ഇടുക്കി: വിളവെടുപ്പുകാലമായതോടെ പ്രാദേശികമായി കൃഷിപ്പണിക്ക് തൊഴിലാളികളില്ലാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. രണ്ടാഴ്ചയിലധികമായി കാപ്പിക്കുരു, കുരുമുളക് എന്നിവ വിളവെടുപ്പിന് പാകമായി നില്‍ക്കുകയാണ്. പലയിടത്തും കാപ്പിക്കുരു പഴുത്ത് നിലത്തു വീണു തുടങ്ങി. അതിനിടെ കുരുമുളകും പഴുത്തു തുടങ്ങി.

കാപ്പി എസ്റ്റേറ്റുകളില്‍ സ്ഥിരം തൊഴിലാളികള്‍ക്കൊപ്പം ഏജന്റുമാര്‍ മുഖേന ഇതരസംസ്ഥാന തൊഴിലാളികളെ കൂടി എത്തിച്ചാണ് വിളവെടുക്കുന്നത്. താമസിക്കാന്‍ സൗകര്യവും നല്‍കിയാല്‍ ഇവരെ എത്തിച്ചുകൊടുക്കാന്‍ ഏജന്റുമാര്‍ തയ്യാറാണ്. എന്നാല്‍ ചെറുകിട കര്‍ഷകരാണ് ഹൈറേഞ്ചില്‍ ഭൂരിഭാഗം പേരും. വിളവെടുപ്പിന് പരമാവധി രണ്ടാഴ്ചയില്‍ കൂടുതല്‍ തൊഴിലാളികളെ ആവശ്യമില്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇതരസംസ്ഥാന തൊഴിലാളികളുടെ കൂലിയും വര്‍ദ്ധിച്ചു. നാണ്യവിളകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിലയും കുറവാണ്.