.
വടകര : തമിഴ്നാട്ടില്‍നിന്നും കേരളത്തില്‍നിന്നും താങ്ങുവില നല്കി സംഭരിച്ച കൊപ്ര വിറ്റഴിക്കാനാകാതെ നാഫെഡ്. 40,855 ടണ്‍ കൊപ്ര വില്‍ക്കാനുള്ള ലേലംതുടങ്ങി ഒരുമാസമായിട്ടും 530 ടണ്‍ കൊപ്രമാത്രമാണ് വില്‍ക്കാനായത്. അതായത്, രണ്ടുശതമാനത്തില്‍ താഴെ. ഇതിനാകട്ടെ വിപണിവിലയിലും കുറച്ച് തുകയാണ് ലഭിച്ചതും.
കേരളത്തില്‍നിന്ന് 255 ടണ്ണും തമിഴ്നാട്ടില്‍നിന്ന് 40,600 ടണ്ണുമാണ് നാഫെഡ് താങ്ങുവിലയായ ക്വിന്റലിന് 10,590 രൂപയ്ക്ക് സംഭരിച്ചത്. ഡിസംബര്‍ 20-ന് നാഫെഡ് ഇവ ലേലത്തിലൂടെ വില്‍ക്കാനുള്ള ഓഫര്‍ ക്ഷണിച്ചു.
പൊതുവിപണിയില്‍ 9000 രൂപ വിലയുണ്ടായിരുന്ന സമയത്ത് നാഫെഡ് വില്‍ക്കുന്ന കൊപ്രയ്ക്ക് ഓഫര്‍കിട്ടിയത് 8000 മുതല്‍ 8500 രൂപവരെയാണ്. ഇത് സ്വീകരിക്കാതെ നാഫെഡ് മുന്നോട്ടുപോയെങ്കിലും അവസാനം ഈ വിലയ്ക്ക് കൊടുക്കേണ്ട സ്ഥിതിയായി. കേരളത്തില്‍നിന്ന് ആകെ വിറ്റത് 30 ടണ്‍ കൊപ്രയാണ്. 8455 രൂപയ്ക്കായിരുന്നു ഇത്. അഞ്ചുശതമാനം ജി.എസ്.ടി.യും അടയ്ക്കണം. തമിഴ്നാട്ടിലും ഇതേവിലയ്ക്കുതന്നെയാണ് 500 ടണ്‍ വിറ്റത്.
ഇതിനുശേഷം കാര്യമായ ഓഫറുകളൊന്നും കിട്ടിയിട്ടില്ല. വിപണിവിലയിലുംകുറച്ച് കൊപ്ര വില്ക്കില്ലെന്നായിരുന്നു നാഫെഡ് നിലപാട്. പൊതുവിപണിയില്‍ കൊപ്രയ്ക്ക് വിലയിടിയുന്നത് ഒഴിവാക്കാനായിരുന്നു ഇത്.
എന്നാല്‍ തമിഴ്നാട് വിപണിയില്‍ പുതിയ കൊപ്ര 8300-8400 രൂപയ്ക്ക് ഇഷ്ടംപോലെ കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ വെളിച്ചെണ്ണ മില്ലുകള്‍ നാഫെഡ് കൊപ്രയോട് മുഖംതിരിക്കുന്നു. ആറുമാസ കാലാവധികഴിഞ്ഞ നാഫെഡിന്റെ കൊപ്രയ്ക്ക് ഡിമാന്‍ഡ് ഉണ്ടാകില്ലെന്ന സാഹചര്യമായി. ഇതോടെയാണ് വിപണിവിലയിലുംകുറച്ച് കൊപ്ര വില്ക്കാന് നിര്‍ബന്ധിതമായത്.
നാഫെഡ് സംഭരിച്ച കൊപ്ര ആറുമാസത്തിനുള്ളില്‍ വിറ്റഴിക്കണമെന്നാണ് കേന്ദ്രകൃഷിമന്ത്രാലയത്തിന്റെ നിര്‍ദേശം. സമയം കഴിയുന്തോറും തൂക്കത്തില്‍ കുറവുവരാം. ഗുണനിലവാരത്തിലും വ്യത്യാസമുണ്ടാകും. ഇതെല്ലാം മുന്കൂട്ടിക്കണ്ടുകൊണ്ട് കച്ചവടക്കാര്‍ വീണ്ടും വില കുറയ്ക്കാനുള്ള സാധ്യതയേറെയാണ്. പൊതുവിപണിയില്‍ വില കൂടാനുള്ള സാഹചര്യവും ഇതോടെ ഇല്ലാതാകും.
9000 രൂപയാണ് കേരളത്തിലെ ഇപ്പോഴത്തെ കൊപ്രാവില. മുമ്പൊന്നും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് കൊപ്രയുടെ കാര്യത്തില്‍ നാഫെഡ് നേരിടുന്നത്. മുമ്പ് സംഭരണം തുടങ്ങി കുറച്ചുകഴിയുമ്പോഴേക്കും പൊതുവിപണിയില്‍ വില ഉയരും. നാഫെഡ് ശേഖരിച്ച കൊപ്ര ലേലംചെയ്ത് വില്ക്കുമ്പോള് കൊപ്രയുടെ വില താങ്ങുവിലയിലും കൂടിയിരിക്കും. അതുകൊണ്ടുതന്നെ നഷ്ടം ഉണ്ടാകില്ല.
Content Highlights: dried coconut kernels are not being sold nafed in serious crisis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..