മൂവാറ്റുപുഴ: നാടിന് മാതൃകയാണ് കിഴക്കേക്കര സര്‍ക്കാര്‍ ഈസ്റ്റ് ഹൈസ്‌കൂളിലെ കുട്ടികളുടെ ജൈവ വൈവിധ്യോദ്യാനം. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ഇടുക്കി നേച്ചര്‍ ക്ലബ്ബ്, എസ്.എസ്.എ., ഡെന്റ് കെയര്‍ ഡെന്റല്‍ ലാബ്, സ്‌കൂള്‍ സംരക്ഷണ സമിതി, പി.ടി.എ. എന്നിവയുടെ സഹകരണത്തോടെയാണ് ഉദ്യാനം ഒരുക്കിയിരിക്കുന്നത്. ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍, വിവിധയിനം പൂച്ചെടികള്‍, ശലഭോദ്യാനം, കരനെല്‍കൃഷി, ജൈവ കൃഷിത്തോട്ടം, ധാന്യച്ചെടികള്‍, വിവിധതരം തെങ്ങുകള്‍ എന്നിങ്ങനെ സമ്പന്നമാണ് കിഴക്കേക്കര സ്‌കൂള്‍ വളപ്പിലെ ഈ കൃഷിയിടം.

ചെറുനാരങ്ങ, റമ്പൂട്ടാന്‍, അവക്കാഡോ, ഞാവല്‍, ഓറഞ്ച്, നെല്ലിക്ക, ബദാം, മാതളം, പപ്പായ തുടങ്ങി 18 ഫലവൃക്ഷങ്ങളും, രാമച്ചം, ശംഖ്പുഷ്പം, അമൃത്, ഗരുഡക്കൊടി, കൊടുവേലി, പാല്‍മുതുക്ക്, പൂവാംകുരുന്നില തുടങ്ങി 20 ലേറെ ഔഷധ സസ്യങ്ങളും ഉദ്യാനത്തിലുണ്ട്. പൂന്തോട്ടത്തിലെ കാഴ്ചകള്‍ മുല്ല, സീനിയ, ആമ്പല്‍, റോസ, മന്ദാരം, ബോഗേണ്‍വില്ല, കണിക്കൊന്ന, ഇലമുളച്ചി എന്നിങ്ങനെ പോകുന്നു.

മുരിങ്ങ, ക്യാബേജ്, ഉള്ളി, ബീന്‍സ്, അങ്ങനെ 22-ഓളം പച്ചക്കറി തൈകള്‍ ജൈവപച്ചക്കറി തോട്ടത്തിലുണ്ട്. ചോളം, എള്ള്, പുതിന, മല്ലി, കരിമ്പ്, കീഴാര്‍നെല്ലി, വാതംകൊല്ലി, ആല്‍മരം, മഹാഗണി, ആര്യവേപ്പ്, തേക്ക് ഇങ്ങനെ ജൈവ വൈവിധ്യോദ്യാനത്തിലെത്തിയാല്‍ കാണാനും അറിയാനും ഏറെയുണ്ട്. ആസല്‍, മീനുകള്‍, ആമ എന്നിവയുള്ള കുളം ഉദ്യാനത്തിലെ മുഖ്യ ആകര്‍ഷണമാണ്.

മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഏറ്റവും വലിയ ജൈവ വൈവിധ്യോദ്യാനത്തിലൊന്നാണ് ഈസ്റ്റ് ഹൈസ്‌കൂളിലേത്.

പഠിക്കാനും അറിയാനുമാണ് ഈ ഉദ്യാനം

"കുട്ടികളില്‍ കൃഷിയെക്കുറിച്ച് അവബോധം ഉണ്ടാകുന്നതിനാണ് സ്‌കൂള്‍ വളപ്പില്‍ ഉദ്യാനം ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് കേട്ടറിവ് മാത്രമുള്ള ഔഷധ സസ്യങ്ങളെ നേരില്‍ പരിപാലിച്ച് പഠിക്കുന്നതിന് ഇത് സഹായകരമാകും." - പ്രധാനാധ്യാപകന്‍ കെ. തിലകന്‍.

Content highlights: Bio diversity garden, Agriculture