ബീറ്റ്‌റൂട്ടും നമ്മുടെ മുറ്റത്ത് വിളയിക്കാം. കാലാവസ്ഥയ്ക്ക് യോജിച്ച വിത്തിനങ്ങള്‍ തിരഞ്ഞെടുത്ത് കൃത്യസമയത്ത് കൃഷിയിറക്കിയാല്‍ ബീറ്റ്‌റൂട്ടിലും മികച്ച വിളവ് നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ മണ്ണുത്തിയിലുള്ള ഹൈടെക് -കൃത്യതാ കൃഷികേന്ദ്രം.

സ്വകാര്യ ഏജന്‍സികളില്‍നിന്ന് ശേഖരിച്ച 11 ഇനം ബീറ്റ്‌റൂട്ട് വിത്തുകളാണ് ഇവിടെ വിതച്ചത്. വിത്ത് തിരഞ്ഞെടുക്കുന്നതിനൊപ്പം കൃഷി ആരംഭിക്കേണ്ട സമയവും പ്രധാനപ്പെട്ടതാണെന്ന് കേന്ദ്രത്തിലെ നോഡല്‍ ഓഫീസറായ ഡോ. സി. നാരായണന്‍കുട്ടി പറയുന്നു. വിതച്ച് 70-75 ദിവസത്തിനകം വിളവെടുക്കാവുന്ന ശീതകാല പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. 

രാത്രിതാപനിലയാണ് ഈ വിളയ്ക്ക് പ്രധാനം. അതുകൊണ്ടു തന്നെ ഡിസംബര്‍ തുടക്കത്തില്‍, അതായത് തുലാമഴ അവസാനിച്ച് തണുപ്പ് തുടങ്ങുമ്പോഴാണ് കൃഷി ആരംഭിക്കേണ്ടത്. ഫെബ്രുവരി പകുതിക്കുള്ളില്‍ വിളവെടുപ്പ് പൂര്‍ത്തിയാക്കുകയും വേണം. ഡിസംബറില്‍ ഗവേഷണകേന്ദ്രത്തില്‍ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞദിവസം ആരംഭിച്ചപ്പോള്‍ ഒരു ചെടിയില്‍നിന്ന് ഒരു കിലോ തൂക്കം വരുന്ന ബീറ്റ്‌റൂട്ട് വരെ ലഭിച്ചു. 

ഇതിനൊപ്പം കാരറ്റും പാലക് ചീരയും ഉത്പാദിപ്പിക്കാനുള്ള പരീക്ഷണവും വിജയം കണ്ടു. 12 ഇനം കാരറ്റും ഏഴിനം പാലക് വിത്തുകളുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിതച്ചത്. ഇതില്‍ ഭൂരിപക്ഷവും ഉത്പാദനത്തില്‍ ലക്ഷ്യംകണ്ടു. ഈ മൂന്നിനങ്ങളുടെയും വിത്താണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ഇവയുടെ വിത്തുത്പാദനം കേരളത്തിലെ കാലാവസ്ഥയില്‍ സാധിക്കില്ല.

പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിചെയ്ത് കാലാവസ്ഥയ്ക്ക് യോജിച്ച വിത്തിനങ്ങള്‍ കണ്ടെത്തി കര്‍ഷകര്‍ക്ക് അറിവ് പകരുകയാണ് ഗവേഷണകേന്ദ്രത്തിന്റെ ലക്ഷ്യം. കാബേജ്, കോളിഫ്‌ലവര്‍, തക്കാളി തുടങ്ങിയ വിളകളുടെയും മറ്റ് പച്ചക്കറികളുടെയും തൈ-വിത്ത് ഉത്പാദനം കേന്ദ്രത്തില്‍ നടക്കുന്നുണ്ട്.

Content Highlights: Beetroot can be grown in Kerala by sowing seeds suitable for climate