ഉത്പാദനത്തില്‍ കൂപ്പുകുത്തി വയനാടന്‍ കുരുമുളക്, വിളവെടുപ്പുകാലത്തും ഉണര്‍വില്ലാതെ കൃഷിയിടങ്ങള്‍


രോഗബാധയിൽ നശിക്കുന്ന കുരുമുളക് തോട്ടങ്ങൾ

വെള്ളമുണ്ട: വയനാട്ടിലിപ്പോള്‍ കുരുമുളകിന്റെ വിളവെടുപ്പ് കാലമാണ്. കാപ്പിവിളവെടുപ്പിന് തൊട്ടുപിന്നാലെ ഒരുമാസക്കാലം പറിച്ചാലും തീരാത്തത്രയും കുരുമുളകുണ്ടായിരുന്ന കാലം. വിളവെടുപ്പിന്റെ ഈ പ്രതാപകാലം കാര്‍ഷികവയനാടിന്റെ ഓര്‍മകളില്‍ മാത്രമാണ് ഇപ്പോഴുള്ളത്. വര്‍ഷങ്ങളോളം കുരുമുളക് സമ്പാദ്യമായി വീട്ടില്‍ സൂക്ഷിച്ചിരുന്ന കര്‍ഷകര്‍ ഇപ്പോഴും മരുന്നിനുപോലും കുരുമുളക് തോട്ടത്തിലില്ലാത്ത സങ്കടങ്ങളാണ് പറയുന്നത്. തൊണ്ണൂറുകളുടെ അവസാനപാദത്തില്‍ ജില്ലയില്‍ പടര്‍ന്നുപിടിച്ച വിളനാശവും വിലത്തകര്‍ച്ചയുമാണ് കുരുമുളകിന്റെ നാടിന് തിരിച്ചടിയായത്. ലോക കമ്പോളത്തില്‍പോലും ഒരുകാലത്ത് വന്‍പ്രിയമുണ്ടായിരുന്ന വയനാടന്‍ കുരുമുളകിന്റെ ഉത്പാദനം ഇപ്പോള്‍ എക്കാലത്തേക്കാളും കൂപ്പുകുത്തി. കുരുമുളക് ഇല്ലാതായതോടെ ഇപ്പോള്‍ വിലയും കയറി. വിലയുണ്ടായിട്ടെന്താ കുരുമുളക് വേണ്ടേ എന്നതാണ് ഇപ്പോള്‍ കര്‍ഷകരുടെ ചോദ്യം.

തനതിനങ്ങള്‍ നാടുനീങ്ങി

ആഗോളവിപണിയില്‍ ഒരുകാലത്ത് പ്രത്യേക വിലയിട്ട് സ്വീകരിച്ചിരുന്ന വയനാടന്‍ സുഗന്ധദ്രവ്യമാണ് വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. കരിമുണ്ട, വാലന്‍കോട്ട, ഉതിരന്‍, കല്ലുവള്ളി തുടങ്ങിയവയാണ് കടുത്ത രോഗബാധയാല്‍ അരങ്ങൊഴിയുന്നത്. ഇവയ്ക്കുപകരം പുറമെനിന്നും വികസിപ്പിച്ചെടുത്ത മറുനാടന്‍ വള്ളികളാണ് വയനാട്ടിലെ തോട്ടങ്ങള്‍ പിന്നീട് പിന്തുടര്‍ന്നത്. അത്യുത്പാദന ശേഷിയുള്ള ഇനങ്ങളുടെ പിറകിലുള്ള കര്‍ഷകരുടെ സഞ്ചാരങ്ങളും പാഴ്‌വേലയാവുകയാണ്. പന്നിയൂര്‍ ഒന്ന് മുതല്‍ എട്ട്, ശ്രീകര, ശുഭകര, പൗര്‍ണമി, പഞ്ചമി, മലബാര്‍ എക്‌സല്‍, പാലോട് തുടങ്ങിയവയാണ് അത്യുത്പാദന ശേഷിയുള്ള പുതിയ ഇനങ്ങള്‍. ഇവയുടെ ആയുസ്സ് നാടന്‍ ഇനത്തേക്കാളും വളരെ കുറവാണ്.

ഇടവിട്ടുള്ള മരുന്നുതളിയും രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും അനിവാര്യമാണ്. സാധാരണ കര്‍ഷകര്‍ക്ക് ഇതിന്റെ ചെലവ് താങ്ങാനാവുന്നതല്ല. കുമിള്‍നാശത്തിനുള്ള മരുന്നുകള്‍ക്കും വിലയേറിയതിനാല്‍ നൂതന കുരുമുളക് തോട്ടം സംരക്ഷിക്കണമെങ്കിലും വന്‍ ചെലവുള്ളതായി കര്‍ഷകര്‍ പറയുന്നു. ഉരുണ്ട മണികളുള്ള കല്ലുവള്ളിക്ക് ദശാബ്ദങ്ങളോളം ആയുസ്സുണ്ടായിരുന്നു. ദ്രുതവാട്ടരോഗങ്ങളെയെല്ലാം നേരിടാനുള്ള കരുത്തും ജനിതകമായി ഇവയ്ക്കുണ്ടായിരുന്നു. ഉണങ്ങിക്കഴിഞ്ഞാലും തൂക്കം ഇവയുടെ പ്രത്യേകതയാണ്. ഇവയുടെ മാതൃവള്ളിയില്‍നിന്നും മറ്റനേകംപേരില്‍ വിവിധങ്ങളായ ഇനങ്ങള്‍ ജില്ലയ്ക്ക് പുറത്തുനിന്നുമുള്ള സ്വകാര്യ നഴ്‌സറികളും ഉത്പാദിപ്പിച്ചിരുന്നു. വയനാടന്‍ വള്ളികള്‍ എന്ന പേരിലാണ് ഇവ ബ്രാന്‍ഡ് ചെയ്യപ്പെട്ടത്.

