പാലക്കാട്: ജില്ലയില്‍ രണ്ടാംവിള കൊയ്ത്ത് തുടങ്ങിയതോടെ അതിര്‍ത്തികടന്നെത്തുന്ന മറുനാടുകളില്‍ കൊയ്ത്ത് യന്ത്രങ്ങള്‍ കര്‍ഷകരുടെ കൈപൊള്ളിക്കുന്നു. ഭീമമായ വാടകയാണ് പലയിടങ്ങളിലും കൊയ്ത്ത് യന്ത്രങ്ങള്‍ക്കായി ഏജന്റുമാര്‍ വാങ്ങുന്നത്. ഒരുമണിക്കൂര്‍ കൊയ്ത്തിന് 2000 മുതല്‍ 2300 രൂപവരെയാണ് കര്‍ഷകര്‍ നല്‍കുന്നത്. കഴിഞ്ഞ ഒന്നാംവിളക്കാലത്ത് 1900 മുതല്‍ 2000 രൂപവരെ മാത്രം വാടക നല്‍കിയിരുന്ന സ്ഥാനത്താണിത്.

തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് ഏജന്റുമാര്‍മുഖേന കൊയ്ത്ത് യന്ത്രങ്ങളെത്തുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി മികച്ചവിളവാണ് ഇക്കുറി രണ്ടാംവിള നെല്‍ക്കൃഷിയില്‍ ഉണ്ടായിരിക്കുന്നത്. ഇത് മുതലെടുത്ത് ലാഭംകൊയ്യാനുള്ള ഏജന്റുമാരുടെ ശ്രമമാണ് അമിതവാടകയ്ക്ക് പിന്നിലെന്നാണ് കര്‍ഷകരുടെ ആരോപണം.

കഴിഞ്ഞ ഒന്നാംവിളയ്ക്കിപ്പുറം ആറുമാസത്തിനുശേഷം നടക്കുന്ന രണ്ടാംവിളക്കൊയ്ത്തിന് 300 രൂപവരെയാണ് അമിതമായി ഈടാക്കുന്നത്. ഡീസല്‍വില ഉയര്‍ന്നെന്ന കാരണമാണ് കര്‍ഷകരോട് ഏജന്റുമാര്‍ പറയുന്നത്. അഞ്ചേക്കര്‍ കൊയ്ത് തീരണമെങ്കില്‍ ഏകദേശം ആറുമണിക്കൂറോളം വേണം. പാടത്തേക്ക് വരാനാകാത്ത ട്രാക്ടറിലേക്ക് യന്ത്രത്തില്‍ കൊയ്‌തെടുത്ത നെല്ല് എത്തിക്കണമെങ്കില്‍ ഒരുമണിക്കൂറോളം പിന്നെയും വേണം. ചുരുക്കത്തില്‍ അഞ്ച് ഏക്കറിനുമാത്രം 16,100 രൂപയാണ് നല്‍കേണ്ടിവരുന്നത്. ചെറുകിട കര്‍ഷകരാണ് കൂടുതല്‍ വെട്ടിലാകുന്നത്. കൊയ്ത്ത് സജീവമാകുന്ന ചിറ്റൂര്‍ പ്രദേശത്തടക്കം ഇത്തരത്തില്‍ വാടകനിരക്ക് ഈടാക്കുന്നുണ്ടെന്ന് താണിയംപാടം പാടശേഖരസമിതി സെക്രട്ടറി പള്ളത്താംപുള്ളി ആര്‍. ഗോപി പരാതിപ്പെടുന്നു. കൃഷിവകുപ്പധികൃതര്‍ ഇടപെട്ട് അമിതവാടക നിയന്ത്രിക്കണമെന്നാണ് ആവശ്യം.

കൃഷിവകുപ്പിന്റെ 10 കൊയ്ത്ത് യന്ത്രങ്ങളില്‍ ഏഴും കട്ടപുറത്ത്

സ്വകാര്യകൊയ്ത്ത് യന്ത്രക്കാരുടെ ചൂഷണംതടയാനും, കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ കൊയ്ത്ത് സാധ്യമാക്കാനുമായി കൃഷിവകുപ്പിനുകീഴില്‍ 10 കൊയ്ത്ത് യന്ത്രങ്ങള്‍ ജില്ലയിലുണ്ട്. എന്നാലതില്‍ ഏഴെണ്ണവും കട്ടപ്പുറത്താണ്. മൂന്നെണ്ണംമാത്രമാണ് പ്രവര്‍ത്തനസജ്ജം. 1300 രൂപയാണ് വാടകനിരക്ക്. കാലപ്പഴക്കവും മറ്റും മൂലം കേടുവന്നവയാണ് ഏഴ് യന്ത്രങ്ങളെന്നും, നന്നാക്കിയെടുക്കാനുള്ള നടപടിയിലാണെന്നും ജില്ലാ കൃഷിവകുപ്പ് അസി. എന്‍ജിനീയര്‍ സാം കെ. ജെയിംസ് പറഞ്ഞു. ചില പഞ്ചായത്തുകളില്‍ തനതുഫണ്ടുപയോഗിച്ച് യന്ത്രങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കിലും അവയിലും ചിലതുമാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

മാതൃകയായി ആലത്തൂര്‍ പദ്ധതി

മറുനാടന്‍ കൊയ്ത്ത് യന്ത്രലോബികളെ തടയാന്‍ ആലത്തൂരില്‍ രണ്ടുവര്‍ഷംമുമ്പ് ആരംഭിച്ച പദ്ധതിയാണ് കൊയ്ത്തിനൊരു കൈത്താങ്ങ്. കെ.ഡി. പ്രസേനന്‍ എം.എല്‍.എ.യുടെ നിയോജകമണ്ഡലത്തില്‍, സമഗ്ര കാര്‍ഷികവികസനപദ്ധതി 'നിറ' യുടെ ഭാഗമായാണ് ഇത് തുടങ്ങിയത്. മറുനാടുകളില്‍നിന്ന് യന്ത്രംവാടകയ്‌ക്കെടുത്ത് കര്‍ഷകക്കൂട്ടായ്മക്ക് കുറഞ്ഞവിലയില്‍ നല്‍കുന്നതാണ് പദ്ധതി. തത്ഫലമായി യന്ത്രങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ മറുനാടന്‍നലോബിക്കാരും നിര്‍ബന്ധിതരാവും.

Content highlights: Agriculture, Organic farming, Farmer