നിറയെ ചുവന്നുതുടുത്ത ചാമ്പങ്ങകളുമായി നില്‍ക്കുന്ന ചാമ്പമരം മലയോരത്തെ മിക്ക വീടുകളിലുമുണ്ട്. കുറച്ചൊക്കെ പറിച്ചുതിന്നുമെങ്കിലും ബാക്കി മുഴുവന്‍ പാഴാവുകയാണ്. വാവ്വാലും പക്ഷികളും മതിയാവോളം തിന്നാലും തീരില്ല. അത്രമാത്രം സമൃദ്ധമായ വിളവാണ് ഇത്തവണ. 

എല്ലാ വീടുകളിലുമുള്ളതിനാല്‍ ഇവയ്ക്ക് മലയോരത്ത് വലിയ പ്രിയമില്ല. നട്ടുവളര്‍ത്തിയ കര്‍ഷകര്‍ക്ക് സാമ്പത്തികമായി ഒരു നേട്ടവുമില്ല. ടൗണുകളില്‍ ഇവയ്ക്ക് ഡിമാന്‍ഡുണ്ടെങ്കിലും അവിടെയെത്തിച്ച് വിപണി കണ്ടെത്തുകയെന്നത് കര്‍ഷകര്‍ക്ക് അപ്രായോഗികമാണ്.

പാഴാകുന്ന ഇവയുപയോഗിച്ച് വൈന്‍, സ്‌ക്വാഷ്, സിറപ്പ് പോലുള്ള മൂല്യവര്‍ധിതഉത്പന്നങ്ങള്‍ ഉണ്ടാക്കിയാല്‍ കര്‍ഷകര്‍ക്ക് വരുമാനം ലഭിക്കുമെങ്കിലും അത്തരത്തില്‍ സംഘടിതമായ ശ്രമമൊന്നും നടക്കുന്നില്ല. വീട്ടാവശ്യത്തിന് കുറച്ചുണ്ടാക്കുമെങ്കിലും വില്‍ക്കാനായി ആരും ഉണ്ടാക്കുന്നില്ല. 

വാട്ടര്‍ ആപ്പിള്‍ എന്നും മണികള്‍ കെട്ടിത്തൂക്കിയതുപോലെയുള്ളതിനാല്‍ ബെല്‍ഫ്രൂട്ട് എന്നും ഇവ അറിയപ്പെടുന്നു. പോഷകസമൃദ്ധമായ ഇവ ധാരാളം വെള്ളമുള്ളതും രുചികരവുമാണ്. 

ചാമ്പങ്ങപോലെ തന്നെ പാഷന്‍ ഫ്രൂട്ട്, ചക്കപ്പഴം പോലുള്ള പഴങ്ങളും മലയോരത്ത് ധാരാളമായുണ്ട്. എന്നാല്‍, ഇവ ശേഖരിച്ച് വിപണനം ചെയ്യാനോ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി കര്‍ഷകര്‍ക്ക് അധികവരുമാനം ലഭ്യമാക്കാനോ പദ്ധതികളില്ല.

Content Highlights: Bell fruit (Champakka) wasted on large scale; no scheme to make value added products