പ്രതീകാത്മക ചിത്രം | മാതൃഭൂമി
ഇരിട്ടി : അകാലത്തിലെത്തിയ വേനല്‍മഴ കശുവണ്ടിയുടെ കഥകഴിച്ചു. വിളവുണ്ടായിട്ടും വിപണിയില്ലാത്തതിനാല്‍ കശുവണ്ടി ശേഖരിക്കാതെ തോട്ടങ്ങളില്‍ മുളച്ച് പൊന്തുകയാണ്. മേയ് അവസാനം വരെ ലഭിക്കേണ്ട വിളവാണ് തോട്ടങ്ങളില്‍ കിടന്ന് കിളിര്ത്തുപൊന്തുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് തോരാത്ത മഴ കര്ഷകന് സമ്മാനിച്ചത്. കശുവണ്ടി കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഇല്ലാഞ്ഞതിന്റെ ദുരന്തമാണിത്. വിപണിവിലയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ സംവിധാനം ഇല്ലാഞ്ഞതിനാല്‍ വേനല്‍മഴയില്‍ വില കുത്തനെ ഇടിഞ്ഞു. ഇക്കുറി വിലയുമില്ല, വിപണിയുമില്ല.
കഴിഞ്ഞ വര്‍ഷം എടവപ്പാതി എത്തി ഒരാഴ്ച പിന്നിട്ടിട്ടും വിപണിയെ ബാധിച്ചിരുന്നില്ല. ഉത്പാദനം തീരെ കുറഞ്ഞതോടെ തോട്ടങ്ങളില്‍ നിന്നുള്ള ശേഖരണം നിര്‍ത്തി. വിലയും പകുതിയിലധികമായി കുറഞ്ഞു. തുടക്കത്തില്‍ 118 രൂപവരെ കിലോയ്ക്ക് ലഭിച്ച സ്ഥാനത്ത് ഇപ്പോള്‍ 60 രൂപയാണ് കിട്ടിയത്. വിപണിയില്ലാഞ്ഞതോടെ അതിനും പറ്റാതായി.
നിറംമങ്ങി മുളപൊട്ടിയ കശുവണ്ടി എടുക്കാന്‍ സംരംഭകര്‍ മടിക്കുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ ഫാക്ടറികളിലേക്കാണ് മലബാറില്‍നിന്നുള്ള കശുവണ്ടി പ്രധാനമായും കയറ്റിയയക്കുന്നത്. അവിടങ്ങളിലും കാലാവസ്ഥാമാറ്റം സംഭരണത്തെ ബാധിച്ചു.
ഗുണമേന്മ കൂടിയ കശുമാവില്നിന്നുള്ള രണ്ടാംഘട്ട വിളവാണ് വ്യാപകമായി നശിക്കുന്നത്. അത്യുത്പാദനശേഷിയുള്ള ഗ്രാഫ്റ്റ് കശുമാവില്നിന്നുള്ള വിളകള്‍ സീസണിന്റെ തുടക്കത്തില്‍ തന്നെ ലഭിച്ചിരുന്നു. വൈകി പൂക്കുകയും ഏപ്രില്‍, മേയ് മാസങ്ങളില്‍ മികച്ച ഉത്പാദനം നല്‍കുകയും ചെയ്യുന്ന കശുമാവുകളാണ് മേഖലയില്‍ ഭൂരിഭാഗവും. ഇക്കൂറി രണ്ടാംവിളയ്ക്ക് പറ്റിയ കാലാവസ്ഥയായതിനാല്‍ മികച്ച ഉത്പാദനവുമായിരുന്നു. മഴ നേരത്തേ എത്തിയതോടെ വിളവിന്റെ 60 ശതമാനം ശേഖരിക്കാന്‍ മാത്രമേ കര്ഷകന് കഴിഞ്ഞിട്ടുള്ളൂ. ഇരിട്ടിനഗരസഭയിലെ പെരിയത്തിലെ പഴയപറമ്പത്ത് നാണു 25 ഏക്കറോളം കശുമാവിന്‍തോട്ടം പാട്ടത്തിനെടുത്തിരുന്നു. വിപണിയില്ലാതായതോടെ കശുവണ്ടി ശേഖരണം പൂര്‍ണമായും നിര്‍ത്തി. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന്് നാണു പറഞ്ഞു.
വിപണിയില്ലാതായത് ഒരു ക്വിന്റലോളം ഉത്പാദനം ലഭിക്കുന്ന സമയത്ത്
:നാല് ഏക്കറോളം കശുമാവിന്‍തോട്ടം സ്വന്തമായും സഹോദരങ്ങളുടേയും മറ്റും പാട്ടത്തിനെടുത്തും വിള ശേഖരിക്കുന്നതിനിടയിലാണ് മഴ വില്ലനായത്. ഒന്നോ രണ്ടോ ദിവസം കൊണ്ട് മഴ മാറുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഒന്നര ക്വിന്റലോളം അണ്ടി ശേഖരിച്ചിരുന്നു. അത് വില്‍ക്കാനായി വിപണിയില്‍ എത്തിയപ്പോഴാണ് കശുവണ്ടി എടുക്കുന്നില്ലെന്ന വിവരം അറിയുന്നത്. മഴകാരണം വില കിലോയ്ക്ക് 60 രൂപയായി കുറച്ചു. കൂടാതെ ഒരു കിലോയ്ക്ക് 30 മുതല്‍ 40 ശതമാനം വരെ കിഴിവും. ഇനി പെറുക്കിയെടുത്തിട്ട് കാര്യമില്ലെന്ന് കണ്ട് കശുവണ്ടി തോട്ടത്തില്‍ തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.- പൊയിലന്‍ മൂസ, കശുവണ്ടി കര്ഷകന്, വെളിയമ്പ്ര
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..