സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരെയും വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിരക്ഷയില്‍ ഉള്‍പ്പെടുത്തി പ്രകൃതിക്ഷോഭം കാരണമുളള വിളനാശത്തിലൂടെയുളള നാശനഷ്ടങ്ങള്‍ ലഘൂകരിക്കുമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ . പ്രധാനമന്ത്രി ഫസല്‍ ഭീമായോജന പദ്ധതിയുടെ ദ്വിദ്വിന ശില്പശാല തിരുവനന്തപുരം ആനയറയിലുളള സമേതിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതി, കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന, കാലാവസ്ഥാധിഷ്ഠിത വിള-ഇന്‍ഷുറന്‍സ് പദ്ധതി എന്നിങ്ങനെ മൂന്ന് പ്രധാന പദ്ധതികള്‍ നിലവിലുണ്ട്. സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയിലും കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലുമൊരു പദ്ധതിയിലുമായി രണ്ടു ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യം കര്‍ഷകര്‍ക്ക് സ്വീകരിക്കാവുന്നതാണ്. 

കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സംസ്ഥാനത്തിന്റെ തീരുമാനമനുസരിച്ച് കൂടുതല്‍ വിളകള്‍ പല ജില്ലകളിലുമുണ്ടെന്നുള്ളത് അറിയിക്കാന്‍ കഴിയുമെന്നും അത്തരത്തില്‍ പുനഃക്രമീകരിച്ച് കര്‍ഷകരുടെ മുഴുവന്‍ വിളകളെയും ഉള്‍പ്പെടുത്തുമെന്നും മന്ത്രി സൂചിപ്പിച്ചു. കര്‍ഷകര്‍ക്കും സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ മലയാളത്തിലുളള വെബ്‌സൈറ്റും പദ്ധതിയ്ക്കായി നിലവിലുണ്ട്. പ്രളയസമയത്ത് നാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് 90 ശതമാനം തുക ഇതിനകം നല്‍കി കഴിഞ്ഞു.

യോഗത്തില്‍ കാര്‍ഷികോത്പാദന കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിംഗ് ഐ.എ.എസ്. പദ്ധതി വിശദീകരണം നടത്തി. ഫസല്‍ ഭീമായോജന പദ്ധതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആശിഷ്‌കുമാര്‍ ഭൂട്ടാനിയ ഐ.എ.എസ്., കൃഷിവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ ഐ.എ.എസ്., ടെക്‌നിക്കല്‍ ഓഫീസര്‍മാരായ പല്ലവി  മാലി, പാര്‍ത്ഥ് ശര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു. ദ്വിദിന ശില്പശാലയില്‍ വിവിധ ജില്ലകളിലെ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍മാരും പങ്കെടുത്തു.

Content highlights: Agriculture, Organic farming,Crop insurance project