നേന്ത്രക്കായവില രണ്ടുദിവസംകൊണ്ട് ക്വിന്റലിന് 1,000 രുപവരെ താഴ്ന്നു. ക്വിന്റലിന് 5,700 രൂപയുണ്ടായിരുന്നത് 4,700 രൂപയായാണ് രണ്ടുദിവസംകൊണ്ട് കൂപ്പുകുത്തിയത്. വിപണിയില്‍ നേന്ത്രക്കായ വരവുകുറഞ്ഞ സമയത്തും വിലയിടിഞ്ഞത് കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി. 

നേന്ത്രക്കായ വിപണിയിലെ ഇടനിലക്കാരുടെ ഇടപെടലുകളാണ് വിലത്തകര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നാണ് കര്‍ഷകര്‍ പറയുന്നത്. മടിക്കൈയിലെ നേന്ത്രവാഴ കര്‍ഷകര്‍ പ്രധാനമായും വി.എഫ്.പി.സി.കെ. സംഘം മുഖേനയാണ് അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. 

എന്നാല്‍, വി.എഫ്.പി.സി.കെ. നേന്ത്രക്കായ വിറ്റഴിക്കാന്‍ പ്രധാനമായും ആശ്രയിക്കുന്നത് ജില്ലയിലെ മൊത്തക്കച്ചവടക്കാരെയാണ്. സംഘം നേരിട്ട് ചെറുകിട വ്യാപാരികളുമായി കച്ചവടം നടത്തിയാല്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍പറ്റുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. 

ഇത് ഉപഭോക്താവിനും ഗുണംചെയ്യും. കൂടാതെ മറ്റുജില്ലകളിലേക്കും കര്‍ണാടകത്തിലേക്കും വിപണി കണ്ടെത്തി നേന്ത്രക്കായ കയറ്റിയയക്കാനുള്ള സംവിധാനമുണ്ടായാല്‍ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍പറ്റും. .

പഞ്ചായത്ത് പ്രത്യേക പദ്ധതി കൊണ്ടുവരും

മടിക്കൈ പഞ്ചായത്തിലെ നേന്ത്രവാഴക്കൃഷിയെയും കര്‍ഷകരെയും സഹായിക്കാന്‍ പ്രത്യേക പദ്ധതി കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍ പറഞ്ഞു. 

മടിക്കൈയില്‍നിന്ന് ഒരോവര്‍ഷവും മൂന്നുകോടിയോളം രൂപയുടെ നേന്ത്രക്കായയാണ് വിപണിയിലെത്തുന്നത്. വിപണിയില്‍ ഏറ്റവും പ്രിയമേറിയതാണ് മടിക്കൈയിലെ നേന്ത്രക്കായ. ഇടനിലക്കാരുടെ ചൂഷണം ഒഴിവായിക്കിട്ടിയാല്‍ അത് കര്‍ഷകര്‍ക്കുമാത്രമല്ല ഉപഭോക്താവിനും ഗുണംചെയ്യും. 

കൃഷി വുകപ്പുമായി ബന്ധപ്പെട്ട് മറ്റുജില്ലകളിലും മംഗളൂരുവിലും മറ്റും നേരിട്ട് വിപണി കണ്ടെത്തുക, കുടുംബശ്രീ മുഖേന നേന്ത്രക്കായയില്‍നിന്ന് ഉപോത്പന്നങ്ങളുണ്ടാക്കി മടിക്കൈ ബ്രാന്‍ഡായി വില്‍പ്പനനടത്തുക തുടങ്ങിയ കാര്യങ്ങളില്‍ പഞ്ചായത്ത് പദ്ധതികള്‍ ആസൂത്രണംചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞു.

Content Highlights: Banana Price Decline