ഡ്രാഗൺ ഫ്രൂട്ട് ചെടികൾ പരിചരിക്കുന്ന ജോസഫ് അബ്രഹാം
വടുവന്‍ചാല്‍: വയനാട്ടില്‍ അത്ര പ്രചാരംനേടിയിട്ടില്ലാത്ത ഡ്രാഗണ്‍ ഫ്രൂട്ട് നന്നായിവിളയുന്ന ഒരുതോട്ടമുണ്ട് മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ റിപ്പണില്‍. കാന്തന്പാറയ്ക്കടുത്ത് 54-ലെ സ്പൈസസ് ഗാര്‍ഡനിലാണ് ഈ വിദേശപഴം വിജയകരമായി കൃഷിചെയ്യുന്നത്. ഔഷധഗുണമേറെയുളള ഡ്രാഗണ്‍ ഫ്രൂട്ടിന് കിലോയ്ക്ക് 200 രൂപവരെയാണ് ഈ സീസണില്‍ കിട്ടിയത്.
നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളില്‍ നന്നായി വിളവുതരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് കര്‍ഷകര്‍ക്ക് പുതുതായി പരീക്ഷിക്കാവുന്ന കൃഷിയാണ്. റിപ്പണ്‍ 54-ലെ സ്പൈസസ് ഗാര്‍ഡനില്‍ കുറച്ചുവര്‍ഷങ്ങളായി ഡ്രാഗണ്‍ ഫ്രൂട്ടിന്റെ കൃഷി വിജയകരമായി ചെയ്തുവരുന്നു.
ചെടിനട്ടാല് ഒരുവര്‍ഷംകൊണ്ട് കായ്ച്ചുതുടങ്ങുമെന്നതാണ് പ്രത്യേക്ത. ഓഗസ്റ്റ് മുതലാണ് ഈ വിദേശപഴത്തിന്റെ വിളവെടുപ്പ്. പുതുമഴ പെയ്യുമ്പോള്‍ ഡ്രാഗണ്‍ഫ്രൂട്ട് വിളവെടുപ്പിന് പാകമാകും. വെള്ളം അധികമാവശ്യമില്ലാത്തതിനാല് പരിചരിക്കാനും എളുപ്പമാണ്. പ്രത്യേകം തയ്യാറാക്കിയ മഴമറയ്ക്കുള്ളിലാണ് ഇവിടെ കൃഷിചെയ്യുന്നത്.
ഈ സീസണില്‍ കിലോയ്ക്ക് 160 മുതല്‍ 200 രൂപവരെ വിലകിട്ടി. കോവിഡ്കാലത്ത് പ്രതിസന്ധിയിലായതൊഴിച്ചാല് കൃഷിയില്‍നിന്ന് തരക്കേടില്ലാത്ത വരുമാനം കിട്ടുന്നുണ്ടെന്ന് കര്‍ഷകനായ ജോസഫ് അബ്രഹാം പറഞ്ഞു.
കേരളത്തില്‍ എറണാകുളമാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പ്രധാന വിപണി. സ്പൈസസ് ഗാര്‍ഡനിലെ നൂറുചെടികളില്നിന്ന് ഒരു ടണ്‍ പഴമാണ് കഴിഞ്ഞവര്‍ഷം കിട്ടിയത്.
മഞ്ഞയും വയലറ്റും നിറത്തിലുള്ള രണ്ടിനമാണ് കൃഷി. ഇതിനുപുറമെ ഡ്രാഗണ്‍ ഫ്രൂട്ട് ചെടിയുടെ തണ്ടുവില്പ്പനയിലൂടെയും വരുമാനം കണ്ടെത്താം. ഒരടി വലുപ്പമുളള തണ്ടിന് 75 രൂപയാണ് വില. തമിഴ്നാട്ടില്‍ ഇപ്പോള്‍ വ്യാപകമാകുന്ന കൃഷി വയനാടിന്റെ കാലാവസ്ഥയ്ക്കും അനുയോജ്യമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.
Content Highlights: dragonfruit farming, wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..