വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമെല്ലാം നറുമണം പടര്‍ത്താറുള്ള മുല്ലപ്പൂക്കള്‍ക്ക് ഇപ്പോള്‍ അത്ര നല്ലകാലമല്ല. വിട്ടുമാറാത്ത മഞ്ഞാണ് വില്ലന്‍. രാവിലെയുള്ള തുടര്‍ച്ചയായ മഞ്ഞുവീഴ്ചമൂലം ചെടികള്‍ തളിരിടാതായിട്ട് മാസങ്ങളായി. ഇതോടെ വിപണയില്‍ കിലോഗ്രാമിന് 2,500 രൂപയോളം വിലയുണ്ടെങ്കിലും കര്‍ഷകന് മുല്ലപ്പൂകിട്ടാന്‍ വഴിയില്ലാത്ത സ്ഥിതിയാണ്. കാലാവസ്ഥാവ്യതിയാനംകൊണ്ട് ചെടികളില്‍ കീടശല്യവും പിടിമുറുക്കുന്നതോടെ ചെടികളുടെ തഴകള്‍വെട്ടി പുതിയതഴകള്‍ വളരാന്‍ കാത്തിരിക്കയാണ് മുല്ലപ്പൂ കര്‍ഷകര്‍.

തമിഴ്‌നാട്ടില്‍നിന്നാണ് കേരളത്തിലെ വിപണിയിലേക്ക് അധികവും മുല്ലപ്പൂ എത്താറുള്ളതെങ്കിലും അതിര്‍ത്തിപ്രദേശമായ വടകരപ്പതിയിലെ കര്‍ഷകരും വര്‍ഷങ്ങളായി മുല്ലപ്പൂ കൃഷി ചെയ്യുന്നുണ്ട്. ചൂട് കൂടുതലുള്ള സ്ഥലങ്ങളില്‍ മുല്ലപ്പൂ തഴച്ച് വളരുമെന്നതിനാലാണ് മഴനിഴല്‍പ്രദേശം കൂടിയായ ഇവിടെ കര്‍ഷകര്‍ കൃഷിയിറക്കുന്നത്. മറ്റ് വിളകളെ അപേക്ഷിച്ച് കര്‍ഷകന് വലിയവരുമാനം നേടിക്കൊടുക്കുന്നതിനാലാണ് മുല്ലപ്പൂകൃഷി ചെയ്യുന്നത്.

ചെടിനട്ട് വളമിട്ട് പരിപാലിച്ചാല്‍ ആറുമാസത്തിനുള്ളില്‍ ചെടികള്‍ പൂവിട്ട് തുടങ്ങും. എല്ലാക്കാലത്തും മുല്ലപ്പൂവിന് ആവശ്യക്കാരുള്ളതിനാല്‍ കിലോഗ്രാമിന് കുറഞ്ഞത് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടാവും. കല്യാണം ഉള്‍പ്പെടെ വിശേഷ ചടങ്ങുകള്‍ നടക്കുന്ന ചിങ്ങമാസമൊക്കെയാണെങ്കില്‍ വില 2,500 മുതല്‍ 5,000വരെ ഉയരാറുണ്ട്.

മുട്ടോളംവളര്‍ന്ന ഒരു ചെടിയില്‍നിന്നുതന്നെ ദിവസവും ഒരുപ്രാവശ്യം 200-250 ഗ്രാം തൂക്കത്തില്‍ മുല്ലപ്പൂ ലഭിക്കാറുണ്ടെന്ന് ആറേക്കറോളം കൃഷിയുള്ള കിണര്‍പള്ളത്തെ കര്‍ഷകന്‍ കെ.എസ്. ശീതള്‍കുമാര്‍ പറയുന്നു. പക്ഷേ, മഞ്ഞുവീഴ്ച തുടങ്ങിയപ്പോള്‍മുതല്‍ ലഭ്യത 50ഗ്രാമിലും കുറവായി.

പ്രതിദിന വിളവെടുപ്പാണ് മുല്ലയുടേത്. നവംബര്‍ പകുതിമുതല്‍ ജനുവരി പകുതിവരെയും മഞ്ഞുവീഴ്ചയുണ്ടാകുമെന്നതിനാല്‍ കാര്യമായി പൂ കിട്ടാറില്ല. എന്നാല്‍, ഇപ്പോള്‍ ഫെബ്രുവരി പകുതി പിന്നിട്ടിട്ടും മഞ്ഞുവീഴ്ച നില്‍ക്കാത്തതുമൂലം ഉത്പാദനം കുറഞ്ഞെന്നും അതിനാലാണ് തഴകള്‍ വെട്ടിമാറ്റുന്നതെന്നും മുല്ലപ്പൂകര്‍ഷക കൂടിയായ പ്രസീതശീതളും പറയുന്നു.

നിലവില്‍ പൂവിടുന്നസമയത്ത് തന്നെ മുല്ലമൊട്ടുകള്‍ കരിഞ്ഞുപോവുകയാണ്. തണുപ്പില്‍ ചെമ്പേന്‍ശല്യമുള്ളതിനാല്‍ ഇലകള്‍ക്കും വാട്ടമുണ്ട്. ഒരുമാസത്തിനകം പുതിയതഴകള്‍ വളരും. മാര്‍ച്ചോടെ വേനലും ശക്തിപ്പെടും. ഇതോടെ പ്രതിസന്ധി മാറുമെന്നാണ് പ്രതീക്ഷയെന്നും കര്‍ഷകര്‍ പറയുന്നു.

Content Highlights: Climate issues hits jasmine farmers in Palakkad, many give up cultivation