യനാടന്‍ കാപ്പിക്ക് താങ്ങുവിലയായി 90 രൂപ നിശ്ചയിച്ചെന്ന സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപനവും വിപണിയില്‍ കര്‍ഷകര്‍ക്ക് തുണയായില്ല. വിളവെടുപ്പ് തുടങ്ങി സജീവമായി വില ഉയരേണ്ട സമയത്തും മുന്‍വര്‍ഷങ്ങളെക്കാള്‍ കുറഞ്ഞവിലയാണ് കാപ്പിക്ക് ലഭിക്കുന്നത്. ഉണ്ടക്കാപ്പിക്ക് കിലോയ്ക്ക് 64 രൂപയും കാപ്പിപ്പരിപ്പിന് 113 രൂപയുമാണ് വിപണിവില. ഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഉണ്ടക്കാപ്പിക്ക് 67 രൂപയും കാപ്പിപ്പരിപ്പിന് 116 രൂപയും വിലയുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ഉണ്ടക്കാപ്പിക്ക് 75 രൂപയും കാപ്പിപ്പരിപ്പിന് 123 രൂപ വരെയും വില കിട്ടിയിരുന്നു. എന്നാല്‍ ഈ സീസണില്‍ ഇത്തരം പ്രതീക്ഷകളൊന്നും വേണ്ടെന്നാണ് കര്‍ഷകരുടെയും അനുമാനം.

വയനാടന്‍ കാപ്പി കിലോയ്ക്ക് 90 രൂപ നിരക്കില്‍ സംഭരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് കര്‍ഷകരും കണ്ടിരുന്നത്. കൂടിയ വിലയില്‍ സംഭരിക്കുമെന്ന പ്രഖ്യാപനം വിപണിവില ഉയര്‍ത്തുമെന്നായിരുന്നു പ്രതീക്ഷ. ഈ സീസണില്‍തന്നെ സംഭരണം നടന്നാല്‍ കര്‍ഷകര്‍ക്ക് തുണയാകുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ സീസണ്‍ സജീവമായിരിക്കെ വിപണിയിലെ പ്രതീക്ഷകള്‍ മങ്ങുകയാണ്.

കാലംതെറ്റിയ മഴയും വിനയായി

കഴിഞ്ഞ പത്തുവര്‍ഷമായി കാപ്പിവില ഒരേനിലയില്‍ തുടരുകയാണെന്നും അതേസമയം ഉത്പാദനച്ചെലവ് പലമടങ്ങായി വര്‍ധിച്ചെന്നും കര്‍ഷകരും പരാതിപ്പെടുന്നു. കടംവാങ്ങി കൃഷി നടത്തേണ്ട അവസ്ഥയിലാണ് കര്‍ഷകരില്‍ പലരും. എന്നാല്‍ പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കുന്നില്ല. ഇത്തവണയാകട്ടെ കാലംതെറ്റി പെയ്ത മഴ കാപ്പിയുടെ വിളവിനെയും ബാധിച്ചു. കാപ്പി യഥാസമയത്ത് പറിച്ചുണക്കാന്‍ പലര്‍ക്കും കഴിഞ്ഞില്ല. 12 ദിവസംകൊണ്ട് ഉണക്കാവുന്നത് മഴ കാരണം 20 ദിവസമായിട്ടും മതിയായി ഉണക്കാനാവാത്ത രീതിയിലാണെന്നും കര്‍ഷകര്‍ പറഞ്ഞു.

കേന്ദ്ര സംസ്ഥാനസര്‍ക്കാര്‍ പലകുറി പലപദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും അവയെല്ലാം വാക്കില്‍മാത്രമൊതുങ്ങിയെന്നാണ് കര്‍ഷകരുടെ പരാതി. വയനാട്ടിലെ കാപ്പിക്കര്‍ഷകരില്‍ ഭൂരിഭാഗവും റോബസ്റ്റ ഇനത്തില്‍പ്പെട്ട കാപ്പിയാണ് കൃഷിചെയ്യുന്നത്. മലബാര്‍ കാപ്പിയെന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. 

Coffee

വയനാട് കോഫീ ഗ്രോവേഴ്‌സ് അസോസിയേഷന്റെ കണക്കുപ്രകാരം ജില്ലയില്‍ 52,000 ഹെക്ടര്‍ കാപ്പിത്തോട്ടമുണ്ട്. പ്രതിവര്‍ഷം 45000 ടണ്ണാണ് ജില്ലയിലെ കാപ്പി ഉത്പാദനം. കര്‍ഷകരെ ആകെ പിന്തുണയ്ക്കുന്ന രീതിയില്‍ വിപണിയില്‍ അടിയന്തരമായി ഇടപെടല്‍ ഉണ്ടാവണമെന്നാണ് കര്‍ഷകരുടെയും ആവശ്യം. സീസണ്‍ അവസാനിക്കാനിരിക്കെ രണ്ടാഴ്ചയ്ക്കകം നടപടികള്‍ ഉണ്ടാവണം. ല്ലെങ്കില്‍ അവയുടെ മെച്ചം കര്‍ഷകന് ലഭിക്കില്ലെന്നും മേഖലയിലെ സംഘടനാപ്രതിനിധികളും അഭിപ്രായപ്പെടുന്നു.

ഇടപെടണം

കഴിഞ്ഞ പത്തുവര്‍ഷമായി കാപ്പിവിലയില്‍ വലിയ മാറ്റങ്ങളില്ല. ഇത്തവണ മുന്‍വര്‍ഷത്തേക്കാളും വിലകുറവാണ്. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് വാക്കാലുള്ള പ്രഖ്യാപനങ്ങളല്ലാതെ മറ്റൊരു നടപടിയും ഈ മേഖലയില്‍ ഉണ്ടായിട്ടില്ല. 90 രൂപ താങ്ങുവില നല്‍കി സംഭരിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം നടന്നെങ്കിലും നടപടികളായിട്ടില്ല. പ്രഖ്യാപനങ്ങളില്‍ കര്‍ഷകര്‍ വലിയ പ്രതീക്ഷയിലാണ്. അതിനൊത്ത പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ വലിയ നിരാശയാകും ഫലം.  പ്രശാന്ത് രാജേഷ്, പസിഡന്റ്, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍.

Content Highlights: Coffee farmers hit by sharp decline in price