കൊച്ചി: കീടനാശിനി രഹിത പഴവര്‍ഗങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതിയുമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം. വീടിന്റെ മട്ടുപ്പാവില്‍ പഴത്തോട്ടം ഒരുക്കുന്ന രീതികള്‍ പരിചയപ്പെടുത്തുകയും സാങ്കേതിക സഹായങ്ങള്‍ നല്‍കി ഫലവൃക്ഷത്തൈകള്‍ ലഭ്യമാക്കുകയുമാണ് സി.എം.എഫ്.ആര്‍.ഐ.ക്ക് കീഴിലുള്ള കെ.വി.കെ.യുടെ പദ്ധതി.

പച്ചക്കറിക്ക് പുറമെ, പഴങ്ങളുടെ ഉത്പാദനത്തിലും സ്വയം പര്യാപ്തത കൈവരിക്കുന്നതിന് മട്ടുപ്പാവില്‍ പോലും പഴത്തോട്ടം ഒരുക്കുന്നതിനുള്ള രീതികളാണ് കെ.വി.കെ. പരിചയപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി രണ്ടുദിവസത്തെ കൃഷി സാങ്കേതികവിദ്യാ പ്രദര്‍ശനവും ഫലവൃക്ഷത്തൈ വിപണനമേളയും ചൊവ്വാഴ്ച സി.എം.എഫ്.ആര്‍.ഐ.യില്‍ തുടങ്ങും.

നഗരപ്രദേശങ്ങളിലുള്ളവര്‍ക്കു കൂടി ഗുണകരമാകുന്ന വീടിന്റെ മട്ടുപ്പാവില്‍ ഫലവൃക്ഷങ്ങള്‍ വളര്‍ത്തുന്നതിനുള്ള സാങ്കേതികവിദ്യയാണ് പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തുക. മികച്ച വിജയം കൈവരിച്ച ജൈവകര്‍ഷകര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും.

മട്ടുപ്പാവില്‍ ചട്ടിയില്‍ വളര്‍ത്തുന്ന ഫലവൃക്ഷങ്ങള്‍  പ്രദര്‍ശിപ്പിക്കും. വേഗത്തില്‍ കായ്ക്കുന്ന, ഗുണമേന്‍മയുള്ള, ഫലവൃക്ഷങ്ങളുടെ തൈകളാണ് മേളയിലുണ്ടാകുക. മാവ്, പ്ലാവ്, പേര, വിവിധയിനം ചാമ്പ, പലതരം നാരകം, നെല്ലി, ഞാവല്‍, സപ്പോട്ട, മാതളം, സീതപ്പഴം, ചെറി, പാഷന്‍ ഫ്രൂട്ട് തുടങ്ങിയവയുടെ തൈകള്‍ മേളയില്‍ ലഭിക്കും.

കൃഷിരീതികള്‍ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദര്‍ശനം, വിദഗ്ധരുമായുള്ള സംവാദം എന്നിവയുമുണ്ടാകും.  എല്ലാ വീടുകളുടെ മട്ടുപ്പാവിലും പഴത്തോട്ടം പിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെ.വി.കെ. മേധാവി ഡോ. ഷിനോജ് സുബ്രഹ്മണ്യന്‍ പറഞ്ഞു.