പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കർഷകർക്ക് പ്രതീക്ഷ നൽകി നേന്ത്രക്കായ വില ഉയർന്നു. ഇതോടെ നേന്ത്രക്കായ വിപണിയും ഉണർന്നു. ഒരു കിലോ നേന്ത്രക്കായയുടെ നിലവിലെ വില 46 രൂപയാണ്. നേന്ത്രക്കായയ്ക്ക് ലഭിക്കാവുന്ന ഉയർന്നവിലയാണ് ഇപ്പോഴുള്ളത്. ഒരാഴ്ച മുമ്പ് 48 രൂപവരെ വിലയുയർന്നിരുന്നു. കഴിഞ്ഞവർഷം ഇതേസമയം വയനാട് ജില്ലയിൽ ശരാശരി 20 രൂപ മാത്രമാണ് വില യുണ്ടായിരുന്നത്. ഈ വർഷത്തെ നേന്ത്രക്കായ വിളവെടുപ്പ് തുടങ്ങിയതേയുള്ളൂ. കരയിൽ വാഴക്കൃഷി ചെയ്ത കർഷകരാണ് കൂടുതൽ നേന്ത്രക്കായ ഇപ്പോൾ വിപണിയിലെത്തിക്കുന്നത്. വയലിൽ വാഴക്കൃഷി ചെയ്തവരും വിളവെടുപ്പ് തുടങ്ങിയിട്ടുണ്ട്.
Also Read
ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള വരവുകുറഞ്ഞു
തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നേന്ത്രക്കായ കാര്യമായി വിപണിയിലെത്താത്തത് കൊണ്ടാണ് വയനാട്ടിലെ കർഷകർക്ക് ഇപ്പോൾ മികച്ച വില കിട്ടുന്നത്. ഇവിടങ്ങളിൽ നേന്ത്രക്കായ പാകമാകാത്തതിനാലാണ് വിപണിയിലെത്താൻ താമസം നേരിടുന്നത്. തമിഴ്നാട്ടിൽ ഏറ്റവുംകൂടുതൽ നേന്ത്രവാഴക്കൃഷിയുള്ള തൃശ്ശിനാപ്പള്ളി, വള്ളിയൂർ, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ നിന്ന് നേന്ത്രക്കായ വിപണിയിലെത്തുന്നതോടെ വിലയിടിയും. കാലാവസ്ഥ പ്രതികൂലമായതിനാൽ കമ്പം, തേനി ഭാഗങ്ങളിൽ ഇത്തവണ നേന്ത്രവാഴക്കൃഷി കുറഞ്ഞിട്ടുണ്ട്. കർണാടകയിലെ ചാമരാജ് നഗർ, ഹുൻസൂർ, ഗുണ്ടൽപ്പേട്ട എന്നിവിടങ്ങളിലും നേന്ത്രക്കായ പാകമായി തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളിൽ ഒരുമാസംകൊണ്ട് വിളവെടുപ്പ് തുടങ്ങും.
ഇതരസംസ്ഥാനങ്ങളിലേക്കാണ് വയനാട്ടിൽ നിന്ന് നേന്ത്രക്കായ കൂടുതലും കയറ്റി പ്പോകുന്നത്. മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിനാണിത്. കഴിഞ്ഞമാസം പെയ്ത കനത്തമഴയിൽ ജില്ലയിൽ പലയിടങ്ങളിലും വാഴക്കൃഷി നശിച്ചിരുന്നു. കൃഷിനശിച്ച കർഷകർക്ക് നേന്ത്രക്കായയ്ക്ക് വിലകൂടിയ സാഹചര്യത്തിൽ വലിയ നഷ്ടമാണ് ഉണ്ടായത്. നേന്ത്രക്കായയ്ക്ക് വില ഉയർന്നതോടെ കച്ചവടക്കാർ നേരിട്ട് കർഷകരുടെ വാഴത്തോട്ടങ്ങളിലെത്തി നേന്ത്രക്കായ വാങ്ങുന്നുണ്ട്.
കർഷകർ പ്രതീക്ഷയിൽ
ഒരു വാഴയ്ക്ക് കുലവെട്ടുന്നതുവരെ 175 രൂപയിലധികം ചെലവ് വരുന്നുണ്ടെന്ന് നേന്ത്രവാഴ കർഷകനായ കൂടത്തുമൽ രാമകൃഷ്ണൻ പറഞ്ഞു. അതുകൊണ്ടുതന്നെ നേന്ത്രക്കായയ്ക്ക് കുറഞ്ഞത് 35-40 രൂപയെങ്കിലും ലഭിച്ചില്ലെങ്കിൽ നഷ്ടംവരും. വർധിച്ച പണിക്കൂലിയും രാസവളങ്ങളുടെ വിലവർധനയും വന്യമൃഗശല്യവും വാഴക്കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
വയലിൽ നേന്ത്രവാഴക്കൃഷി ചെയ്യുന്നതിനെക്കാൾ കരയിൽ നേന്ത്രവാഴക്കൃഷി ചെയ്യാനാണ് കർഷകർക്ക് കൂടുതൽ താത്പര്യം. വയലിൽ വാഴ നടുമ്പോഴുള്ള ചെലവിന്റെ പകുതിയിൽതാഴെ മതി കരനേന്ത്രവാഴയ്ക്ക് എന്നതാണ് ഇതിനുകാരണം. മഴക്കാലത്തിന് മുമ്പ് വിളവെടുക്കാമെന്നതും കർഷകരെ കരനേന്ത്രവാഴക്കൃഷിയിലേക്ക് ആകർഷിക്കുന്നു. നേന്ത്രക്കായയ്ക്ക് വില വർധിച്ചതോടെ വലിയ പ്രതീക്ഷയിലാണ് വയനാട്ടിലെ കർഷകർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..