2020 റാബി സീസണില്‍ കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയിലും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയിലും ഡിസംബര്‍ 31 വരെ ചേരാം. പദ്ധതികളില്‍ ഇനിയും അംഗമാകാത്ത കര്‍ഷകര്‍ 31-നുമുമ്പായി അടുത്തുള്ള അക്ഷയകേന്ദ്രങ്ങള്‍, അംഗീകൃത മൈക്രോ ഇന്‍ഷുറന്‍സ് ഏജന്റുകള്‍/ബ്രോക്കിങ് പ്രതിനിധികള്‍ എന്നിവരുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിക്കണം. 

അപേക്ഷയോടൊപ്പം നിശ്ചിത പ്രീമിയവും ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, നികുതി/പാട്ടച്ചീട്ട് എന്നിവയുടെ കോപ്പികളും നല്‍കണം. കര്‍ഷകന് നേരിട്ട് www.pmfby.gov.in വഴിയും ചേരാം. വിജ്ഞാപിത വിളകള്‍ക്ക് വായ്പയെടുത്തിട്ടുള്ള കര്‍ഷകരെ അതത് ബാങ്കുകള്‍ക്ക് പദ്ധതിയില്‍ ചേര്‍ക്കാവുന്നതാണ്. ഇതിനായി പ്രത്യേകം അപേക്ഷാഫോറം സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് കൃഷിഭവനുമായോ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ റീജ്യണല്‍ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണെന്ന് റീജ്യണല്‍ മാനേജര്‍ അറിയിച്ചു. ടോള്‍ഫ്രീ നമ്പര്‍: 1800-425-7064

അടിസ്ഥാനവില ആനുകൂല്യം

തിരഞ്ഞെടുത്ത 16 ഇനം പഴം പച്ചക്കറികളുടെ അടിസ്ഥാന വില ആനുകൂല്യത്തിന് നിലവിലുള്ള വിളകള്‍ക്ക് ഇളവുകളോടെ അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി കൃഷി ഡയറക്ടര്‍ അറിയിച്ചു. നിലവില്‍ കൃഷിചെയ്തിട്ടുള്ള നിര്‍ദിഷ്ട പ്രായപരിധി കഴിഞ്ഞ വിളകള്‍ക്കാണ് ഈ സമയപരിധി. പച്ചക്കറികള്‍ നട്ട് 30 ദിവസംവരെയും വാഴ, മരച്ചീനി, പൈനാപ്പിള്‍ എന്നിവയ്ക്ക് നട്ട് 90 ദിവസംവരെയും ഡിസംബര്‍ 31-നു ശേഷവും കര്‍ഷകര്‍ക്ക് അപേക്ഷിക്കാം.

കര്‍ഷക ഉത്പാദക സംഘടനകള്‍ രൂപവത്കരിക്കല്‍

പുതിയ കര്‍ഷക ഉത്പാദക സംഘടനകള്‍ രൂപവത്കരിക്കുന്നതിനും നിലവിലുള്ള കര്‍ഷക ഉത്പാദക കമ്പനികള്‍ ശാക്തീകരിക്കുന്നതിനും www.sfackerala.org വഴി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sfackerala.org സന്ദര്‍ശിക്കുകയോ 0471- 2742110 എന്ന നമ്പറിലോ, 1800-425-1661 എന്ന ടോള്‍ഫ്രീ നമ്പറിലോ, sfackerala.agri@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

Content Highlights: Crop Insurance, Pradhan Mantri Fasal Bima Yojana to Cover Damage caused by Wildlife