അമ്പലവയല്‍: ലോക്ഡൗണ്‍ കാരണം കയറ്റുമതി നിലച്ചതോടെ വയനാട്ടിലെ ബട്ടര്‍ഫ്രൂട്ട് (വെണ്ണപ്പഴം) വിപണി പ്രതിസന്ധിയില്‍. ഏപ്രില്‍ അവസാനംവരെ കിലോക്ക് 200 രൂപ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ കിട്ടുന്നത് വെറും 40 രൂപ. വിളവെടുപ്പുകാലത്ത് വില കൂപ്പുകുത്തിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ നേരിടുന്നത്.

വിറ്റാമിന്റെ കലവറയായ വെണ്ണപ്പഴം മലയാളികള്‍ക്ക് അത്ര പ്രിയമില്ലെങ്കിലും മറുനാട്ടില്‍ ആവശ്യക്കാരേറെയുണ്ട്. മിതോഷ്ണ കാലാവസ്ഥയില്‍ നന്നായി വിളയുന്ന വെണ്ണപ്പഴം വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷിയുണ്ട്. ഈ സാധ്യത മുതലെടുത്ത് കഴിഞ്ഞ കുറച്ചുവര്‍ഷമായി ടണ്‍കണക്കിന് വെണ്ണപ്പഴമാണ് വയനാട്ടില്‍നിന്ന് കയറ്റുമതി ചെയ്തിരുന്നത്. 

ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളാണ് പ്രധാന വിപണി. ഭക്ഷ്യവസ്തു എന്നതിന് പുറമെ, സൗന്ദര്യവര്‍ധക വസ്തുക്കളുടെ നിര്‍മാണത്തിനും ബട്ടര്‍ഫ്രൂട്ട് വ്യാപകമായി കയറ്റുമതി ചെയ്തിരുന്നു. പ്രാദേശികമായ ഉപയോഗവും കുറഞ്ഞതോടെ പ്രതിസന്ധി ഇരട്ടിയായി. അന്തസ്സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണം വന്നതോടെ കയറ്റുമതി നിലച്ചു. വിളവെടുപ്പിന് പാകമായ വെണ്ണപ്പഴം തൊടിയില്‍ വീണ് നശിക്കുകയാണിപ്പോള്‍. വലിപ്പമുള്ള ഉരുണ്ട കായ്കള്‍ മാത്രമാണിപ്പോള്‍ വില്‍പ്പന നടക്കുന്നത്. നല്ലയിനം കായ കിലോയ്ക്ക് 40 രൂപവരെ കിട്ടും.

നിറം കുറഞ്ഞതും വലിപ്പമില്ലാത്തതുമായ കായ്കള്‍ക്ക് 12-15 രൂപയാണ് വില. ഏപ്രില്‍ അവസാനംവരെ ഒന്നാംതരത്തിന് 200 രൂപയും രണ്ടാംതരത്തിന് 150 രൂപയും കിട്ടിയ സ്ഥാനത്താണിത്. കോവിഡ് നിയന്ത്രണങ്ങളില്‍പ്പെട്ട് കഴിഞ്ഞവര്‍ഷവും ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. കൃഷിയിടങ്ങള്‍ പാട്ടത്തിനെടുത്ത ചെറുകിടകച്ചവടക്കാരും പെട്ടിരിക്കുകയാണ്. കിലോക്ക് ശരാശരി 100 രൂപവരെ പ്രതീക്ഷിച്ച് പണംമുടക്കിയെടുത്ത തോട്ടത്തില്‍നിന്ന് നഷ്ടക്കണക്ക് മാത്രമാണ് ബാക്കി.

മരത്തില്‍നിന്ന് പറിച്ച് ഷെഡിലെത്തിച്ച് തരംതിരിച്ചാല്‍ കൂലിപോലും കിട്ടാത്ത അവസ്ഥയാണ്. ഒന്നാംതരവും രണ്ടാംതരവും തിരഞ്ഞുമാറ്റി ബാക്കിയുള്ളവയില്‍ മൂത്തത് വിത്തിനായി മാറ്റുകയാണിപ്പോള്‍. കൂടനിറയ്ക്കാന്‍ മണ്ണ്, കൂട്, തൊഴിലാളികള്‍ എന്നിവയ്‌ക്കെല്ലാം ചെലവുവേറെമുണ്ട്. വിത്തിനുള്ള കായയ്ക്ക് ഒന്നിന് വെറും മൂന്നരരൂപയാണ് കിട്ടുന്നത്. ലക്ഷണങ്ങളുടെ നഷ്ടമാണ് ചെറുകിട കച്ചവടക്കാര്‍ക്കുണ്ടായിരിക്കുന്നത്.

ലക്ഷങ്ങളുടെ നഷ്ടം

കാലാവസ്ഥ ചതിച്ചതോടെ വെണ്ണപ്പഴത്തിന് പുള്ളിക്കുത്തുകള്‍ വീണു. ഇവയൊന്നും കയറ്റിയയക്കാന്‍ പറ്റില്ല. ബേക്കറികള്‍ അടഞ്ഞുകിടന്നതിനാല്‍ പ്രാദേശിക വിപണിയില്‍ കച്ചവടം തീരെയില്ലായിരുന്നു. മഴ പെയ്യാന്‍ തുടങ്ങിയതോടെ ആവശ്യക്കാര്‍ കുറഞ്ഞു. വിളവെടുത്തതെല്ലാം കുന്നുപോലെ കൂട്ടിയിട്ടിരിക്കുകയാണ്. നൂറുരൂപയെങ്കിലും വില പ്രതീക്ഷിച്ചിരുന്ന പഴമാണ് കണ്‍മുമ്പില്‍ ചീഞ്ഞുനശിക്കുന്നത്. - സതീഷ് അമ്പലവയല്‍, പാട്ടത്തിനെടുത്ത കച്ചവടക്കാരന്‍

വിളവെടുപ്പാകുമ്പോള്‍ വിലയില്ല

എന്ത് കൃഷിചെയ്താലും വിളവെടുപ്പാകുമ്പോള്‍ വിലയില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ രണ്ടുവര്‍ഷവും വെണ്ണപ്പഴക്കൃഷിയില്‍ നഷ്ടം മാത്രമാണുണ്ടായത്. നല്ലയിനം കായ കൊണ്ടുചെന്നാല്‍പോലും വാങ്ങാനാളില്ലാത്ത സ്ഥിതി. സര്‍ക്കാര്‍ ഇടപെട്ട് കയറ്റുമതി ഉള്‍പ്പെടെയുള്ള വിപണിയില്‍ പരിഹാരം കാണണം.- താന്നിക്കല്‍ മത്തായി, കര്‍ഷകന്‍.

Content Highlights: Butter Fruit /Avocado farmers in Major Financial Crisis Due to Lockdown