കോഴിക്കോട്: കാലവര്‍ഷം കഴിഞ്ഞ് തുലാവര്‍ഷവും അവസാനിക്കാറായിട്ടും മഴയ്ക്ക് ശമനമില്ലാത്തത് റബ്ബര്‍ കര്‍ഷകരെ ദുരിതത്തിലാഴ്ത്തുന്നു. സാധാരണയുള്ള മഴ കഴിഞ്ഞ് റബ്ബറിന്റെ സീസണായിട്ടും മഴ തുടരുന്നത് ചെറുകിട, വന്‍കിട റബ്ബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങമാസത്തില്‍ സാധാരണ റബ്ബര്‍ തെളിച്ചു തുടങ്ങുന്നതാണ്. എന്നാല്‍, കര്‍ക്കിടകവും മൂന്ന് മാസം കഴിഞ്ഞ് വൃശ്ചികവുമെത്തിയിട്ടും റബ്ബര്‍ ടാപ്പിങ് പുനഃരാരംഭിക്കാന്‍ കഴിയാതെ വലയുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.

റബ്ബറില്‍ നിന്ന് ഏറ്റവുംകൂടുതല്‍ ഉത്പാദനം കിട്ടുന്ന സമയമാണ് നവംബര്‍-ഡിസംബര്‍ മാസങ്ങള്‍. മഴ നില്‍ക്കാത്തതും തണുപ്പുതുടങ്ങാത്തതും പാലുല്‍പാദനത്തില്‍ വലിയ കുറവ് വരുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ദിവസം കുറഞ്ഞത് നൂറ് ലിറ്റര്‍ റബ്ബര്‍ പാല്‍ ശേഖരിക്കുന്നതായിരുന്നു. എന്നാല്‍, ഈ വര്‍ഷം അത് 65 ലിറ്ററിനും 70 ലിറ്ററിനും ഇടയിലായി ചുരുങ്ങിയിരിക്കുകയാണ്. ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്, കോഴിക്കോട് തലയാട് റബ്ബര്‍പാല്‍ സംഭരിച്ച് വ്യാപാരം ചെയ്യുന്ന ഈങ്ങാപ്പുഴ സ്വദേശി റോയിച്ചന്‍ ഇ.കെ. പറഞ്ഞു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം നല്ല വിലയാണ് റബ്ബര്‍ ഷീറ്റിന് ഉള്ളത്. ഗ്രേഡ് 4 ഷീറ്റിന് കിലോഗ്രാമിന് 185 രൂപയാണ് വില. ഇതിന് ആനുപാതികമായ വില ഒട്ടുപാലിനും ലഭിക്കും. എന്നാല്‍, കടയിലേക്ക് എത്തുന്ന റബ്ബര്‍ ഷീറ്റിന്റെ അളവില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. കച്ചവടം വളരെ മോശമാണ്-കോഴിക്കോട് ജില്ലയിലെ പന്തിരിക്കരയില്‍ റബ്ബര്‍ ഷീറ്റ് കച്ചവടം നടത്തുന്ന മാത്തുക്കുട്ടി കൈതക്കുളത്ത് പറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ കിലോഗ്രാമിന് 145 രൂപയാണ് റബ്ബറിനു വില. ആഭ്യന്തര ഉത്പാദനം കുറഞ്ഞതിനു പുറമെ കോവിഡ് കാരണം ഇറക്കുമതി നടക്കാത്തതുമാണ് ഇവിടെ റബ്ബര്‍ വില ഉയര്‍ന്നു നില്‍ക്കുന്നതിന് കാരണം. കഴിഞ്ഞ രണ്ടാഴ്ചയായി റബ്ബര്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്-മാത്യു കൂട്ടിച്ചേര്‍ത്തു.

തോരാതെ പെയ്യുന്ന മഴയും ചോര്‍ച്ചയും കാരണം പ്ലാസ്റ്റിക് ഇട്ടവര്‍ക്കു പോലും ഈ വര്‍ഷം നന്നായി ഉത്പാദനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ റബ്ബര്‍ ഉത്പാദനത്തിന്റെ താളം തെറ്റിക്കുകയാണ്. മറ്റ് വരുമാന മാര്‍ഗങ്ങളില്ലാത്ത കര്‍ഷകരെ വലിയതോതിലാണ് ഇത് ബാധിച്ചിരിക്കുന്നത്.

മഴക്കാലം തുടങ്ങുന്നതിന് മുന്‍പ്, മേയ് മാസം അവസാനത്തോടെ പ്ലാസ്റ്റിക് ഇട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ അതെല്ലാം വിട്ടിലും മറ്റും മുറിച്ചു കളഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ പെയ്യുന്ന ശക്തമായ മഴയില്‍ റബ്ബര്‍ വെട്ടാനേ കഴിയുന്നില്ല. തോരാതെ പെയ്യുന്ന മഴയില്‍ സ്വതവേ റബ്ബര്‍ വെട്ടുന്നത് ദുഷ്‌കരമാണ്. പ്ലാസ്റ്റിക് ഇട്ട് റബ്ബര്‍ വെട്ടുമ്പോള്‍ പട്ട മരവിപ്പ് പോലുള്ള രോഗങ്ങള്‍ ഏറും, റബ്ബര്‍ കര്‍ഷകനായ വാണിയപ്പുരയ്ക്കല്‍ തോമസ് പറഞ്ഞു.

പ്ലാസ്റ്റിക് ഇടാത്തതിനാല്‍ വലിയ മഴ കഴിഞ്ഞ് ചിങ്ങമാസം ആകുന്നതോടെ റബ്ബര്‍ തെളിക്കാമെന്ന് കരുതിയതാണ്. എന്നാല്‍, ഇതുവരെയും മഴ തീരാത്തതു കാരണം ഉത്പാദനം തുടങ്ങിയിട്ടില്ല. നവംബര്‍ കഴിയാറായി. ഏറ്റവും കൂടുതല്‍ പാല്‍ കിട്ടുന്ന സമയമാണിത്. കുറച്ച് ആഴ്ചകള്‍ കൂടി കഴിഞ്ഞാല്‍ റബ്ബറിന്റെ ഇല പൊഴിയുകയും പാലുത്പാദനം വീണ്ടും കുറയുകയും ചെയ്യും. ജനുവരിയാകുന്നതോടെ കാറ്റും തുടങ്ങും. ചുരുക്കത്തില്‍ ഈ സീസണിലെ ഉത്പാദനം നടക്കുകയേ ഇല്ല, റബ്ബര്‍ കര്‍ഷകനായ മാടപ്പാട്ട് അബ്രാഹം പറഞ്ഞു.

Content highlights: countious rain halt rubber production in kerala rubber farmers are in dilemma