നടക്കാത്ത പുനരുദ്ധാരണം

കുരുമുളക് പുനരുദ്ധാരണത്തിന്റെപേരില്‍ വന്‍തുകയാണ് വര്‍ഷംതോറും ചെലവഴിക്കപ്പെടുന്നത്. കുരുമുളക് തൈ നഴ്‌സറികളില്‍നിന്നും വാങ്ങിയ ബില്ല് നല്‍കിയാല്‍ പദ്ധതിയുള്ള സമയത്ത് കൃഷിഭവനില്‍നിന്നും പണം ലഭിക്കും. സ്വന്തമായി കുരുമുളക് തോട്ടം വികസിപ്പിച്ചതിന് ബില്ല് ഒന്നും കൈവശമില്ലെങ്കില്‍ ഒരു രൂപപോലും സഹായധനവും ലഭിക്കില്ല. കര്‍ഷകര്‍ക്കായുള്ള സഹായധനപദ്ധതികള്‍ കര്‍ഷകര്‍ അറിയുന്നുപോലുമില്ല. കര്‍ഷകരുടെ പങ്കാളിത്തം കൃഷിരീതി എന്നിവയെല്ലാം കണക്കിലെടുത്ത് കുരുമുളക് സമിതികള്‍ പുനഃസംഘടിപ്പിക്കണം. പ്രദേശത്തെ കര്‍ഷകരുടെ കണക്കുപോലും നിശ്ചയമില്ലാത്തവര്‍ സമിതിയുടെ ലക്ഷ്യങ്ങളെയാണ് തകര്‍ക്കുന്നത്. കുരുമുളക് പുനരുദ്ധാരണത്തിനായി കാലാകാലങ്ങളായി തീരുമാനിക്കുന്ന പദ്ധതികളും വയനാടന്‍ കുരുമുളകിന് ഭീഷണിയാവുകയാണ്. പരമ്പരാഗത തോട്ടത്തില്‍നിന്നും താവരണ വള്ളിത്തലകള്‍ ശേഖരിച്ച് വ്യാപിപ്പിക്കുന്ന പുനരുദ്ധാരണപ്രവര്‍ത്തനങ്ങളാണ് ജില്ലയ്ക്ക് അവശ്യം. രോഗപ്രതിരോധശേഷിയുള്ള തനതു തൈകള്‍ വികസപ്പിക്കാനായി സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള വിപുലമായ നഴ്‌സറിയാണ് വയനാട്ടില്‍ അനിവാര്യം.

കുരുമുളക് ഇവിടെ പാഴായ പാക്കേജ്

വയനാട് പാക്കേജിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ കുരുമുളക് പുനരുദ്ധാരണപദ്ധതികളാണ് കടന്നുപോയത്. ഈ പാക്കേജ് പ്രകാരം കുരുമുളക് തോട്ടങ്ങള്‍ വിപുലീകരിച്ചത് പേരിനെങ്കിലും കാണിക്കാനില്ല. വിപണിയില്‍ കുരുമുളകിന് ഏറ്റവും പ്രിയമുള്ള കാലത്താണ് വയനാട്ടിലെ കര്‍ഷകര്‍ക്ക് ഒരുപിടിപോലും വില്‍ക്കാനില്ലാത്ത ദുരവസ്ഥ വരുന്നത്.

ഏറ്റവും കൂടുതല്‍ കുരുമുളക് കൃഷി നടന്നിരുന്ന പുല്‍പ്പള്ളിയില്‍ തോട്ടങ്ങള്‍ തരിശ്ശായി മാറിയിരിക്കുകയാണ്. വേരുചീയലും ദ്രുതവാട്ടവും മഞ്ഞളിപ്പുമാണ് ഈ തോട്ടങ്ങളില്‍ പടര്‍ന്നുപിടിച്ചിരുന്നത്. തോട്ടത്തില്‍ മണ്ണിന് അമ്ലം കൂടിയതിനാല്‍ കുമിള്‍നാശത്തിനും വേഗതയേറി. ശാസ്ത്രീയമായ പരിചരണം അറിവില്ലാത്തതിനാല്‍ കുരുമുളക് തോട്ടമെല്ലാം നാശത്തിനു കീഴടങ്ങുമ്പോള്‍ നോക്കി നില്‍ക്കാനെ കര്‍ഷകര്‍ക്ക് കഴിയുന്നുള്ളൂ.

