ന്യൂഡല്‍ഹി: തുടര്‍ച്ചയായ കാറ്റും പുഴുക്കളുടെ ആക്രമണവും കാരണം കശുവണ്ടി വിളവ് വന്‍തോതില്‍ കുറയുന്നതു തടയാന്‍ കണ്ണൂരുകാരിയായ കര്‍ഷക ആനിയമ്മ ബേബി കണ്ടെത്തിയ നാടന്‍പരിഹാരത്തിന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ അംഗീകാരം.

വേരുപടര്‍ത്തല്‍ രീതിയിലൂടെ മാതൃചെടിയില്‍നിന്ന് കൂടുതല്‍ ആരോഗ്യമുള്ള പുതുചെടിയുണ്ടാക്കുന്ന ആനിയമ്മയുടെ രീതി കശുവണ്ടി വിളവ് മെച്ചപ്പെടുത്താനുള്ള നൂതനവിദ്യയായി അംഗീകരിച്ച് മന്ത്രാലയം തിങ്കളാഴ്ച പത്രക്കുറിപ്പിറക്കി. 2004-ല്‍ കശുവണ്ടിത്തോട്ടത്തില്‍ കണ്ട കാര്യം പരീക്ഷിച്ചാണ് ആനിയമ്മ ചെടിയുടെ പ്രതിരോധശേഷിയും വിളവും കൂട്ടിയത്. ഒരു കശുമാവിന്റെ കൊമ്പ് മണ്ണില്‍ മുട്ടി അതില്‍നിന്ന് വേരുകള്‍ പടര്‍ന്നിരുന്നു. ഈ ഭാഗം സാധാരണയിലും വേഗം വളരുന്നതായി അവര്‍ മനസ്സിലാക്കി. അടുത്തവര്‍ഷം പുഴുശല്യംകാരണം മാതൃചെടി നശിച്ചെങ്കിലും വേരുപടര്‍ന്നുണ്ടായ പുതിയ കൊമ്പിന്റെ ഭാഗം ആരോഗ്യത്തോടെ നിന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണിനു സമാന്തരമായി നില്‍ക്കുന്ന കൊമ്പുകളില്‍ ചാണകവും മണ്ണും ചാക്കുകൊണ്ടു പൊതിഞ്ഞുവെച്ച് വേരുകള്‍ പാള വഴി മണ്ണിലെത്തിച്ച് മാതൃചെടിയില്‍നിന്ന് പുതിയ ചെടികള്‍ ആനിയമ്മ വികസിപ്പിച്ചു. ഏഴുവര്‍ഷമായി ഈ രീതിയിലൂടെ തന്റെ കൃഷിയിടത്തിലെ വിളവ് ഇവര്‍ക്ക് കൂട്ടാനായി. ഈ രീതിയാണ് ഇപ്പോള്‍ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ അംഗീകരിച്ചിരിക്കുന്നത്. കേരള കാര്‍ഷിക സര്‍വകലാശാലയും കര്‍ണാടകത്തിലെ ഐ.സി.എ.ആറും ഈ രീതി പരിശോധിച്ച് അംഗീകാരം നല്‍കിയിരുന്നു.