ക്കും വിദഗ്ധരില്‍നിന്ന് ടെലിഫോണ്‍ വഴി മറുപടി ലഭിക്കുന്ന സംവിധാനമാണിത്. കൃഷിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ക്കൊപ്പം കര്‍ഷകര്‍ക്കുള്ള കൗണ്‍സലിങ്ങുമുണ്ടാകും. ഇതിന്റെ ഫോണ്‍നമ്പര്‍ അടുത്ത ദിവസം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.