നൂതന രോഗ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കര്‍ഷകരില്‍ വ്യാപിപ്പിക്കുന്നതിന് സര്‍ക്കാര്‍പദ്ധതികളും എത്തിയിട്ടില്ല. വര്‍ഷംതോറും കൃഷിഭവന്‍ മുഖേന കുരുമുളക് തൈകള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും വയനാട്ടിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത തൈകള്‍ വേരുപിടിക്കുന്നില്ല എന്നാണ് കര്‍ഷകര്‍ പറയുന്നത്. ട്രൈക്കോഡര്‍മ കര്‍ഷകര്‍ക്ക് വിതരണം ചെയ്താലും ഇതൊന്നും കൃത്യസമയത്ത് തോട്ടത്തില്‍ വിതറാന്‍ കര്‍ഷകര്‍ക്ക് അറിവില്ല.

താങ്ങുകാലുകളും നശിച്ചു

താങ്ങുകാലുകള്‍ക്കും രോഗം വ്യാപകമായതിനാല്‍ കര്‍ഷകര്‍ക്ക് വന്‍തിരിച്ചടിയായി. മുരിക്ക് ഇലചുരുട്ടല്‍രോഗം ബാധിച്ചതിനാല്‍ കൂട്ടത്തോടെ നശിച്ചു. പിന്നീട് സില്‍വര്‍ ഓക്ക് മരങ്ങളിലാണ് കര്‍ഷകര്‍ കുരുമുളക് വള്ളികള്‍ പടര്‍ത്തിയത്. എന്നാല്‍ വയനാട്ടില്‍ കര്‍ഷകര്‍ കൂടുതല്‍ പ്രതിസന്ധി നേരിടാന്‍ തുടങ്ങിയതോടെ മരംവില്‍പ്പന വ്യാപകമായി നടന്നതിനാല്‍ തോട്ടങ്ങള്‍ തരിശ്ശായി മാറി.

കവുങ്ങുകളില്‍ കുരുമുളക് വള്ളി പടര്‍ത്താനുള്ള ശ്രമങ്ങളും വിഫലമാവുകയാണ്. കവുങ്ങുകളില്‍ മഞ്ഞളിപ്പ് രോഗം പടരുന്നതിനാല്‍ മറ്റെന്ത് പോംവഴിയെന്നാണ് കര്‍ഷകരുടെ ചോദ്യം. ഉത്പാദനശേഷിയുള്ളതും ആരോഗ്യമുള്ളതുമായ കൊടികളുടെ ചുവട്ടില്‍നിന്നും തലപൊട്ടുന്ന ചെന്തലകള്‍ മണ്ണില്‍പടര്‍ന്ന് വേരിറങ്ങാതെ മരക്കമ്പുകള്‍ നാട്ടി അവയില്‍ ചുറ്റിവെച്ചും പരമ്പരാഗതരീതിയില്‍ നല്ലയിനം വള്ളിത്തലകള്‍ വികസിപ്പിച്ചെടുക്കാം. രണ്ടുമൂന്ന് മുട്ടുകള്‍ വീതമുള്ള കഷണമാക്കി ഇവയെ പോട്ടിങ് മിശ്രിതം നിറച്ച ബാഗുകളിലാക്കിയാണ് കൂടതൈകള്‍ ഉത്പാദിപ്പിക്കുന്നത്. താരതമ്യേന ചെലവുകുറഞ്ഞതും ഫലപ്രാപ്തിയുള്ളതുമായ മാര്‍ഗമാണിത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത്തരത്തിലുള്ള നഴ്‌സറികള്‍ വികസിപ്പിക്കുന്നതിന് പകരമാണ് ഇതര സംസ്ഥാനങ്ങളില്‍നിന്നും മറ്റും കുരുമുളക് തൈകള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്.

കുരുമുളകിന് ഉത്പാദനക്ഷാമം വന്നതോടെ വിപണിയില്‍ വില ഉയരുകയാണ്. വയനാട്ടില്‍ കൃഷി പാടെ തകര്‍ന്നതോടെ വടക്കന്‍ ബംഗാളിലേക്കാണ് കുരുമുളക് കയറ്റുമതി ഏജന്‍സികള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കൃഷിച്ചെലവും കൂലിയും ക്രമാതീതമായി ഉയര്‍ന്നതോടെ കര്‍ഷകര്‍ക്കൊന്നും കൃഷിയിടത്തില്‍ യാതൊരു താത്പര്യവുമില്ല. തൊഴിലുറപ്പ് പദ്ധതിയും ഈ മേഖലയെ സ്പര്‍ശിക്കാതെ കടന്നുപോകുമ്പോള്‍ വയനാടിന്റെ തനതു സുഗന്ധവിളകളും പ്രതാപകാലത്തെ പിന്നിടുകയാണ്.

Content Highlights: decline in production of wayanad pepper and indigeneous crops

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented