പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
അഞ്ചുവര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയില്‍ കൊപ്രയും പച്ചത്തേങ്ങയും. 2017-ന് ശേഷം ഇത്രയും വിലത്തകര്‍ച്ച ആദ്യമാണ്. ഒരു പച്ചത്തേങ്ങയ്ക്ക് നിലവില്‍ കിട്ടുന്നത് ശരാശരി 8.60 രൂപയാണ്. നല്ല തേങ്ങയാണെങ്കില്‍ 10.40 രൂപ. 2017 ജനുവരിയില്‍ ശരാശരി 9.30 രൂപ കിട്ടിയിരുന്നു. പിന്നീട് ഇത് 20 രൂപവരെയായി. അഞ്ചുവര്‍ഷംകൊണ്ട് കൃഷിച്ചെലവ് 15 ശതമാനത്തോളം കൂടുകയും ചെയ്തു.
2017 ജനുവരിയില്‍ കൊപ്രയ്ക്ക് ക്വിന്റലിന് 8100 രൂപയായിരുന്നു. ആ വര്‍ഷം ശരാശരി 9835 രൂപ കിട്ടി. 2018-ല്‍ 12,661 രൂപയും 2019-ല്‍ 10,402 രൂപയും 2020-ല്‍ 11,422 രൂപയും 2021-ല്‍ 12,000 രൂപയും ശരാശരി വില കിട്ടി. ഒരു ഘട്ടത്തില്‍ 14,000 രൂപ വരെ കടന്നു. അതാണ് ഇപ്പോള്‍ 8600 രൂപയില്‍ എത്തിനില്‍ക്കുന്നത്. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ 8000-8200 രൂപയാണ് വില.
പിടിപ്പുകേടിന്റെ സംഭരണം
പച്ചത്തേങ്ങ, കൊപ്ര എന്നിവ താങ്ങുവിലയ്ക്ക് സര്‍ക്കാര്‍ സംഭരിച്ചാല്‍ പൊതുവിപണിയിലും വില കൂടുന്നതാണ് പതിവ്. ഇത്തവണ സംഭരണം ആരംഭിച്ചശേഷമാണ് വിലയിടിവ് ഉണ്ടായത്. സംഭരണത്തിലെ പിടിപ്പുകേടാണ് ഇതിന് വഴിയൊരുക്കിയത്. സംസ്ഥാന സര്‍ക്കാര്‍ കേരഫെഡ് വഴി പച്ചത്തേങ്ങ സംഭരണം തുടങ്ങിയെങ്കിലും വഴിപാടായി മാറി. കേരളത്തില്‍ ആകെ തുടങ്ങിയത് അഞ്ചു സംഭരണ കേന്ദ്രങ്ങളാണ്. മുമ്പ് വിലയിടിഞ്ഞപ്പോള്‍ നൂറുകണക്കിന് സഹകരണ ബാങ്കുകള്‍വഴി പച്ചത്തേങ്ങ സംഭരിച്ചാണ് പ്രതിസന്ധി മറികടന്നിരുന്നത്.
50,000 മെട്രിക് ടണ്‍ കൊപ്ര ആറുമാസംകൊണ്ട് സംഭരിക്കാന്‍ കേന്ദ്രം അനുമതിനല്‍കി മൂന്നുമാസം കഴിഞ്ഞിട്ടും സംഭരണത്തിന് മതിയായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. പ്രധാന സംഭരണ ഏജന്‍സിയായ കേരഫെഡ് സംഭരണത്തില്‍നിന്ന് പിന്മാറിയിട്ട് ദിവസങ്ങളായി.
വെളിച്ചെണ്ണയ്ക്കായി കൊപ്ര സംഭരിക്കുന്ന ഏജന്‍സികള്‍ താങ്ങുവിലയ്ക്ക് കൊപ്ര സംഭരിക്കാന്‍ പാടില്ലെന്ന നാഫെഡ് നിബന്ധനയെത്തുടര്‍ന്നാണ് കേരഫെഡ് പുറത്തായത്. പുതിയ ഏജന്‍സിയെ കണ്ടെത്താനോ നിലവിലുള്ള ഏജന്‍സിയായ മാര്‍ക്കറ്റ് ഫെഡിനു കീഴില്‍ കൂടുതല്‍ സംഘങ്ങളെ ഉള്‍പ്പെടുത്താനോ നടപടിയില്ല.
കേരളത്തില്‍ കൊപ്ര ഉത്പാദനം കുറവായതിനാല്‍ സംഭരണത്തിന്റെ ഗുണം കിട്ടില്ലെന്ന് നേരത്തേ ആശങ്ക ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ഷകര്‍ പച്ചത്തേങ്ങ കൊണ്ടുവന്നാലും വാങ്ങണമെന്നും ഈ തേങ്ങ കൊപ്രയാക്കി സംഭരിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ എവിടെയും ഈ സൗകര്യം ഏര്‍പ്പെടുത്തിയില്ല. നാഫെഡിന്റെ കണക്കില്‍ നിലവില്‍ കേരളത്തില്‍ കൊപ്ര സംഭരിക്കാന്‍ രംഗത്തുള്ളത് മൂന്നോ നാലോ സംഘങ്ങള്‍ മാത്രമാണ്.
Content Highlights: Coconut price drops to Rs 10.40


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..