മലപ്പുറം ജില്ലയില്‍ എടയൂര്‍ ഗ്രാമത്തില്‍ എടയൂര്‍ മുളകിന്റെ വിളവെടുപ്പ് ഉത്സവം ആരംഭിച്ചു. എടയൂര്‍, ആതവനാട്, മാറാക്കര, വെങ്ങാട് എന്നീ പഞ്ചായത്തുകളിലും വളാഞ്ചേരി നഗരസഭ, ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ ചുരുക്കം സ്ഥലങ്ങളിലുമായി എണ്‍പത്തിയാറ് ഹെക്ടറിലാണ് മുളകുകൃഷി ചെയ്തത്. ഇതില്‍ അന്‍പത്തിനാലര ഹെക്ടറും പൈതൃകനാടായ എടയൂര്‍ പഞ്ചായത്തിലാണ്.
മുളകിന് അനുയോജ്യമായ ചരല്‍മണ്ണാണ് ഇവിടെയുള്ളത്. മേയ്മാസത്തില്‍ വിത്തിറക്കിയ മുളക് വിളഞ്ഞ് പാകമായിക്കഴിഞ്ഞു. കിലോഗ്രാമിന് മുന്നൂറ് രൂപവരെയുണ്ട് വില. വിളവെടുക്കുന്നതിന്റെ അറുപത് ശതമാനവും കൊണ്ടാട്ടംമുളക് ഉണ്ടാക്കുന്നതിനായി പ്രാദേശികതലത്തില്‍ത്തന്നെ ചെലവാകും. ബാക്കിയുള്ളത് തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട് ഭാഗങ്ങളിലേക്കാണ് പോകുന്നത്.
ഇത്തവണ തിരുവനന്തപുരത്തുനിന്ന് ആവശ്യക്കാരുടെ വിളി വന്നതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് പറഞ്ഞു. നൂറുകണക്കിന് തൈകളാണ് ഓരോ കര്‍ഷകരും നടുന്നത്. സാക്ഷ്യപത്രം കിട്ടിയിട്ടില്ലെങ്കിലും എടയൂര്‍ മുളക് ഇതിനകം ഭൗമസൂചികാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എടയൂര്‍ ചില്ലി ഗ്രോവേഴ്സ് അസോസിയേഷ (ഇ.സി.ജി.എ.)ന്‍ ഭാരവാഹികളാണ് കൃഷിവകുപ്പധികൃതരുടെ പിന്തുണയോടെ ഇതിനായി അപേക്ഷിച്ചത്.
ഭൗമസൂചിക. സാക്ഷ്യപത്രം ഉടന്‍ കിട്ടും
ഒരു കൃഷി ഉത്പന്നത്തിന് അവനവന്‍ ജനിച്ചുവളര്‍ന്ന നാടിന്റെ പേര് ചേര്‍ത്തുവിളിക്കുന്നത് കേള്‍ക്കുന്നത് അന്നാട്ടിലെ ഓരോരുത്തര്‍ക്കും ആഹ്ലാദത്തിന് വക നല്‍കുന്നതാണ്. അതിന് ലോകഭൂപടത്തില്‍ കയറാനുള്ള ഭൗമസൂചികാ സാക്ഷ്യപത്രംകൂടി കിട്ടുന്നത് അതിലും അഭിമാനകരമാണ്. കോവിഡെന്ന മഹാമാരി വന്നില്ലായിരുന്നെങ്കില്‍ ഇത് നേരത്തേ കിട്ടുമായിരുന്നു. ഉടനെത്തന്നെ കിട്ടുമെന്നാണ് പ്രതീക്ഷ- (കെ.കെ. രാജീവ്, എടയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്)
കാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തും
മറ്റെങ്ങുമില്ലാത്ത നാട്ടുമ്പുറത്ത് വിളയുന്ന മുളകിന് ഭൗമസൂചികയില്‍ ഇടം കിട്ടണമെങ്കില്‍ അതിന്റെ ഗുണനിലവാരംതന്നെയാണ് പ്രധാനം. അതിനുകാരണം ഈ കൃഷിക്കാവശ്യമായ കൃത്രിമത്വം ഇല്ലാത്തതും ജനിതകസ്വഭാവവുമുള്ള എടയൂരിന്റെ മണ്ണാണ്. ഭൗമസൂചികാ പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ള സാക്ഷ്യപത്രം കിട്ടുന്നതോടെ എടയൂര്‍ മുളകിനെ കൃഷിവകുപ്പിന്റെ കാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ഉറപ്പുണ്ട്- (പി.എം. വിഷ്ണുനാരായണന്‍, എടയൂര്‍ കൃഷി ഓഫീസര്‍)
Content Highlights: Edayur chilli, Malappuram's own chilli variety