കോട്ടയം: കോട്ടയം ജില്ലയില്‍ മൂന്ന് ഇടങ്ങളില്‍ പക്ഷിപ്പനി സ്ഥരീകരിച്ചു. കോട്ടയം ജില്ലയിലെ അയ്മനം, വെച്ചൂര്‍, കല്ലറ എന്നീ മൂന്ന് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ ഭോപാലിലുള്ള ലാബില്‍ നിന്നാണ് പരിശോധനാഫലം വന്നത്. 

വിവിധയിടങ്ങളില്‍ രണ്ടാഴ്ചയായി പക്ഷിപ്പനി ലക്ഷണങ്ങളോടെ താറാവുകളും മറ്റു വളര്‍ത്തു പക്ഷികളും ചത്തിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ഷകര്‍ മൃഗസംരക്ഷണ വകുപ്പിനേയും ജില്ലാ ഭരണകൂടത്തേയും അറിയിച്ചിരുന്നു. തുടര്‍ന്ന് സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇന്നാണ് ഭോപ്പാലിലെ ലാബില്‍ നിന്ന് ഫലം ലഭിച്ചത്. 

തുടര്‍നടപടി എടുക്കുന്നതിന് വേണ്ടി പഞ്ചായത്ത് പ്രസിഡന്റുമാരുടേയും ഉദ്യോഗസ്ഥരുടേയും അടിയന്തിര യോഗം വിളിച്ചു. ഇവയെ നശിപ്പിക്കുകയായിരിക്കും ആദ്യ നടപടി. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളുടെ വില്‍പ്പനയും നിരോധിച്ചേക്കും.

നേരത്തെ ആലപ്പുഴ ജില്ലയിലെ ചില ഭാഗങ്ങളിലും താറാവുകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തകഴി പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് താറാവുകളെയും പക്ഷികളെയും കൊന്നു നശിപ്പിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ച് കളക്ടര്‍ ഉത്തരവിട്ടിരുന്നു.

Content Highlights: Bird flu outbreak reported among ducks in Kottayam