കോഴിക്കോട്: സര്‍ക്കാര്‍ കൃഷിവകുപ്പ് മുഖേന നടത്തുന്ന പച്ചത്തേങ്ങസംഭരണത്തില്‍ കര്‍ഷകര്‍ ഒട്ടും തൃപ്തരല്ല. തേങ്ങ വില്‍ക്കാന്‍ പേര്‍ രജിസ്റ്റര്‍ചെയ്ത് രണ്ടും മൂന്നും മാസം കാത്തിരിക്കണം. സംഭരണകേന്ദ്രത്തില്‍ ഊഴംകാത്തുനിന്ന് തേങ്ങ തൂക്കിക്കൊടുത്താലോ പണം കിട്ടാന്‍ പിന്നെയും മൂന്നും നാലും മാസത്തെ കാത്തിരിപ്പ്. തേങ്ങവിറ്റ് യഥാസമയം പണംകിട്ടാത്തതിനാല് തെങ്ങിന് വളപ്രയോഗവും രോഗപ്രതിരോധപ്രവര്‍ത്തനങ്ങളുമൊന്നും സമയത്ത് ചെയ്യാനാവാത്ത അവസ്ഥ. ഇത് ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കുന്നു.

സംഭരണത്തിന് ഫെഡറേഷനുകള് സജ്ജം

നാളികേര സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ഷകക്കൂട്ടായ്മകള്‍തന്നെ പരിഹാരം ചൂണ്ടിക്കാട്ടിയെങ്കിലും സര്‍ക്കാറിന്റെ ചുവപ്പുനാടയില്‍ കുരുങ്ങി തീരുമാനമാകാതെ കിടക്കുകയാണ്. കര്‍ഷകര്‍ചേര്‍ന്ന് രൂപംനല്‍കിയ നാളികേര ഉത്പാദക ഫെഡറേഷനുകളുടെ നേതൃത്വത്തില്‍ പച്ചത്തേങ്ങ സംഭരിക്കാന്‍ അവസരമൊരുക്കണമെന്നാണ് ആവശ്യം. 

ഇതിനായി ത്രിതല സംവിധാനമാണുള്ളത്. താഴേത്തട്ടില്‍ കേരകര്‍ഷകര്‍ ചേര്‍ന്ന് വാര്‍ഡുതലത്തില്‍ നാളികേര ഉത്പാദകസംഘങ്ങള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഇവയ്ക്കുമുകളില്‍ ബ്ലോക്കുതലത്തിലുള്ള ഉത്പാദക ഫെഡറേഷനുകള്ക്ക് തേങ്ങ ഉണക്കാന്‍ സംവിധാനമുണ്ട്. ഫെഡറേഷനുകള് ചേര്‍ന്നുണ്ടാക്കിയ കമ്പനികള്‍ നാളികേരോത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നു. 

കേരളത്തിലെ എല്ലാ ജില്ലകളിലും ഇപ്പോള്‍ നാളികേര ഉത്പാദക കമ്പനികളുണ്ട്. ആകെ 30 കമ്പനികള്‍. നാളികേര ഉത്പാദകകന്പനികളുെട കൂട്ടായ്മയായ കണ്‍സോര്‍ഷ്യം, സംഭരണം കര്‍ഷകര്‍ക്കു നല്‍കണമെന്ന ആവശ്യം കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തുതന്നെ ഉയര്‍ത്തിയിരുന്നു. സര്ക്കാര്‍ ഇക്കാര്യം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയതല്ലാതെ അനുകൂലതീരുമാനമുണ്ടായില്ല. പുതിയ സര്‍ക്കാറിനെയും കര്‍ഷകക്കൂട്ടായ്മാ ഭാരവാഹികള്‍ സമീപിച്ചിട്ടുണ്ട്.

ഫെഡറേഷനുകള് സംഭരിക്കുന്ന തേങ്ങ അവരുടെ ഡ്രയറുകളില്‍ ഉണക്കി ഉത്പാദകകമ്പനികള്‍ക്കു കൈമാറും. കന്പനിയുടെ പ്ലാന്റില്‍ കൊപ്ര ആട്ടി വെളിച്ചെണ്ണയാക്കും. പലകന്പനികള്ക്ക് കാലിത്തീറ്റ, സോപ്പ് തുടങ്ങിയ ഉപോത്പന്നങ്ങളും നിര്‍മിക്കാന്‍ പരിപാടിയുണ്ട്. 

കര്‍ഷകരില്‍നിന്ന് നാളികേരം സംഭരിക്കുന്നതിന്റെ പണം ചുരുങ്ങിയത് രണ്ടുദിവസത്തിനകം നല്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ നാളികേര ഉത്പാദക സംഘങ്ങള്‍ക്ക് റിവോള്‍വിങ് ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന നാളികേരത്തിന്റെ പരിധിയും ഉയര്‍ത്തും.   

വില്‍ക്കാന്‍ കോക്കനട്ട് പോയന്റുകള്‍

നാളികേര ഉത്പാദക കമ്പനികള്‍ നിര്‍മിക്കുന്ന വെളിച്ചെണ്ണയും നീരയും മറ്റ് ഉത്പന്നങ്ങളും വിറ്റഴിക്കുന്നതിന് സംഘങ്ങളുടെ കീഴില്‍ കോക്കനട്ട് പോയന്റുകള് ആരംഭിച്ചിട്ടുണ്ട്. തേങ്ങയില്‍നിന്ന് ഉത്പന്നങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇതിന്റെ ലാഭം കര്‍ഷകര്ക്കുതന്നെ ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കും. ജൈവകാര്‍ഷിക വിളകളും മറ്റു കമ്പനികളുടെ കേരോത്പന്നങ്ങളും ഇവിടെ ലഭ്യമാകും. കോഴിക്കോട് ജില്ലയിലിപ്പോള്‍ എട്ടു കോക്കനട്ട് പോയന്റുകളാണുള്ളത്. ഓരോ സംഘത്തിലും ഒരു കോക്കനട്ട് പോയന്റെങ്കിലും ആരംഭിക്കാനാണ് പരിപാടി.